മോഷണക്കേസ് പ്രതിയുമായി പോകുമ്പോൾ പൊലീസ് ജീപ്പ് മറിഞ്ഞു; വഴിയോരക്കച്ചവടക്കാരനു ദാരുണാന്ത്യം

Mail This Article
മാനന്തവാടി ∙ നിയന്ത്രണം വിട്ടു മറിഞ്ഞ പൊലീസ് ജീപ്പിടിച്ച് വഴിയോരക്കച്ചവടക്കാരൻ മരിച്ചു. വള്ളിയൂർക്കാവിനു സമീപം ഉന്തുവണ്ടിയിൽ കച്ചവടം നടത്തിയിരുന്ന ആറാട്ടുതറ തോട്ടുങ്കൽ ശ്രീധരനാണ് (65) മരിച്ചത്. കണ്ണൂരിൽനിന്നു മോഷണക്കേസ് പ്രതിയുമായി വരുമ്പോഴാണ് ഉച്ചയ്ക്കുശേഷം മൂന്നോടെ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ജീപ്പിലുണ്ടായിരുന്ന പ്രതിക്കും 3 പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റു.
അമ്പലവയൽ സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. മോഷണക്കേസ് പ്രതിയായ കണ്ണൂർ മാഹി സ്വദേശി കോറോം ചമൻ പ്രബീഷിനെയും കൊണ്ട് വരുമ്പോഴായിരുന്നു അപകടം. സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ കെ.ബി.പ്രശാന്ത്, ജോളി സാമുവൽ, വി.കൃഷ്ണൻ എന്നിവരും ജീപ്പിലുണ്ടായിരുന്നു. പരുക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ശ്രീധരനെ രക്ഷിക്കാനായില്ല. മഴ പെയ്തതിനാൽ പെട്ടെന്നു ബ്രേക്ക് ചവിട്ടിയപ്പോൾ ജീപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നാണ് കരുതുന്നത്.
പ്രതിഷേധിച്ച് നാട്ടുകാർ
അപകടത്തിൽപ്പെട്ട പൊലീസ് ജീപ്പ് മാറ്റാൻ അനുവദിക്കാതെ നാട്ടുകാരുടെ പ്രതിഷേധം. തേഞ്ഞ ടയറാണ് ജീപ്പിന്റേതെന്നും ഇതാണ് അപകടത്തിന് കാരണമായതെന്നുമാണ് നാട്ടുകാരുടെ ആരോപണം. ശ്രീധരനെ ഇടിച്ചു തെറിപ്പിച്ച ജീപ്പ് ആൽമരത്തിന്റെ തറയിൽ ഇടിച്ച് തലകുത്തനെയാണ് നിന്നത്. ആര്‍ടിഒ വരാതെ വാഹനം നീക്കാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാർ.
വഴിയോരക്കച്ചവടക്കാരന്റെ മരണത്തിന്റെ ഉത്തരവാദിത്തമുൾപ്പെടെയുള്ള കാര്യത്തിൽ തീരുമാനം അറിയിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ആര്‍ടിഒ സ്ഥലത്തെത്തിയെങ്കിലും വാഹനം തലകീഴായി കിടക്കുന്നതിനാൽ പരിശോധന നടത്താനാകില്ലെന്ന് അറിയിച്ചു. കാലപ്പഴക്കമേറിയ ജീപ്പിന്റെ ടയറുകൾ തേഞ്ഞു തീർന്ന നിലയിലായിരുന്നു. ജീപ്പ് അമിത വേഗതയിലായിരുന്നുവെന്നും നാട്ടുകാർ ആരോപിച്ചു.