‘തനിക്കും കുടുംബത്തിനുമുണ്ടായ വിഷമം വലുത്’; തെറ്റ് ഏറ്റുപറഞ്ഞ് ഗോപാലകൃഷ്ണൻ, ക്ഷമിച്ചെന്ന് പി.കെ.ശ്രീമതി

Mail This Article
കൊച്ചി∙ തെറ്റ് ഏറ്റുപറഞ്ഞ ഗോപാലകൃഷ്ണനോട് ക്ഷമിച്ചെന്നു പി.കെ. ശ്രീമതി. അപകീർത്തി കേസിൽ ഇന്ന് ഹൈക്കോടതിയിൽ നേരിട്ടെത്തിയാണു ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ മാപ്പു പറഞ്ഞതും മുന്‍ മന്ത്രി കൂടിയായ സിപിഎം നേതാവ് പി.കെ.ശ്രീമതി ഇത് സ്വീകരിച്ചതും. തനിക്കും കുടുംബത്തിനുമെതിരെ ചാനൽ ചർച്ചയിൽ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശത്തിനെതിരെ ശ്രീമതി നൽകിയ പരാതിയിലായിരുന്നു കേസ്. മാനനഷ്ടക്കേസിൽ ഗോപാലകൃഷ്ണൻ ഇന്ന് ഹൈക്കോടതിയിൽ എത്തി പരസ്യമായി ഖേദം പ്രകടിപ്പിച്ചതോടെ കേസ് ഒത്തുതീർപ്പാവുകയായിരുന്നു. പിന്നീട് മാധ്യമങ്ങൾക്ക് മുമ്പാകെയെത്തിയ ഇരുവരും ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.
പി.കെ.ശ്രീമതി സംസ്ഥാന ആരോഗ്യമന്ത്രിയായിരിക്കെ മകന്‍ സുധീറിന്റെ കമ്പനിക്ക് സർക്കാർ ആശുപത്രികളിൽ മരുന്നു വിതരണം ചെയ്യാനുള്ള കരാർ നൽകിയെന്ന് ഗോപാലകൃഷ്ണൻ ടെലിവിഷൻ ചർച്ചയിൽ ആരോപിച്ചിരുന്നു. എന്നാൽ അടിസ്ഥാനരഹിതമായ ആരോപണം പിൻവലിച്ച് മാപ്പു പറയണമെന്നാവശ്യപ്പെട്ട് ശ്രീമതി അദ്ദേഹത്തിന് നോട്ടിസ് അയച്ചു. ആവശ്യം ഗോപാലകൃഷ്ണൻ നിരസിച്ചതിനെ തുടർന്ന് കണ്ണൂർ മജിസ്ട്രേറ്റ് കോടതിയിൽ ശ്രീമതി കേസ് ഫയൽ ചെയ്തു. അന്തരിച്ച കോൺഗ്രസ് നേതാവ് പി.ടി.തോമസ് പൊതുവേദിയിൽ പറഞ്ഞ കാര്യം താൻ ആവർത്തിക്കുയായിരുന്നു എന്നും എന്നാൽ ഇത് തെളിയിക്കാനുള്ള രേഖകൾ തന്റെ പക്കൽ ഇല്ലെന്നും വ്യക്തമാക്കി ഖേദപ്രകടനത്തിന് ഗോപാലകൃഷ്ണൻ തയാറായി. എന്നാൽ തനിക്കും കുടുംബത്തിനുമേറ്റ അപമാനം നീക്കുന്ന വിധത്തിൽ ക്ഷമാപണം നടത്തുകയാണ് വേണ്ടത് എന്നായിരുന്നു ശ്രീമതിയുടെ പ്രതികരണം.
തുടർന്ന് താൻ മജിസ്ട്രേറ്റ് കോടതിയിൽ മാപ്പു പറഞ്ഞതാണെന്നും അതുകൊണ്ട് ഈ കേസ് റദ്ദാക്കണം എന്നും ആവശ്യപ്പെട്ട് ഗോപാലകൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ചു. പ്രശ്നപരിഹാരത്തിന് ശ്രമിച്ചു കൂടേ എന്ന് കോടതി ആരാഞ്ഞതു പ്രകാരം ഇരുവരും മധ്യസ്ഥതയിലൂടെ പ്രശ്നം പരിഹരിക്കുകയായിരുന്നു. തുടർന്ന് ഗോപാലകൃഷ്ണൻ പി.കെ.ശ്രീമതിയോട് ക്ഷമാപണം നടത്തി. ഇക്കാര്യം മാധ്യമങ്ങൾക്ക് മുമ്പാകെയും പിന്നീട് പങ്കുവച്ചു. ശ്രീമതി ടീച്ചറുടെ മാനസികവിഷമം മാറാത്തതു കൊണ്ടാണ് വീണ്ടും ഖേദം പ്രകടിപ്പിക്കാൻ തയാറായതെന്നു ഗോപാലകൃഷ്ണൻ പറഞ്ഞു.
വസ്തുതകൾ മനസിലാക്കാതെ വ്യക്തിപരമായി ചാനൽ ചർച്ചകളിൽ നടത്തുന്ന അധിക്ഷേപങ്ങൾ ഭൂഷണമല്ലെന്നു ശ്രീമതി പ്രതികരിച്ചു. തനിക്കും മകനും കുടുംബത്തിനും ഉണ്ടായ വിഷമം വലുതായിരുന്നു. അതുകൊണ്ടാണ് കേസുമായി മുന്നോട്ടു പോയത്. അല്ലാതെ അദ്ദേഹത്തെ കേസിൽ കുടുക്കി പ്രശ്നങ്ങൾ ഉണ്ടാക്കണം എന്നതായിരുന്നില്ല ലക്ഷ്യം. ഗോപാലകൃഷ്ണൻ പറ്റിയ തെറ്റ് ഏറ്റുപറഞ്ഞു, ഖേദം പ്രകടിപ്പിച്ചു എന്നും പി.കെ.ശ്രീമതി വ്യക്തമാക്കി.