രാജ്യഭരണം നിയന്ത്രിക്കുന്നത് 90 ബ്യൂറോക്രാറ്റുകൾ, ഇതു മാറ്റാനാണു ശ്രമം: രാഹുൽ
Mail This Article
ഭോപ്പാൽ∙ ജാതി അടിസ്ഥാനത്തിലുള്ള സംവരണത്തിനു സുപ്രീം കോടതി വിധിച്ച 50 ശതമാനം പരിധി കോൺഗ്രസ് നീക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മധ്യപ്രദേശിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദളിത്, പിന്നാക്ക, ഗോത്ര വിഭാഗങ്ങളിൽ നിന്നുള്ളവർക്കുള്ള ആനുകൂല്യങ്ങൾ വർധിപ്പിക്കുമെന്നും രാഹുൽ പറഞ്ഞു.
‘‘ഭരണഘടനയെ സംരക്ഷിക്കാനാണ് ഈ തിരഞ്ഞെടുപ്പ് പോരാട്ടം. ബിജെപിയും ആർഎസ്എസും ഭരണഘടനയെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നു. കോൺഗ്രസും ഇന്ത്യാ സംഘവും ഭരണഘടനയെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. ഈ ഭരണഘടന നിങ്ങൾക്ക് ജലം, വനം, ഭൂമി എന്നിവയിൽ അവകാശങ്ങൾ നൽകിയിട്ടുണ്ട്. അവയെല്ലാം നീക്കം ചെയ്ത് സമ്പൂർണ അധികാരമാണ് മോദി ആഗ്രഹിക്കുന്നത്.
ജയിച്ചാൽ ഭരണഘടന മാറ്റുമെന്ന് ബിജെപി നേതാക്കൾ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടാണ് അവർ '400 സീറ്റ്' എന്ന മുദ്രാവാക്യം ഉയർത്തിയത്. എന്നാൽ 400 മറക്കുക, അവർക്ക് 150 സീറ്റ് പോലും ലഭിക്കില്ല. സംവരണം എടുത്തുകളയുമെന്ന് അവർ പറയുന്നു. ഈ ഘട്ടത്തിൽ ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ സംവരണം 50 ശതമാനത്തിനപ്പുറം വർധിപ്പിക്കും. ദരിദ്രർക്കും പിന്നാക്കക്കാർക്കും ദളിതർക്കും ആദിവാസികൾക്കും ആവശ്യമായത്ര സംവരണം നൽകും’’ – രാഹുൽ ഗാന്ധി പറഞ്ഞു.
90 ബ്യൂറോക്രാറ്റുകളാണ് രാജ്യത്തെ ഭരണം നിയന്ത്രിക്കുന്നത്. 90 പേരിൽ ഒരാൾ മാത്രമാണ് ആദിവാസി സമൂഹത്തിൽ നിന്നുള്ളത്. പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവർ മൂന്നു പേരാണ്. നിങ്ങളുടെ ആളുകൾ മാധ്യമങ്ങളിലോ കോർപ്പറേറ്റ് ലോകത്തിലോ ഇല്ല. ഇത് മാറ്റാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനാലാണ് ഞങ്ങൾ ജാതി സെൻസസും സാമ്പത്തിക സർവേയും നടത്താൻ തീരുമാനിച്ചതെന്നും രാഹുൽ വ്യക്തമാക്കി.