‘മുഹമ്മദ് യൂനുസ് വംശഹത്യയുടെ സൂത്രധാരൻ’: ഷെയ്ഖ് ഹസീനയുടെ പ്രസംഗങ്ങൾക്ക് വിലക്ക്
Mail This Article
ധാക്ക∙ മുൻ ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പ്രസംഗങ്ങൾ മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പൊതുജനങ്ങളുമായി പങ്കുവയ്ക്കരുതെന്നു ധാക്കയിലെ രാജ്യാന്തര ക്രൈംസ് ട്രൈബ്യൂണലിന്റെ ഉത്തരവ്. ഹസീനയുടെ പ്രസംഗങ്ങൾ സമൂഹമാധ്യമങ്ങളിൽനിന്നു നീക്കണമെന്നും ഈ പ്രസംഗങ്ങൾ വ്യാപിക്കുന്നതു തടയണമെന്നും ഉത്തരവിലുണ്ട്.
ബംഗ്ലദേശിലെ ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസിനെതിരായ വിമർശനങ്ങളാണ് ഹസീനയ്ക്കു തിരിച്ചടിയായത്. മുഹമ്മദ് യൂനുസ് വംശഹത്യയുടെ സൂത്രധാരനാണെന്ന ആരോപണം വ്യാപകമായി ചർച്ചയായതോടെയാണ് ഹസീനയുടെ പ്രസംഗങ്ങൾക്കു വിലക്ക് പ്രഖ്യാപിച്ചത്. ഹസീനയുടെ 15 വർഷത്തെ ഭരണവേളയിലാണു ട്രൈബ്യൂണൽ സ്ഥാപിച്ചത്. 1971ൽ പാക്കിസ്ഥാനുമായുള്ള ബംഗ്ലദേശിന്റെ സ്വാതന്ത്ര്യയുദ്ധത്തിൽ യുദ്ധക്കുറ്റങ്ങൾ ആരോപിക്കപ്പെട്ടവരെ വിചാരണ ചെയ്യാനാണ് ട്രൈബ്യൂണൽ പ്രധാനമായും ഉപയോഗിച്ചിരുന്നത്.
ന്യൂയോര്‍ക്കില്‍ അവാമി ലീഗുമായി ബന്ധപ്പെട്ട പരിപാടിയെ ഓണ്‍ലൈനായി അഭിസംബോധന ചെയ്യുമ്പോഴായിരുന്നു മുഹമ്മദ് യൂനുസിനെതിരെ ഷെയ്ഖ് ഹസീന ആഞ്ഞടിച്ചത്. ക്ഷേത്രങ്ങള്‍, ക്രിസ്ത്യന്‍ പള്ളികള്‍, മത സംഘടനയായ ഇസ്‌കോണ്‍ എന്നിവയ്‌ക്കെതിരെ നടക്കുന്ന ആക്രമണങ്ങളിലും നിലപാടു വ്യക്തമാക്കിയായിരുന്നു ഹസീനയുടെ പ്രസംഗം.