ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കൊച്ചി ∙ മൂവാറ്റുപുഴ നിർമല കോളജിൽ പ്രാർഥനയ്ക്കു പ്രത്യേകം മുറി അനുവദിക്കണമെന്ന ഏതാനും വിദ്യാർഥിനികളുടെ ആവശ്യം അംഗീകരിക്കേണ്ടതില്ലെന്ന് കോളജ് മാനേജ്മെന്റ് തീരുമാനിച്ചു. പ്രാർഥനയ്ക്കു പ്രത്യേകം മുറി വേണമെന്ന ആവശ്യത്തെ തള്ളി, മഹല്ലുകളുടെ സംയുക്ത പ്രതിനിധി സംഘം കോളജ് മാനേജ്മെന്റിനു പിന്തുണ പ്രഖ്യാപിച്ചു. ഈ ആവശ്യത്തിന്റെ പേരിൽ നടന്ന സമരവുമായി സംഘടനയ്ക്കു ബന്ധമില്ലെന്നു എസ്എഫ്ഐയും പ്രാർഥനാ മുറിക്കു വേണ്ടിയുള്ള സമരം അപക്വമെന്നു മുസ്‌ലിം യൂത്ത് ലീഗും വ്യക്തമാക്കി.

പ്രാർഥനയ്ക്കു പ്രത്യേകം മുറി അനുവദിക്കണമെന്നാവശ്യപ്പെട്ട് ഏതാനും വിദ്യാർഥിനികൾ കോളജ് പ്രിൻസിപ്പലിനു കത്തു നൽകുകയും ഒരു കൂട്ടം വിദ്യാർഥികൾ പ്രിൻസിപ്പലിനെ ഉപരോധിക്കുകയും ചെയ്തതിന്റെ തുടർച്ചയായാണു മാനേജ്മെന്റിന്റെ തീരുമാനം. മൂവായിരത്തിൽ അധികം വിദ്യാർഥികൾ പഠിക്കുന്ന നിർമല കോളജ് ഉയർന്ന മതനിരപേക്ഷ മൂല്യവും സാഹോദര്യവും സഹിഷ്ണുതയും ഉറപ്പുവരുത്താൻ ശ്രദ്ധിക്കുന്ന സ്ഥാപനമാണെന്നും ന്യൂനപക്ഷ സ്ഥാപനങ്ങൾക്കു ഭരണഘടന അനുവദിച്ചിട്ടുള്ള അവകാശങ്ങളുടെ അടിസ്ഥാനത്തിൽ, പതിറ്റാണ്ടുകളായി തുടരുന്ന അതേ നയം തന്നെ തുടരുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി.

വിദ്യാർഥികളുടെ അച്ചടക്ക ലംഘനം പരിശോധിച്ച്, വീഴ്ച വരുത്തിയ വിദ്യാർഥികൾക്കെതിരെ കോളജിലെ അച്ചടക്കസമിതി നടപടി സ്വീകരിക്കും. സാമുദായിക രാഷ്ട്രീയ സംഘടനകൾ, അധ്യാപക രക്ഷാകർതൃ സമിതി, വൈദിക- അൽമായ പ്രതിനിധികൾ, മറ്റു മത നേതാക്കൾ എന്നിവരിൽ നിന്നു ലഭിച്ച പിന്തുണയിൽ കോളജ് മാനേജ്മെന്റ് നന്ദി അറിയിച്ചു. 

പ്രാർഥനയ്ക്കു സ്ഥലം ചോദിച്ച് ഏതാനും വിദ്യാർഥികൾ നടത്തിയ സമരം അംഗീകരിക്കുന്നില്ലെന്ന് മഹല്ലുകളുടെ സംയുക്ത പ്രതിനിധിസംഘം വ്യക്തമാക്കി. മാനേജ്മെന്റുമായി സംഘം ചർച്ച നടത്തി. അറിവില്ലായ്മ മൂലം വിദ്യാർഥികൾ ഉണ്ടാക്കിയ സംഭവങ്ങളിൽ അവർ ഖേദം പ്രകടിപ്പിച്ചു. മൂവാറ്റുപുഴയിലെ മുസ്‌ലിം ജമാഅത്തുകളിലെ നായക സ്ഥാനത്തുള്ള സെൻട്രൽ മഹല്ല് ചീഫ് ഇമാം ഷിഹാബുദ്ദീൻ ഫൈസി, പേട്ട മുഹിയുദ്ദീൻ ജുമാമസ്ജിദ് ഇമാം കാഞ്ഞാർ നിസാർ മൗലവി, ജമാഅത്ത് പ്രസിഡന്റുമാരായ പി.എം. അബ്ദുൽ സലാം, കെ.എം. സെയ്തു മുഹമ്മദ് റാവുത്തർ, പി.എസ്.എ. ലത്തീഫ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. നിസ്കാരത്തിനു കോളജിൽ നിന്നു അധികം ദൂരെയല്ലാതെ വനിതകൾക്കു കൂടി സൗകര്യമുള്ള മസ്ജിദ് നിലവിലുള്ളപ്പോൾ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നത് അംഗീകരിക്കുന്നില്ലെന്നു സംഘം പറഞ്ഞു. അവിടെ നിസ്കാരത്തിനു പോരായ്മകൾ ഉണ്ടെങ്കിൽ മഹല്ലുകൾ പരിഹാരം കാണുമെന്നും അവർ അറിയിച്ചു.

