ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

2016 ഓഗസ്റ്റ് ഒന്ന്. കോട്ടയം ജില്ലയിലെ അതിരമ്പുഴയ്ക്കടുത്തുള്ള അമ്മഞ്ചേരി ഗ്രാമം. അവിടെ ഒരു റബർ തോട്ടത്തിൽ തമിഴ്നാട് സ്വദേശിയായ ടാപ്പിങ് തൊഴിലാളി പോളിത്തീൻ ചാക്കുകെട്ട് കണ്ടു. ബെഡ്ഷീറ്റ് കൊണ്ട് പൊതിഞ്ഞ നിലയിൽ ഒരു സ്ത്രീയുടെ മൃതദേഹമായിരുന്നു അതിൽ. കഴുത്തിലും കൈകളിലും കരുവാളിച്ച പാടുകൾ. മുഖം നീരുവന്നു ചീർത്ത അവസ്ഥ. യുവതി 7 മാസം ഗർഭിണി. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് അക്രമം നടന്നതിന്റെ യാതൊരു ലക്ഷണങ്ങളുമില്ല. ആരാണ് ആ യുവതി? കേരള പൊലീസിനെ കുഴപ്പിച്ച ആ ചോദ്യത്തിന് ഉത്തരംതേടിയുള്ള യാത്രയുടെ ചുരുളഴിഞ്ഞപ്പോൾ അന്വേഷണം എത്തിനിന്നത് ഒരു വർഷം മുൻപു കാണാതായ അശ്വതിയിലാണ്.

രാവിലെ ടാപ്പിങ്ങിനെത്തിയ തൊഴിലാളിയാണ് ഒരു തിട്ടയുടെ മുകളിലിരുന്ന ചാക്കുകെട്ടും അതിലെ മൃതദേഹവും കണ്ടത്. വിവരമറിഞ്ഞ് പൊലീസ് സംഘം കുതിച്ചെത്തി. ഒന്നിലധികം പേർ ചേർന്ന് ചെയ്ത കൊലപാതകം എന്നതായിരുന്നു പൊലീസിന്റെ ആദ്യ സംശയം. അന്വേഷണം തുടങ്ങിയതും ആ വഴിക്കായിരുന്നു. ഒരു യുവതി കൊല്ലപ്പെട്ടു എന്നതല്ലാതെ അവളാരാണെന്നോ, എങ്ങനെ ആ മൃതദേഹം അവിടെ എത്തിയെന്നോ ഉള്ള യാതൊരു തെളിവും പൊലീസിന് കണ്ടെത്താനായില്ല.

സമീപദിവസങ്ങളിൽ ജില്ലയിൽനിന്നു കാണാതായ സ്ത്രീകളുടെ വിവരങ്ങൾ ശേഖരിക്കുക ‌എന്നതായിരുന്നു പൊലീസിന്റെ ആദ്യ നടപടി. സംസ്ഥാനത്തെയും അയൽസംസ്ഥാനങ്ങളിലെയും മുഴുവൻ പൊലീസ് സ്റ്റേഷനുകളിലേക്കും മൃതദേഹത്തിന്റെ ചിത്രം ഉൾപ്പെടെ വിവരങ്ങൾ കൈമാറി. കാണാതായ ചില യുവതികളുടെ ബന്ധുക്കൾ ഫോട്ടോ കണ്ട് എത്തിയെങ്കിലും ആരും മൃതദേഹം തിരിച്ചറിഞ്ഞില്ല. കൊല്ലപ്പെട്ട യുവതി ഗർഭിണിയാണെന്നറിഞ്ഞതോടെ ആശുപത്രികൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം കണ്ടെത്തിയ പ്രദേശത്തെ ആറു മൊബൈൽ ടവറുകളുടെ പരിധിയിൽ നടന്ന ഫോൺവിളികളും സമീപവഴികളിലെ സിസിടിവി ദൃശ്യങ്ങളുമെല്ലാം പരിശോധിച്ചെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല.

