അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു; ഒഴിവായത് വൻ അപകടം– വിഡിയോ
Mail This Article
പട്ന∙ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഹെലികോപ്റ്റർ അപകടത്തിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടു. തിങ്കളാഴ്ച, ബിഹാറിലെ ബേഗുസരായിയിൽ തിരഞ്ഞെടുപ്പു റാലിക്കു ശേഷം മടങ്ങുന്നതിനിടെയായിരുന്നു സംഭവം. പൈലറ്റിന്റെ സമയോചിത ഇടപെടൽ മൂലം വൻ അപകടം ഒഴിവായി.
സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ടേക്ക് ഓഫിനിടെ നിയന്ത്രണം വിട്ട ഹെലികോപ്റ്റർ ഒരു വശത്തേക്ക് ചരിഞ്ഞു പറക്കാൻ തുടങ്ങി. തറയിൽ വന്നിടിക്കുമെന്നു തോന്നിച്ചെങ്കിലും കുറച്ചു സമയത്തിനുള്ളിൽ പൈലറ്റ് അത്ഭുതകരമായി നിയന്ത്രണം വീണ്ടെടുത്തു പറന്നുയർന്നു. കഴിഞ്ഞയാഴ്ച ബംഗാളിലെ ഡാർജിലിങിൽ മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്റർ ഇറക്കാനാകാതെ അമിത് ഷാ തിരിച്ചു പോയിരുന്നു.
ബിഹാറിൽ 17 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. എൻഡിഎയിലേക്കു തിരിച്ചെത്തിയ നിതീഷ് കുമാറിന്റെ ജെഡിയു 16 സീറ്റുകളിലും മത്സരിക്കുന്നു. മറ്റു സഖ്യകക്ഷികളായ ചിരാഗ് പാസ്വാന്റെ എൽജെപിയും ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയും യഥാക്രമം 5, 1 സീറ്റുകളിൽ മത്സരിക്കും. ഇതുരെ ഒൻപതു സീറ്റുകളിലാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്നത്.