മൻമോഹൻ കുറിച്ച ഇന്ത്യയുടെ സാമ്പത്തിക ജാതകം
Mail This Article
സാമ്പത്തിക പരാധീനതമൂലം പ്രൈമറി ക്ലാസിലേക്കു ബഹുദൂരം കാൽനടയായി പോകേണ്ടിവന്ന ഗ്രാമീണ ബാലനാണു പിൽക്കാലത്തു ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്‌തികളുടെ നിരയിലേക്കു കടന്നുചെല്ലാൻ ഇന്ത്യയ്‌ക്കു പാത തുറന്നുകൊടുത്തതെന്ന കാര്യം വിശ്വസിക്കാനാകുമോ? അവിശ്വസനീയമായ ആ നേട്ടത്തിലൂടെ മൻമോഹൻ സിങ് തിരുത്തിക്കുറിച്ചത് ഇന്ത്യയുടെ സാമ്പത്തിക ജാതകമാണ്.
-
Also Read
ധാർമികത, കരുത്ത്
വാണിജ്യ, ധന മന്ത്രാലയങ്ങളിലെ ഉദ്യോഗസ്‌ഥനിൽനിന്നു പ്രധാനമന്ത്രി പദത്തിൽവരെ എത്തിയ മൻമോഹനെ ആ നിലകളിലൊന്നുമായിരിക്കില്ല കാലം അടയാളപ്പെടുത്തുക എന്നു കരുതണം. അതുല്യമായ പ്രതിഭയ്‌ക്ക് ഉടമയായ ധനതന്ത്രജ്‌ഞൻ എന്ന നിലയിലായിരിക്കും അദ്ദേഹത്തെ ലോകം എന്നെന്നും ഓർക്കുക. അതിനു കാരണം അദ്ദേഹം സ്വീകരിച്ച അതുല്യമായ അനേകം സാമ്പത്തിക നടപടികളാണ്.
കേംബ്രിഡ്‌ജിൽനിന്നും ഓക്‌സ്‌ഫഡിൽനിന്നും പഠിച്ച സാമ്പത്തിക സിദ്ധാന്തങ്ങൾ അപ്രായോഗികമാണെന്ന തിരിച്ചറിവാണു രാജ്യത്തിന്റെ വികസനത്തിനുതകുന്ന പ്രായോഗിക നടപടികൾ സ്വീകരിക്കാൻ മൻമോഹന് അവസരമൊരുക്കിയത്. ബാങ്ക് ദേശസാൽക്കരണത്തോടും ലണ്ടൻ ആസ്‌ഥാനമായ ബാങ്ക് ഓഫ് ക്രെഡിറ്റ് ആൻഡ് കൊമേഴ്സ് ഇന്റർനാഷനലിന് (ബിസിസിഐ) ഇന്ത്യയിൽ ശാഖ ആരംഭിക്കാൻ അനുവാദം നൽകുന്നതിനോടും കടുത്ത വിയോജിപ്പു പ്രകടിപ്പിച്ച അദ്ദേഹം സ്വകാര്യവൽക്കരണത്തിന്റെയും ആഗോളവൽക്കരണത്തിന്റെയുമൊക്കെ വക്‌താവായത് ഈ തിരിച്ചറിവിലൂടെയാണ്.
സോഷ്യലിസത്തിൽ അധിഷ്‌ഠിതമായ അടഞ്ഞ സമ്പദ്‌വ്യവസ്‌ഥയ്‌ക്ക് അവസാനം കുറിച്ച് ഇന്ത്യ ഉദാരവൽക്കരണ നയം സ്വീകരിക്കുകയാണെന്ന് 1991 ജൂലൈ 24നു ബജറ്റ് പ്രസംഗത്തിലൂടെ ധനമന്ത്രി മൻമോഹൻ സിങ് നടത്തിയ പ്രഖ്യാപനം രാജ്യത്തിന്റെ ഭാവിഭാഗധേയമാണ് ഉറപ്പാക്കിയതെന്ന് അതുകഴിഞ്ഞ് ഇന്നോളമുണ്ടായിരിക്കുന്ന സാമ്പത്തിക കുതിപ്പുതന്നെ സാക്ഷ്യം.
