‘അച്ഛന്റെ സമാധി പൊളിക്കാൻ അനുവദിക്കില്ല; നിയമ നടപടി ഹിന്ദു ഐക്യവേദി തീരുമാനിക്കും’
Mail This Article
തിരുവനന്തപുരം ∙ നെയ്യാറ്റിൻകരയിലെ വിവാദ സമാധി സ്ഥലം പൊളിക്കാൻ അനുവദിക്കില്ലെന്ന് മരിച്ച ഗോപന്റെ മകൻ സനന്ദൻ. നിയമ നടപടിയെ കുറിച്ച് ഹിന്ദു ഐക്യവേദി തീരുമാനിക്കും. സമാധി പോസ്റ്റർ അച്ചടിച്ചത് താനാണ്. വ്യാഴാഴ്ച ആലുംമൂട് നിന്നാണ് പ്രിന്റ് എടുത്തത്. പൊലീസ് ഇന്നലെയും മൊഴി രേപ്പെടുത്തി. ഇതുവരെ പൊലീസ് നോട്ടിസ് നൽകിയിട്ടില്ലെന്നും സനന്ദൻ പറഞ്ഞു.
ഗോപൻ മരിച്ച ദിവസം വീട്ടിൽ വന്നുവെന്ന് മക്കൾ പറഞ്ഞ രണ്ടുപേരെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. നെയ്യാറ്റിൻകര പ്ലാവില സ്വദേശികളാണ് വീട്ടിലെത്തിയതെന്നായിരുന്നു മൊഴി. കുടുംബാംഗങ്ങൾ അല്ലാതെ മറ്റാരും വീട്ടിൽ ഇല്ലായിരുന്നുവെന്നാണ് ഇതുവരെ മക്കൾ പറഞ്ഞിരുന്നത്. എന്നാൽ രണ്ടുപേർ രാവിലെ വന്ന് ഗോപൻ മരിക്കുന്നതിനു മുൻപ് തിരിച്ചുപോയി എന്നാണ് ഒരു മകൻ മൊഴി നൽകിയത്. മക്കളുടെ മൊഴികളിൽ വൈരുധ്യമുണ്ട് എന്നാണ് പൊലീസ് നിഗമനം.
കഴിഞ്ഞ ദിവസം ഗോപനെ അടക്കിയ കല്ലറ പൊളിക്കാനുള്ള തീരുമാനം കനത്ത പ്രതിഷേധം മൂലം ഉദ്യോഗസ്ഥർ നിർത്തിവച്ചിരുന്നു. ഇന്ന് പുതിയ തീയതി തീരുമാനിക്കും. സ്ഥലത്തെ ക്രമസമാധാന പ്രശ്നങ്ങൾ മനസ്സിലാക്കി പൊലീസിനോടും ക്രൈംബ്രാഞ്ചിനോടും കൂടി സംസാരിച്ച ശേഷമാവും പുതിയ തീയതി തീരുമാനിക്കുക.