പ്രത്യേക മത വിഭാഗത്തിന് ആരാധന നടത്താൻ വേണ്ടി എസ്എഫ്ഐ സമരം നടത്തിയെന്നത് വ്യാജ പ്രചാരണമെന്ന് സംഘടനാ നേതൃത്വം അറിയിച്ചു. പ്രാർഥന വിഷയവുമായി ബന്ധപ്പെട്ട് ഡിപ്പാർട്മെന്റ് അടിസ്ഥാനത്തിൽ നടന്ന പ്രതിഷേധം എസ്എഫ്ഐ നേതൃത്വത്തിൽ ആയിരുന്നില്ല. മുദ്രാവാക്യം വിളിച്ചു നൽകുന്നത് മറ്റൊരു വിദ്യാർഥി സംഘടനയിലെ അംഗമാണ്. ഇത് എസ്എഫ്ഐയുടെ പ്രതിഷേധമായി ചിത്രീകരിച്ചതിൽ ഗൂഢാലോചനയുണ്ട്. കൃത്യമായ വർഗീയ വിഭജന അജൻഡയാണു ഇതിന് പിന്നിൽ. ക്യാംപസുകളെ വർഗീയ ധ്രുവീകരണത്തിനു ഉപയോഗിക്കുന്ന ഗൂഢ ലക്ഷ്യക്കാരെ തുറന്നു കാട്ടുമെന്നു നേതൃത്വം വ്യക്തമാക്കി.

പ്രാർഥന മുറിക്കു വേണ്ടി വിദ്യാർഥികൾ നടത്തിയ സമരം അപക്വമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് വ്യക്തമാക്കി. മതബോധം ഇല്ലാത്തവരാണ് ഇത്തരം ആവശ്യങ്ങൾക്കു പിന്നിൽ. പൊതു സമൂഹത്തിൽ മതസ്പർധ ഉണ്ടാക്കുന്ന ഇത്തരം സമരങ്ങളിൽ നിന്നു വിദ്യാർഥികൾ വിട്ടു നിൽക്കണം. സാഹചര്യം മുതലെടുത്ത് വർഗീയ വിഷം ചീറ്റുന്ന സംഘടനകൾക്കെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. പോർച്ചുഗലിൽ നിന്നു വ്യാജ സന്ദേശങ്ങൾ അയച്ച് വിദ്യാർഥികളെ പ്രകോപിപ്പിക്കാൻ ശ്രമിച്ച വാട്സാപ് ഗ്രൂപ്പ് അഡ്മിനെ കുറിച്ച് അന്വേഷിക്കണമെന്നും യൂത്ത് ലീഗും എംഎസ്എഫും ആവശ്യപ്പെട്ടു.

നിസ്കാര വിവാദത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കോളജ് പ്രിൻസിപ്പലിനെ ഫോണിൽ ബന്ധപ്പെട്ട് പിന്തുണ അറിയിച്ചു. കോളജ് കവാടത്തിന് 50 മീറ്ററിനുള്ളിൽ മസ്ജിദ് ഉണ്ടായിരിക്കെ കുട്ടികൾക്ക് അവിടെ നിസ്കാരത്തിന് സൗകര്യം ഒരുക്കാവുന്നതാണെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി പ്രഫ. ജോസ്കുട്ടി ഒഴുകയിൽ പറഞ്ഞു. പ്രിൻസിപ്പലിനെ തടഞ്ഞുവച്ചതിനെതിരെ കാസ, യുവദീപ്തി, കെസിവൈഎം സംഘടനകളും രംഗത്തെത്തി.

മൂവാറ്റുപഴ നിർമല കോളേജിൽ ഉണ്ടായ അസ്വാരസ്യം എല്ലാവർക്കും വലിയ ദുഖവും ആശങ്കയും ഉണ്ടാക്കിയിട്ടുണ്ടെന്ന് ജാതി-മത-സൗഹാർദ്ദത്തിനു വേണ്ടി നിലകൊള്ളുന്ന കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോ-ഓപറേഷൻ അഭിപ്രായപ്പെട്ടു. മതസൗഹാർദ്ദം തകർക്കുന്നതിന് വേണ്ടി ആരെങ്കിലും പരോക്ഷമായോ പ്രത്യക്ഷമായോ ഇടപെടുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടുണ്ടെണ്ടങ്കിൽ അവർ അതിൽ നിന്ന് പിൻമാറണമെന്ന് കോ–ഓപറേഷൻ പ്രസിഡന്റ് ഡോ. പി.മുഹമ്മദാലി, ജനറൽ സെക്രട്ടറി പി. രാമചന്ദ്രൻ (വേണു), ട്രഷറർ ഫാ. ഡോ. ആന്റണി വടക്കേകര എന്നിവർ പ്രസ്താവനയിൽ അഭ്യർഥിച്ചു.

English Summary:

Nirmala College Rejects Separate Prayer Room Demand

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com