മൻമോഹന്റെ സാമ്പത്തിക നടപടികളിൽ സുപ്രധാനമായവ ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം എന്നിവയാണെന്നു വിശാലമായ അർഥത്തിൽ പറയാം. എന്നാൽ, ആ വർഗീകരണത്തിലൊതുക്കാവുന്നതല്ല രാജ്യത്തിന്റെ എല്ലാ മേഖലകളിലും മാറ്റത്തിനുതകിയ നടപടികൾ.
2008 ലെ ആഗോള സാമ്പത്തികമാന്ദ്യ വേളയിൽ അടവു ശിഷ്‌ട നില പരുങ്ങലിലാകുകയും കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 3.5 ശതമാനത്തിലെത്തുകയും ചെയ്‌തു. വിദേശനാണ്യ ശേഖരമാകട്ടെ രണ്ടാഴ്‌ചത്തെ ഇറക്കുമതിക്കുപോലും തികയില്ലെന്ന നിലയിൽ 2500 കോടി രൂപയ്‌ക്കു തുല്യമായ തുകയിലേക്കു ചുരുങ്ങി. പണപ്പെരുപ്പം 10 ശതമാനത്തിനപ്പുറത്തേക്കു വളർന്നു. വിദേശ ബാങ്കുകൾ ഇന്ത്യയ്‌ക്കു വായ്‌പ അനുവദിക്കാൻ വിമുഖത കാട്ടി. രാജ്യം പാപ്പരത്തത്തിലേക്കോ എന്നു സംശയിക്കുമ്പോൾ രക്ഷകനായി മാറിയതു മൻമോഹനാണ്. അദ്ദേഹം പ്രഖ്യാപിച്ച ഉത്തേജന നടപടികളാണു രാജ്യത്തെ ഭീമമായ പ്രതിസന്ധിയിൽനിന്നു രക്ഷിച്ചത്. മാന്ദ്യത്തിന്റെ തീവ്രത തീണ്ടാതെപോയ ഏക രാജ്യമായിരിക്കാൻ ഇന്ത്യയ്‌ക്കു കഴിഞ്ഞു.
രാജ്യത്തിന്റെ വിശപ്പു മാറ്റുന്ന കർഷകർക്ക് ഉദാരമായ കടാശ്വാസ നടപടികളിലൂടെയാണു മൻമോഹൻ പ്രിയപ്പെട്ടവനായതെങ്കിൽ എത്രയോ ലക്ഷങ്ങൾക്കാണ് അദ്ദേഹം ആവിഷ്‌കരിച്ച എംഎൻആർഇജിഎ എന്ന തൊഴിലുറപ്പു പദ്ധതിയുടെ പ്രയോജനം ലഭിച്ചത്.
മൻമോഹൻ സ്വീകരിച്ച എടുത്തു പറയാവുന്ന പരിഷ്കാരങ്ങൾ ഏറെയാണ്. വ്യക്‌തിഗത തിരിച്ചറിയലിനുള്ള ആധാർ സമ്പ്രദായം ആരംഭിച്ചതും ഓഹരി വിപണിയുടെ നിയന്ത്രണത്തിനുള്ള സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) സ്‌ഥാപിച്ചതും അദ്ദേഹമാണ്. കയറ്റുമതിയിൽ മത്സര ക്ഷമത നേടാൻ യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം 2 തവണയായി 18% കുറച്ചു. വ്യവസായങ്ങൾക്ക് അനുമതി നൽകുന്നതിനു നിലവിലുണ്ടായിരുന്ന ലൈസൻസ് രാജ് സമ്പ്രദായം ഇല്ലായ്‌മ ചെയ്‌തു. 34 വ്യവസായങ്ങളിൽ വിദേശ മൂലധന നിക്ഷേപം (എഫ്‌ഡിഐ) അനുവദിച്ചു. ഐടി, ടെലികോം മേഖലകളുടെ വികാസത്തിനു സാഹചര്യമൊരുക്കി. വൻകിട വ്യവസായ യൂണിറ്റുകളുടെ വളർച്ചയ്‌ക്കും വൈവിധ്യവൽക്കരണത്തിനും തടസ്സമായിരുന്ന നിയന്ത്രണങ്ങൾ ഇല്ലാതാക്കാൻ മൊണോപ്പൊളീസ് ആൻഡ് റെസ്‌ട്രിക്‌റ്റീവ് ട്രേഡ് പ്രാക്‌ടീസസ് (എംആർടിപി) നിയമം ഭേദഗതി ചെയ്‌തു.
