‘ഇത് നമ്മുടെ റിജോയെ പോലെയുണ്ടല്ലോ’: പ്രതിയിലേക്കു ‘വഴികാട്ടിയ’ വീട്ടമ്മ; പൊലീസ് വീട്ടിലെത്തിയപ്പോൾ കണ്ടത്...

Mail This Article
തൃശൂർ ∙ പോട്ട ഫെഡറൽ ബാങ്ക് കവർച്ച കേസിലെ പ്രതി റിജോയിലേക്ക് പൊലീസിനെ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് അയൽക്കാരിയായ വീട്ടമ്മ. ബാങ്കിന്‍റെ രണ്ടര കിലോമീറ്റര്‍ അകലെയാണ് റിജോയുടെ വീട്. ഈ പരിസരത്ത് പൊലീസ് അന്വേഷണത്തിന് എത്തുമ്പോള്‍ ആളുകളെ സിസിടിവി ദൃശ്യങ്ങള്‍ കാണിച്ചിരുന്നു. ഇതിൽ സിസിടിവി ദൃശ്യങ്ങള്‍ കണ്ട വീട്ടമ്മയാണ് ഇത് നമ്മുടെ റിജോയെ പോലെയുണ്ടല്ലോയെന്ന് പറഞ്ഞത്. ആരാണ് റിജോയെന്ന് ചോദിച്ചപ്പോൾ ഇവിടെ അടുത്തുള്ളയാളാണെന്നും ഇതുപോലെ ഒരു സ്കൂട്ടർ റിജോയ്ക്കുണ്ടെന്നും വീട്ടമ്മ പറഞ്ഞു.
ഇതോടെ റിജോയുടെ വീട്ടിലേക്ക് പൊലീസ് തിരിച്ചു. അവിടെ പൊലീസെത്തുമ്പോള്‍ സ്കൂട്ടര്‍ ഉണ്ടായിരുന്നെങ്കിലും അതിന് കണ്ണാടിയുണ്ടായിരുന്നു. മോഷണം നടത്തുമ്പോള്‍ സ്കൂട്ടറിന് കണ്ണാടിയുണ്ടായിരുന്നില്ല. എന്നാൽ മോഷണ സമയത്തും അതിനുശേഷവും റിജോ ധരിച്ചിരുന്ന ഷൂ വീടിനു മുന്നിലുണ്ടായിരുന്നു. ഇതോടെയാണ് റിജോ പൊലീസിന്റെ വലയിലാകുന്നത്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ്, ശരീരപ്രകൃതമനുസരിച്ച് പ്രതി മലയാളിയായിരിക്കാമെന്ന് ഉറപ്പിച്ചിരുന്നു. കയ്യില്‍ കിട്ടിയതുമായി മടങ്ങുക എന്നതായിരുന്നു റിജോയുടെ ലക്ഷ്യം. ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച കത്തി മുൻപ് ഗള്‍ഫിലുണണ്ടായിരുന്നപ്പോള്‍ വാങ്ങിയതായിരുന്നു. മോഷണ ശേഷം വീട്ടിലേക്ക് മടങ്ങുമ്പോള്‍ പരമാവധി ക്യാമറയില്‍ നിന്ന് ഒഴിവാകാന്‍ ശ്രമിച്ചിരുന്നു. പെരാമ്പ്ര അപ്പോളോയുടെ ഭാഗത്ത് ചുറ്റി സഞ്ചരിച്ച ശേഷമാണ് വീട്ടില്‍ കയറിയത്. എല്ലാം താൻ ഒറ്റയ്ക്കാണ് ചെയ്തതെന്നും ആരുടെയും സഹായം ഇല്ലായിരുന്നെന്നും റിജോ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.