മൂന്നാം കുഞ്ഞിന് ജന്മം നൽകുന്ന സ്ത്രീക്ക് 50,000 രൂപ; ആൺകുട്ടിയെങ്കിൽ പശു: പ്രഖ്യാപനവുമായി ടിഡിപി എംപി

Mail This Article
അമരാവതി∙ രണ്ടിൽ കൂടുതൽ കുട്ടികളുണ്ടാകുന്നത് പ്രോത്സാഹിപ്പിക്കാൻ വിവിധ പദ്ധതികൾ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആസൂത്രണം ചെയ്യുന്നതിനിടെ, പുതിയ പ്രഖ്യാപനവുമായി ടിഡിപി എംപി. മുന്നാമതും കുഞ്ഞിന് ജന്മം നൽകുന്ന സ്ത്രീകൾക്ക് 50,000 രൂപ നൽകുമെന്നാണ് വിജയനഗരത്തിൽനിന്നുള്ള ടിഡിപി എംപി കാലിസെറ്റി അപ്പള നായിഡുവിന്റെ പ്രഖ്യാപനം. ഈ തുക തന്റെ ശമ്പളത്തിൽനിന്ന് എടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
ആൺകുഞ്ഞിന് ജന്മം നൽകുന്ന സ്ത്രീകൾക്ക് പശുവിനെ സമ്മാനമായി നൽകുമെന്നും പ്രഖ്യാപിച്ചു. രാജ്യാന്തര വനിതാ ദിനത്തോട് അനുബന്ധിച്ച് വിജയനഗരത്തിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു നായിഡുവിന്റെ പ്രഖ്യാപനം.
അപ്പള നായിഡുവിന്റെ പ്രഖ്യാപനം ഇതിനോടകം തന്നെ സമൂഹമാധ്യമത്തിൽ വൈറലായി. ടിഡിപി നേതാക്കളും പ്രവർത്തകരുമെല്ലാം അദ്ദേഹത്തിന്റെ പ്രസംഗം പങ്കുവയ്ക്കുന്നുണ്ട്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും അപ്പള നായിഡുവിനെ അഭിനന്ദിച്ച് രംഗത്തുവന്നു. താൻ നേരത്തെ കുടുംബാസൂത്രണത്തെയാണ് പ്രോത്സാഹിപ്പിച്ചിരുന്നതെന്നും എന്നാൽ ഇന്ന് ജനസംഖ്യ വർധിക്കേണ്ടത് അത്യാവശ്യമായി വന്നിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എത്ര കുട്ടികളുണ്ടായാലും സ്ത്രീകൾക്ക് പ്രസവാവധി നൽകുമെന്ന് ചന്ദ്രബാബു നായിഡിവും വനിതാ ദിനത്തിൽ പ്രഖ്യാപനം നടത്തി. നേരത്തെ രണ്ടു കുട്ടികൾ വരെ മാത്രമാണ് പ്രസവാവധി നൽകിയിരുന്നത്. ഇനി കുട്ടികളുടെ എണ്ണം നോക്കാതെ പ്രസവാവധി നൽകുമെന്നും അദ്ദേഹം പറഞ്ഞു.