ലാളിത്യത്തിന്റെ നീല തലപ്പാവിനു വിട; മൻമോഹൻ സിങ്ങിന് രാജ്യത്തിന്റെ ഹൃദയാഞ്ജലി
Mail This Article
ന്യൂഡൽഹി∙ രാജ്യത്തിനു പുതിയ സാമ്പത്തിക ദിശാബോധം നൽകിയ, ജനകീയ തീരുമാനങ്ങളിലൂടെ ജനഹൃദയങ്ങളിൽ ഇടംനേടിയ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് (92) രാജ്യത്തിന്റെ ഹൃദയാഞ്ജലി. 12.55ന് നിഗംബോധ്ഘാട്ടിൽ പൂർണ സൈനിക ബഹുമതികളോടെയായിരുന്നു സംസ്കാരം. സംസ്കാര ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവരടക്കം നിരവധി പ്രമുഖർ പങ്കെടുത്തു. കോൺഗ്രസ് എംപിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സംസ്കാര ചടങ്ങിൽ പങ്കെടുത്തു. രാജ്യത്ത് ഏഴു ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
മോത്തിലാൽ മാർഗിലെ ഔദ്യോഗിക വസതിയിലെ പൊതുദർശനത്തിൽ പങ്കെടുക്കാൻ നിരവധി പേരെത്തി. പിന്നീട് എഐസിസി ആസ്ഥാനത്തേക്ക്. എഐസിസി ആസ്ഥാനത്തെ പൊതുദർശനം രാവിലെ പത്തു മണിക്ക് പൂർത്തിയായി. വിലാപയാത്രയെ വലിയ ആൾക്കൂട്ടം അനുഗമിച്ചു. മൻമോഹൻ സിങ്ങിന്റെ ഭൗതികശരീരമുള്ള വാഹനത്തിൽ രാഹുൽ ഗാന്ധിയുമുണ്ടായിരുന്നു. പന്ത്രണ്ട് മണിയോടെ നിഗംബോധ്ഘാട്ടിലെത്തിച്ച മൃതദേഹത്തിൽ നിരവധി പ്രമുഖർ അന്തിമോപചാരം അർപിച്ചു. സിഖ് മതാചാര പ്രകാരമായിരുന്നു സംസ്കാരം.
ഉദാരവൽക്കരണ നയങ്ങളിലൂടെ ഇന്ത്യയുടെ സാമ്പത്തികവളർച്ചയ്ക്ക് അടിത്തറയിട്ടത് മൻമോഹൻ സിങ്ങായിരുന്നു. 2004 മുതൽ 2014 വരെ പ്രധാനമന്ത്രിയായിരുന്നു. അടിസ്ഥാന ജനവിഭാഗങ്ങളെ കൂടുതൽ ശാക്തീകരിച്ച തൊഴിലുറപ്പു പദ്ധതി, വിവരാവകാശ നിയമം, വിദ്യാഭ്യാസ അവകാശനിയമം തുടങ്ങിയവ നടപ്പിലാക്കിയത് മൻമോഹന്റെ ഭരണകാലത്താണ്. നെഹ്റുവിനു ശേഷം ഭരണത്തിൽ അഞ്ചു വർഷം പൂർത്തിയാക്കി തുടർഭരണം നേടിയ ആദ്യ പ്രധാനമന്ത്രിയുമായി. ആറു തവണ രാജ്യസഭാംഗമായിരുന്നു. വ്യാഴാഴ്ച വൈകിട്ട് ഏഴേമുക്കാലോടെ വസതിയിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ഡൽഹി എയിംസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.