‘78 വയസ്സുള്ള അമ്മയ്ക്കു നട്ടെല്ലിനു ശസ്ത്രക്രിയ, അന്നു കാലൊടിഞ്ഞിട്ടും നടന്നു; സെയ്ഫിന് ഈസി’

Mail This Article
മുംബൈ ∙ മോഷ്ടാവിന്റെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ നടൻ സെയ്ഫ് അലി ഖാൻ വേഗം ആശുപത്രി വിട്ടതിനെച്ചൊല്ലി സംശയങ്ങൾ ഉയരുന്നതിനിടെ വിശദീകരണവുമായി ഹൃദയശസ്ത്രക്രിയ വിദഗ്ധൻ രംഗത്ത്. ബെംഗളൂരുവിലെ കാര്‍ഡിയോളജിസ്റ്റായ ഡോ. ദീപക് കൃഷ്ണമൂര്‍ത്തിയാണ്, സെയ്ഫിന്റെ അദ്ഭുതകരമായ തിരിച്ചുവരവിൽ സംശയിക്കാനൊന്നുമില്ലെന്നു പറഞ്ഞത്.
‘‘സെയ്ഫിനു ശരിക്കും നട്ടെല്ലിൽ ശസ്ത്രക്രിയ നടത്തിയോ എന്നു സംശയിക്കുന്നവരോടായി ഒരു കാര്യം പറയട്ടെ (ഇക്കൂട്ടത്തിൽ ചില ഡോക്ടര്‍മാരുമുണ്ട്) രോഗശാന്തിയുടെ സമയപരിധി നിങ്ങളെ അദ്ഭുതപ്പെടുത്തുമെന്നു ഓർമിപ്പിക്കുന്നു. 78 വയസ്സുള്ള എന്റെ അമ്മയ്ക്കു 2022ല്‍ നട്ടെല്ലിന്റെ ശസ്ത്രക്രിയ നടത്തി. അന്നുതന്നെ കാലൊടിഞ്ഞ് പ്ലാസ്റ്ററുമിട്ടിരുന്നു. വോക്കറിന്റെ സഹായത്തോടെ അമ്മ നടക്കുന്ന വിഡിയോ ആണിത്. സെയ്ഫിനെ പോലെ ചെറുപ്പവും ആരോഗ്യവുമുള്ള ഒരാൾക്ക് ഇതിലും വേഗത്തില്‍ രോഗശാന്തി ലഭിക്കും’’– വിഡിയോ പങ്കുവച്ച് എക്സിൽ ഡോ.ദീപക് കൃഷ്ണമൂർത്തി കുറിച്ചു.
‘‘ഇക്കാലത്ത്, ഹൃദയത്തിനു ബൈപാസ് ശസ്ത്രക്രിയ ചെയ്തവർ 3–4 ദിവസങ്ങള്‍ക്കുള്ളില്‍ നടക്കുകയും പടികള്‍ കയറുകയും ചെയ്യുന്നു. സമൂഹമാധ്യമത്തിൽ സ്വന്തം അജ്ഞത പ്രദര്‍ശിപ്പിക്കും മുൻപ് നാം കാര്യങ്ങൾ പഠിക്കണം’’– കൃഷ്ണമൂർത്തി അഭിപ്രായപ്പെട്ടു. സെയ്ഫിനേറ്റ കുത്തുകൾ സുഷുമ്നാനാഡിയെയും മറ്റു നാഡികളെയും ബാധിച്ചിട്ടില്ലെന്നാണു വിദഗ്ധരുടെ അഭിപ്രായം. അതിനാൽ കാലിനു ബലക്കുറവില്ല. ഡോക്ടർമാർ കൃത്യമായ നടപടിക്രമം പാലിച്ചു ചികിത്സിച്ചതിനാൽ ശസ്ത്രക്രിയയ്ക്കു ശേഷമുള്ള സങ്കീര്‍ണതകളും ഉണ്ടായില്ല. സെയ്ഫിന്റെ വ്യായാമരീതികളും രോഗം മാറാൻ സഹായിച്ചെന്നാണു ഡോക്ടർമാർ പറയുന്നത്.
സെയ്ഫ് വേഗം ആശുപത്രി വിട്ടതിൽ ശിവസേനാ (ഷിൻഡെ) നേതാവ് സഞ്ജയ് നിരുപം സംശയം പ്രകടിപ്പിച്ചിരുന്നു. ‘‘ഗുരുതര പരുക്കേറ്റയാൾ പെട്ടെന്ന് എങ്ങനെ ആശുപത്രി വിടുമെന്നും നടന്നു വീട്ടിലേക്ക് കയറുമെന്നും ഒട്ടേറെപ്പേർ ചോദിക്കുന്നു. നട്ടെല്ലിനു പരുക്കേറ്റു ശസ്ത്രക്രിയയ്ക്കു വിധേയനായ ഒരാൾ എങ്ങനെ പെട്ടെന്നു സുഖം പ്രാപിച്ചു. എല്ലാവരെയും കൈവീശി കാണിച്ച് ആരോഗ്യവാനായാണ് അദ്ദേഹം വീട്ടിലേക്ക് കയറിപ്പോയത്. കുടുംബം ഇക്കാര്യത്തിൽ വ്യക്തത വരുത്തണം’’– അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ആത്മവിശ്വാസത്തോടെ ജീവിതത്തിലേക്ക് നടന്നു കയറിയ സെയ്ഫിനെ പ്രശംസിക്കുന്നവരുമുണ്ട്.