9 താലിമാല, 13 ജോഡി പാദസരം, 89 ലാപ്ടോപ്, 193 ഫോണുകൾ; മെട്രോ ട്രെയിനുകളിൽ മറന്നുവച്ചത് തിരികെ ഏൽപ്പിക്കും

Mail This Article
ന്യൂഡൽഹി ∙ 9 മംഗല്യസൂത്രം (താലി), 13 ജോഡി പാദസരം, 40.7 ലക്ഷം രൂപ, 89 ലാപ്ടോപ്, 193 മൊബൈൽ ഫോൺ, 40 വാച്ചുകൾ... 2024ൽ ഡൽഹി മെട്രോയുടെ വിവിധ റൂട്ടുകളിലുള്ള ട്രെയിനുകളിൽ യാത്രക്കാർ മറന്നുവയ്ക്കുകയോ നഷ്ടപ്പെടുകയോ ചെയ്ത സാധനങ്ങളുടെ പട്ടികയാണിത്. ഇവയെല്ലാം മെട്രോയുടെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് ഉദ്യോഗസ്ഥർ കണ്ടെടുക്കുകയും കൃത്യമായ തെളിവുകളുമായി എത്തിയ യാത്രക്കാർക്കു മടക്കി നൽകുകയും ചെയ്തു. യാത്രക്കാരുടെ മറവികളിൽ ഏറ്റവും രസകരമായൊരു കാര്യം കൂടി സിഐഎസ്എഫുകാർ പങ്കുവച്ചു. പരിശോധനയ്ക്കായി എക്സ് റേ ബാഗേജ് സ്കാനറിൽ വയ്ക്കുന്ന ബാഗുകളും സഞ്ചികളും തിരിച്ചെടുക്കാൻ നിൽക്കാതെ ട്രെയിനുകളിലേക്ക് ഓടിക്കയറുന്നവരുമുണ്ടെന്നാണത്.
യാത്രക്കാരിൽ നിന്നു നഷ്ടപ്പെട്ട അമേരിക്കൻ ഡോളർ, സൗദി റിയാൽ, തായ് ഭാട് തുടങ്ങിയ വിദേശ കറൻസികളും സിഐഎസ്എഫ് കണ്ടെടുത്തിട്ടുണ്ട്. ഇതിനു പുറമേ സുരക്ഷാ പരിശോധനയ്ക്കിടെ 75 വെടിയുണ്ടകളും 4 തോക്കുകളും കഴിഞ്ഞ വർഷം പിടികൂടി. കഴിഞ്ഞ വർഷം 53 പേരാണ് മെട്രോ സ്റ്റേഷനുകളിലും മറ്റും ട്രെയിനിനു മുന്നിൽ ചാടി മരിക്കാൻ ശ്രമിച്ചത്. 23 പേർ മരിച്ചു. 3 പേർക്കു പരുക്കേറ്റു. 33 പേർ പരുക്കുകളോടെ രക്ഷപ്പെട്ടു.
48 മണിക്കൂർ സ്റ്റേഷനിലിരിക്കും
ട്രെയിനിൽ യാത്രക്കാർ മറന്നുവയ്ക്കുന്ന വസ്തുക്കൾ മിക്കവാറും ലഭിക്കുന്നതു ലോക്കോ പൈലറ്റുമാർക്ക്. സർവീസ് അവസാനിക്കുമ്പോൾ നടത്തുന്ന പരിശോധനയിൽ കണ്ണിൽപെടുന്ന വസ്തുക്കൾ ഇവർ അതതു സ്റ്റേഷനുകളിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഏൽപിക്കും. മറന്നുവച്ച സാധനങ്ങൾ ലഭിക്കുന്ന സ്റ്റേഷനുകളിൽ തന്നെ അവ 48 മണിക്കൂർ സൂക്ഷിക്കും. അതിനു ശേഷം ലോസ്റ്റ് ആൻഡ് ഫൗണ്ട് ഓഫിസിലേക്കു മാറ്റും.
ഗുരുഗ്രാമിലെ റാപ്പിഡ് മെട്രോയിലും ലോസ്റ്റ് ആൻഡ് ഫൗണ്ട് ഓഫിസുകളുണ്ട്. ഡൽഹി മെട്രോയിൽ നിന്നു കണ്ടുകിട്ടിയ വസ്തുക്കൾ ഉടമസ്ഥർ എത്തിയില്ലെങ്കിൽ ഒരു മാസത്തിനുള്ളിൽ ഓൺലൈൻ വഴി ലേലം ചെയ്തു വിൽക്കും. റാപ്പിഡ് മെട്രോയിൽ വച്ച് നഷ്ടപ്പെട്ട വസ്തുക്കൾ ഒരു വർഷം വരെ ഉടമസ്ഥരെ കാത്തിരിക്കും.
നഷ്ടപ്പെട്ടവ തിരിച്ചുകിട്ടാൻ
∙ മെട്രോ സ്റ്റേഷനിലോ കശ്മീരി ഗേറ്റിലെ ലോസ്റ്റ് ആൻഡ് ഫൗണ്ട് ഓഫിസിലോ ബന്ധപ്പെടണം.
∙ തിരിച്ചറിയൽ രേഖകളുടെ ഫോട്ടോ കോപ്പിയും ഒറിജിനലും കരുതണം.
∙ കശ്മീരി ഗേറ്റ് മെട്രോ സ്റ്റേഷന്റെ 3–ാം നമ്പർ പ്ലാറ്റ്ഫോമിനു താഴെയാണു ഡിഎംആർസിയുടെ ലോസ്റ്റ് ആൻഡ് ഫൗണ്ട് ഓഫിസ്. ഫോൺ: 8527405555. സമയം രാവിലെ 8 മുതൽ വൈകിട്ട് 8 വരെ.
∙ ഗുരുഗ്രാമിൽ മൗലാസരായ് അവന്യു റോഡിൽ ഫേസ് 3ലെ റാപ്പിഡ് മെട്രോ ഓപ്പറേഷൻ കൺട്രോൾ സെന്ററിലാണു ലോസ്റ്റ് ആൻഡ് ഫൗണ്ട് ഓഫിസ്. ഫോൺ: 0124–2800028. സമയം രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ.