ADVERTISEMENT

വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലകളിലും സ്ത്രീകൾ നേടിയ വിജയത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് ഓരോ വനിതാദിനവും. ലോകം മുഴുവൻ ഇന്ന് വനിതാദിനം ആഘോഷിക്കുമ്പോൾ നീതിക്കായുള്ള പോരാട്ടത്തിലാണ് കേരളത്തിലെ ഒരുപറ്റം സ്ത്രീകൾ. മഴയെന്നോ വെയിലെന്നോ നോക്കാതെ, അർഹതപ്പെട്ടത് നേടിയെടുക്കാൻ തിരുവനന്തപുരത്ത ആ സമരം തുടങ്ങിയിട്ട് ദിവസങ്ങളായി. ലോകത്തെ ഒന്നടങ്കം മൂടിയ കൊവിഡ് കാലത്ത് പലരും പോകാൻ മടിക്കുന്ന വീടുകളിലേക്കു പോലും കയറിച്ചെന്ന നമ്മുടെ നാട്ടിലെ ആശാ പ്രവർത്തകർ. അവരുടെ സന്നദ്ധ പ്രവർത്തനങ്ങളെ അന്നു വാഴ്ത്തിപ്പാടിയ സർക്കാരാണ് ഇന്നവരുടെ നീതിക്കായുള്ള പോരാട്ടത്തെ തള്ളിപ്പറയുന്നത്. സ്വന്തം ദുരവസ്ഥ ഉറക്കെപ്പറഞ്ഞ് തെരുവിൽ പോരാട്ടത്തിന്റെ ജ്വാല പടർത്തിയ ആശാവർക്കർമാരുടേതു കൂടിയാണ് ഈ വനിതാദിനം. ആശാവർക്കർ സമരസമിതി നേതാവ് എം.എ.ബിന്ദു സംസാരിക്കുന്നു.

‘നീതി നടപ്പിലാകുമെന്ന് പ്രതീക്ഷ’

തൊഴിലവകാശത്തിനു വേണ്ടി സ്ത്രീകൾ പോരാടിയതിന്റെയും രക്തസാക്ഷിത്വം വരിച്ചതിന്റെയും വലിയ സമര ചരിത്രമുണ്ട് ഓരോ വനിതാ ദിനത്തിനും. തൊഴിലാളിമുന്നേറ്റങ്ങളുടെ ആകെത്തുകയായ വനിതാദിനം ഞങ്ങൾക്കും ഇന്ന് പോരാട്ടത്തിന്റെ ദിനമാണ്. ഈ സമരവേദിയിൽനിന്ന് വനിതാദിനം ആഘോഷിക്കാൻ കഴിയുന്നത് ഞങ്ങൾ ഓരോ സ്ത്രീക്കും അഭിമാനമാണ്. ഇതുതന്നെയാണ് വനിതാദിനം ആചരിക്കാൻ പറ്റിയ ഇടം. വർഷങ്ങൾക്കു മുൻപു നടന്ന സമരത്തിനു സമാനമാണ് ഞങ്ങളുടെ പോരാട്ടവും. വനിതാദിനത്തിൽ ഞങ്ങളുടെ സമരത്തിന് പിന്തുണയുമായി നിരവധി പേരാണ് സമരവേദിയിലെത്തുന്നത്. ആശാ പ്രവർത്തകരുടെ മാത്രമല്ല, കേരളത്തിലങ്ങോളമിങ്ങോളമുള്ള സ്ത്രീകളുടെയാകെ മഹാ സംഗമമാണ് ഞങ്ങളുടെ സമരം.

ഓരോ ദിവസം കഴിയുമ്പോഴും പ്രതീക്ഷ കൂടുകയാണ്. ഈ സമരത്തിന് അവസാനമുണ്ടാകുമെന്നും സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടാകുമെന്നുമാണ് ഞങ്ങൾ കരുതുന്നത്. സർക്കാരിനു നടപ്പിലാക്കാൻ പറ്റുന്ന കാര്യങ്ങൾ മാത്രമാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. അതുകൊണ്ടുതന്നെ നീതി നടപ്പിലാകുമെന്ന പൂർണപ്രതീക്ഷയുണ്ട്.

ഒരിടത്ത് സ്ത്രീകളെ ആദരിക്കുന്നു, മറ്റൊരിടത്ത്...

സർക്കാർ തലത്തിൽ പലയിടങ്ങളിലും ഇന്ന് വനിതാദിന പരിപാടികൾ നടക്കുന്നുണ്ടാകും. അവിടങ്ങളിൽ പോയി സ്ത്രീകളുടെ നേട്ടങ്ങൾ എണ്ണിപ്പറയുന്നവർ സെക്രട്ടേറിയറ്റിനു തൊട്ടുതാഴെക്കിടക്കുന്ന ഞങ്ങളുടെ അവകാശത്തെപ്പറ്റി ഓർക്കുന്നില്ല. സ്വന്തം പ്രവൃത്തികളിലെ വൈരുധ്യം അവർ മനസ്സിലാക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ തമാശ. ഒരു വശത്ത് സ്ത്രീശാക്തീകരണം പ്രസംഗിക്കുകയും മറുവശത്ത് സ്ത്രീകളുടെ പോരാട്ടത്തെ തള്ളിപ്പറയുകയും ചെയ്യുന്ന കാഴ്ചയാണ് കുറച്ചു ദിവസങ്ങളായി നമ്മൾ കാണുന്നത്.

കൊച്ചു കുട്ടികളും മറ്റുമുള്ള ഒട്ടേറെപ്പേർ ഞങ്ങളുടെ കൂട്ടത്തിലുണ്ട്. പലർക്കും വീട്ടിലെ കാര്യങ്ങൾ പോലും കൃത്യമായി ചെയ്യാൻ കഴിയുന്നില്ല. എന്നിട്ടും ഞങ്ങൾ പിന്നോട്ടു പോകാത്തത് അവകാശം നേടിയെടുക്കാൻ വേണ്ടി മാത്രമാണ്. കഴിഞ്ഞ വനിതാദിനത്തിൽ ആശാ പ്രവർത്തകർ എന്ന നിലയിൽ പലയിടങ്ങളിൽനിന്നും ആദരം ഏറ്റുവാങ്ങിയവരാണ് ഞങ്ങളിൽ പലരും. ആ ഞങ്ങൾ ഇന്നു തെരുവിലാണ്.

അവഹേളിക്കുന്നവർ സ്വയം ചെറുതാകുന്നു

സമരങ്ങളെയും സമരം ചെയ്യുന്നവരെയും അവഹേളിച്ച് ഇതിൽനിന്നു പിന്മാറ്റാമെന്നാണ് പലരും കരുതുന്നത്. അത് അവരുടെ വ്യാമോഹങ്ങൾ മാത്രമാണ്. അവഹേളിച്ചതു കൊണ്ടോ അപമാനിച്ചതു കൊണ്ടോ സമരത്തെ പരാജയപ്പെടുത്താൻ പറ്റില്ല. സമരം അവസാനിക്കണമെങ്കിൽ ഞങ്ങൾ ഉന്നയിച്ച വിഷയം ചർച്ച ചെയ്യണം, അത് പരിഹരിക്കാനുള്ള നടപടികൾ കൈക്കൊള്ളണം.

ഞങ്ങളെ അപമാനിക്കുന്നവർ ഒരുകാര്യം ഓർക്കുക, വില കുറഞ്ഞ വാക്കുകൾ പറഞ്ഞ് നിങ്ങൾ സ്വയം ചെറുതാവുകയാണ്. സ്ത്രീകളെ മുന്നോട്ട് കൊണ്ടുവരണമെന്നു പറയുന്ന പാർട്ടിയിലെ പ്രവർത്തകർ തന്നെയാണ് ഞങ്ങളെ അപമാനിക്കുന്നത്. അവർ യഥാർഥത്തിൽ അപമാനിക്കുന്നത് ഞങ്ങളെ മാത്രമല്ല, സ്ത്രീസമൂഹത്തെ ഒന്നടങ്കമാണ്. അതു മാറ്റാൻ അവർ തന്നെ ചിന്തിക്കണം. അല്ലെങ്കിൽ ആ പാർട്ടിയിലുള്ള സ്ത്രീകളെങ്കിലും ഇത്തരത്തിൽ അപകീർത്തിപ്പെടുത്തുന്ന വാക്കുകൾ പറയുന്നവരെ ചോദ്യം ചെയ്യാൻ തയാറാകണം.

English Summary:

Hope Prevails: Kerala's Asha Workers Take to the Streets on Women's Day

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com