ADVERTISEMENT

വാഷിങ്ടൻ ∙ നിർണായകമായ ധാതുഖനന കരാറിനു യുഎസും യുക്രെയ്നും ധാരണയായെന്നു റിപ്പോർട്ട്. റഷ്യ–യുക്രെയ്ൻ യുദ്ധം വേഗത്തിൽ അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശ്രമിക്കുന്നതിനിടെയാണു നീക്കം. അമേരിക്കയുടെ പിന്തുണ നേടാനുള്ള ശ്രമത്തിന്റെ ഭാഗമായാണു കരാറിനു യുക്രെയ്ൻ സമ്മതിച്ചതെന്നാണു സൂചന.

ധാതുഖനന കരാറിലെ കരട് വ്യവസ്ഥകളിൽ യുഎസും യുക്രെയ്‌നും യോജിച്ചുവെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. സുരക്ഷാ ഉറപ്പുകളോ ആയുധങ്ങളുടെ തുടർച്ചയായ കൈമാറ്റമോ കരാറിൽ ഇല്ലെന്നാണു സൂചന. ‘സ്വതന്ത്രവും പരമാധികാരവും സുരക്ഷിതവുമായ’ യുക്രെയ്നാണു യുഎസ് ആഗ്രഹിക്കുന്നത്. ഭാവിയിലെ ആയുധ കയറ്റുമതി സംബന്ധിച്ചു ചർച്ചകൾ തുടരുമെന്നും യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.

യുക്രെയ്നിന്റെ പ്രകൃതി സമ്പത്തിൽ 500 ബില്യൻ ഡോളറിന്റെ അവകാശം ചോദിച്ചിരുന്ന യുഎസ് നിലപാടിൽ പ്രതിഷേധിച്ച് ധാതുകരാറിന്റെ മുൻ കരടിൽ ഒപ്പിടാൻ സെലെൻസ്‌കി വിസമ്മതിച്ചിരുന്നു. യുഎസ് പ്രഖ്യാപിച്ച സഹായത്തിൽനിന്ന് വളരെ കുറച്ചേ ലഭിച്ചുള്ളൂവെന്നും യുക്രെയ്ന് ആവശ്യമായ സുരക്ഷാ ഉറപ്പുകൾ കരാറിൽ ഇല്ലെന്നും അറിയിച്ചു. പുതുക്കിയ കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കുക. ധാതുക്കൾ, ഹൈഡ്രോകാർബണുകൾ എന്നിവയുടെ ഖനനത്തിനും മറ്റുമായി യുഎസും യുക്രെയ്നും പുനർനിർമാണ നിക്ഷേപഫണ്ട് രൂപീകരിക്കും.

യൂറോപ്യൻ യൂണിയൻ നിർണായകമെന്നു തിരിച്ചറിഞ്ഞ 34 ധാതുക്കളിൽ 22 എണ്ണത്തിന്റെയും നിക്ഷേപം യുക്രെയ്നിലുണ്ട്. അവയിൽ വ്യാവസായിക, നിർമാണ വസ്തുക്കൾ, ഫെറോഅലോയ്, വിലയേറിയ നോൺ-ഫെറസ് ലോഹങ്ങൾ, ചില അപൂർവ മൂലകങ്ങൾ എന്നിവ ഉൾപ്പെടുന്നു. വൈദ്യുത വാഹന ബാറ്ററികളിലെയും ആണവ റിയാക്ടറുകളിലെയും പ്രധാന ഘടകമായ ഗ്രാഫൈറ്റിന്റെ കരുതൽ ശേഖരവും യുക്രെയ്നുണ്ട്.

വളരെ വലിയ കരാറിൽ ഒപ്പുവയ്ക്കാൻ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കി വെള്ളിയാഴ്ച വാഷിങ്ടനിലേക്ക് വരുമെന്നു ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച പരസ്പരം വിമർശിച്ചതിനു പിന്നാലെയായിരുന്നു പ്രസ്താവന. കോടിക്കണക്കിന് ഡോളറിന്റെ സഹായത്തിനു പകരമായുള്ളതാണു കരാർ എന്നാണു ട്രംപിന്റെ നിലപാട്. യുക്രെയ്നിലേക്ക് സമാധാന സേനയെ അയയ്ക്കാൻ തയാറാണെന്നു ചില യൂറോപ്യൻ രാജ്യങ്ങൾ പറഞ്ഞിട്ടുണ്ട്. റഷ്യ അത്തരം സമാധാന സേനയെ സ്വീകരിക്കുമെന്നു ട്രംപ് പറഞ്ഞെങ്കിലും മോസ്കോ അതു നിഷേധിച്ചിരുന്നു.

English Summary:

US, Ukraine agree to terms of critical minerals deal

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com