ADVERTISEMENT

‘സുരേഷ് ഗോപി മോഡൽ’– ബിജെപി പ്രവർത്തകരിൽ പുതിയ പൊതുപ്രവർത്തന മാതൃക സമ്മാനിച്ചാണ് തൃശൂരിൽനിന്ന് സുരേഷ് ഗോപി വിജയിച്ചത്. അഞ്ചു വർഷം ‘തോറ്റ എംപി’യായി അതേ മണ്ഡലത്തിൽ തുടർന്ന സുരേഷ് ഗോപി എൽഡിഎഫിലെയും യുഡിഎഫിലെയും അതികായന്മാരായ വി.എസ്. സുനിൽ കുമാറിനെയും കെ. മുരളീധരനെയും തോൽപിച്ചു, ഒടുവിൽ മന്ത്രിയായി. സിനിമയിലെ സൂപ്പർ സ്റ്റാർ രാഷ്ട്രീയത്തിലും ഇനി താരം.

സിനിമാതാരത്തിൽ നിന്നുള്ള സുരേഷ് ഗോപിയുടെ വളർച്ച വർഷങ്ങൾ നീണ്ടതായിരുന്നു. കേരളത്തിലൊരു സീറ്റെങ്കിലും നേടിയെടുക്കാൻ താരപരിവേഷമുള്ളൊരാളെ വേണമെന്ന അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ ആവശ്യപ്രകാരമാണ് പത്തു വർഷം മുൻപ് ബിജെപി നേതാവ് എസ്.ജി. രാജഗോപാലും ഡോ. ജയചന്ദ്രനും ചേർന്ന് സുരേഷ്‌ ഗോപിയെ സമീപിക്കുന്നതും പാർട്ടിയിലേക്ക് ക്ഷണിക്കുന്നതും. ബിജെപിയുടെ മൂർച്ചയുള്ള ആയുധമായി സുരേഷ്‌ ഗോപി മാറിയത് വളരെ വേഗത്തിലാണ്. തിരഞ്ഞെടുപ്പു പ്രചാരണ പരിപാടിയിൽ ആളു കുറഞ്ഞു എന്നതിനു ക്ഷുഭിതനായ അതേ സുരേഷ്ഗോപിയെക്കാണാൻ, തിരഞ്ഞെടുപ്പു ഫലം വന്ന ജൂൺ 4 ന് ശേഷം ഇരച്ചെത്തിയത് ആയിരങ്ങളാണ്.

കൊല്ലത്ത് ലക്ഷ്‌മി ഫിലിംസ് ഉടമ കെ. ഗോപിനാഥൻ പിളളയുടെയും ജ്‌ഞാനലക്ഷ്‌മിയുടെയും നാലുമക്കളിൽ മൂത്തവനായി ജനിച്ച സുരേഷ് ജി.നായരെ സുരേഷ് ഗോപിയാക്കിയത് പ്രമുഖ ചലച്ചിത്ര നിർമാതാവ് ബാലാജിയാണ്. 1965 ൽ ‘ഓടയിൽ നിന്ന്’ എന്ന ചിത്രത്തിൽ ബാലതാരമായെത്തിയ സുരേഷ് ഗോപിക്ക് താരപരിവേഷം ലഭിക്കുന്നത് 90 കളുടെ ആദ്യപകുതിയിൽ പുറത്തിറങ്ങിയ ഷാജി കൈലാസ് ചിത്രങ്ങളിലൂടെയായിരുന്നു. തലസ്‌ഥാനം, ഏകലവ്യൻ, കമ്മീഷണർ തുടങ്ങിയ ചിത്രങ്ങളിലൂടെ രണ്ടാം നിരയിൽനിന്നു സൂപ്പർ താരത്തിലേക്ക് അദ്ദേഹം കുതിച്ചുയർന്നു. അപ്പോഴും കുടുംബചിത്രങ്ങളെ ഒഴിച്ചു നിര്‍ത്തിയില്ല. പതിറ്റാണ്ടുകളോളം സൂപ്പർ സ്റ്റാറായി നിലകൊണ്ട സുരേഷ് ഗോപി ആണത്ത രൂപകങ്ങളെ മലയാളസിനിമയിൽ വരച്ചിടുന്നതിലും സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. പിന്നീട് താരമായി ജനങ്ങൾക്കിടയിൽ അദ്ദേഹം നിറഞ്ഞത് രാഷ്ട്രീയ പ്രവർത്തകന്റെ വേഷത്തിലാണ്.

2019 ലെ ലോക്‌സഭാ തിര‍ഞ്ഞെടുപ്പിലും 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും തൃശൂരിൽ തോറ്റ സുരേഷ് ഗോപി ആദ്യം ചെയ്തതു താമസം തൃശൂരിലേക്കു മാറ്റുകയാണ്. ഒടുവിൽ അഞ്ചു വർഷത്തെ പ്രയത്നം സഫലമായി. തൃശൂരിന് ആദ്യമായി ഒരു കേന്ദ്ര മന്ത്രിയെയും ലഭിച്ചു.

English Summary:

The Rise of Suresh Gopi: Superstar Turned Union Minister and BJP’s Secret Weapon in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com