പൊതു മേഖലാ സംരംഭങ്ങളുടെ കുത്തകയിൽനിന്നു പല വ്യവസായ മേഖലകളെയും മോചിപ്പിച്ചതു മൻമോഹനാണ്. ബാങ്കിങ്, ഇൻഷുറൻസ് മേഖലകളിലേക്കു വിദേശ നിക്ഷേപമെത്താൻ സഹായകമായ നടപടികളും അദ്ദേഹം സ്വീകരിച്ചു. കയറ്റുമതി നിയന്ത്രണങ്ങൾ പലതും പിൻവലിച്ചു.
പ്രത്യക്ഷ, പരോക്ഷ നികുതികളുടെ ഘടനയിൽ വലിയ മാറ്റങ്ങളാണു മൻമോഹൻ കൊണ്ടുവന്നത്. വ്യക്‌തിഗത ആദായ നികുതിയുടെ ഇളവു പരിധി ഉയർത്തുക മാത്രമല്ല ആദായ നിർണയ സ്ലാബുകളുടെ എണ്ണം കുറയ്‌ക്കുകയും ചെയ്‌തു. ഓഡിറ്റിങ് ഉൾപ്പെടെയുള്ള പൊല്ലാപ്പുകളിൽനിന്നു ചെറുകിട കച്ചവടക്കാരെയും മറ്റും മോചിപ്പിക്കുന്ന ‘പ്രിസംപ്‌റ്റീവ് ടാക്‌സേഷൻ’ സമ്പ്രദായം ഏർപ്പെടുത്തി. 51.75% മുതൽ 57.5% വരെയായിരുന്ന കോർപറേറ്റ് നികുതി 46 ശതമാനത്തിലേക്കു വെട്ടിച്ചുരുക്കി. സ്വത്തു നികുതിയുടെ പരിധി ഉയർത്തി. ദീർഘകാല മൂലധന വർധനയ്‌ക്കുള്ള നികുതി 40ൽനിന്നു 30 ശതമാനമാക്കി. കസ്‌റ്റംസ് തീരുവ പല ഘട്ടങ്ങളിലായി 300ൽനിന്ന് 50 ശതമാനമായി കുറച്ചു. എക്‌സൈസ് തീരുവയുടെ ഘടനയിൽ മാറ്റം വരുത്തി.
ഏതു മേഖലയിലും സാമ്പത്തിക അച്ചടക്കം ആവശ്യമാണെന്ന അഭിപ്രായമാണു മൻമോഹനുണ്ടായിരുന്നത്. അതുകൊണ്ടാണു സർക്കാരിന്റെ പാഴ്‌ച്ചെലവുകൾ നിയന്ത്രിക്കാൻ അദ്ദേഹം കർശന മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയത്.
സാമ്പത്തിക പരിവർത്തനത്തിനു നേതൃത്വം നൽകുകയും രാജ്യത്തിനാകെ ലക്ഷ്യബോധം നൽകുകയും ചെയ്‌ത് ആഗോളതലത്തിൽ ഇന്ത്യയ്‌ക്ക് അംഗീകാരം നേടിക്കൊടുത്ത അതുല്യ പ്രതിഭ ഓർമയാകുമ്പോൾ അദ്ദേഹത്തിന്റെ പരിഷ്‌കാരങ്ങളെപ്പോലെ ഈ വാക്കുകളും മറക്കാനാകാതെ അവശേഷിക്കുന്നു: ചരിത്രമായിരിക്കും, എന്നോടു പ്രതിപക്ഷ കക്ഷികളെക്കാളും മാധ്യമങ്ങളെക്കാളും കൂടുതൽ ദയ കാണിക്കുക!