ആരാണ് ആ യുവതി? പൊലീസിനെ വല്ലാതെ കുഴപ്പിച്ചൊരു ചോദ്യമായിരുന്നു അത്. അതിന് ഉത്തരം കിട്ടാതെ വന്നതോടെയാണ് പെൺകുട്ടിയുടെ മൃതദേഹം പൊതിഞ്ഞു കെട്ടിയ പോളിത്തീൻ ചാക്ക് വിശദമായി പരിശോധിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ തീരുമാനിച്ചത്. ചാക്കിലുണ്ടായിരുന്ന ഒരു ബാർകോഡ് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ആ ബാർകോ‍‍ഡ് ചുറ്റിപ്പറ്റിയായി പിന്നീടുള്ള അന്വേഷണം. രാജ്യാന്തര കുറിയർ സേവനങ്ങൾ നൽകുന്ന ‘ഗതി’ എന്ന കമ്പനിയുടെ ബാർകോഡാണ് അതെന്നു തിരിച്ചറിഞ്ഞു.

ആ നമ്പറിലുള്ള പാഴ്സൽ ഒന്നര വർഷം മുൻപ് സൗദിയിൽനിന്ന് അയച്ചതാണെന്നു കണ്ടെത്തി. പക്ഷേ, ആർക്കാണ് അയച്ചത് എന്ന വിലാസമില്ലായിരുന്നു. ഡൽഹിയിലെത്തിയ പാഴ്സൽ അവിടെനിന്നു മംഗലാപുരത്തേക്കും പിന്നീട് കോഴിക്കോട്ടേക്കും എത്തിയതാണെന്നു പരിശോധനയിൽ പൊലീസിനു മനസ്സിലായി. പക്ഷേ, അത് കോഴിക്കോട്ടുനിന്ന് എവിടേക്ക് പോയെന്നു മനസ്സിലാകണമെങ്കിൽ അതു കിട്ടിയ ആളിന്റെ വിലാസം വേണം. കോഴിക്കോട് ഓഫിസ് കംപ്യൂട്ടറൈസ്ഡ് അല്ലാത്തതിനാൽ ആ വിലാസം കണ്ടെത്തുക  എളുപ്പമായിരുന്നില്ല. പക്ഷേ, പിന്നോട്ടില്ലെന്ന് പൊലീസ് ഉറപ്പിച്ചു. അങ്ങനെ  ഗോഡൗണിലെ പഴയ റജിസ്റ്ററുകൾ തപ്പാൻ തുടങ്ങി. ഒരു ദിവസം നീണ്ട തിരച്ചിലിനൊടുവിൽ, കോട്ടയത്തുള്ള ഖാദർ യൂസഫ് എന്ന ആൾക്ക് എത്തിയ പാഴ്സലായിരുന്നു അതെന്നു കണ്ടെത്തി. മേൽവിലാസം മാത്രമല്ല, ഖാദർ യൂസഫിന്റെ മൊബൈൽ നമ്പറും ആ റജിസ്റ്ററിലുണ്ടായിരുന്നു. ആ മൊബൈൽ നമ്പറും അഡ്രസും ഉപയോഗിച്ച് ഖാദറിനെപ്പറ്റി പൊലീസ് വിശദമായി അന്വേഷിച്ചു. മൊബൈൽ നമ്പറിന്റെ ടവർ ലൊക്കേഷനും പരിശോധിച്ചു. അപ്പോഴാണ് പ്രതിയിലേക്കു വിരൽ ചൂണ്ടിയ ആ തെളിവ് പൊലീസിനു ലഭിക്കുന്നത്. മൃതദേഹം കണ്ടെത്തിയതിന്റെ തലേദിവസം രാത്രിയിൽ ഖാദർ യൂസഫിന്റെ മൊബൈൽ ഫോണിന്റെ ലൊക്കേഷൻ അമ്മഞ്ചേരിയിലെ ആ റബർ തോട്ടത്തിനു സമീപമായിരുന്നു.

ഈരാറ്റുപേട്ട സ്വദേശി ഖാദർ യൂസഫ് കോട്ടയം അതിരമ്പുഴയിലാണു താമസിക്കുന്നത്. കുറെക്കാലം സൗദിയിലായിരുന്നു. മടങ്ങിയെത്തിയ ശേഷം കോട്ടയത്ത് ശാസ്ത്രി റോഡിൽ സർജിക്കൽ ഉപകരണങ്ങളുടെ കടയിൽ ജോലി ചെയ്യുകയായിരുന്നു. ഖാദർ യൂസഫിനെത്തേടി അയാൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലാണ് പൊലീസ് എത്തിയത്. കരുവാളിച്ചു വികൃതമായ മൃതദേഹത്തിന്റെ ഫോട്ടോ കാണിച്ച് ‘ ഇതാരാണെന്ന് അറിയുമോ’ എന്നായിരുന്നു പൊലീസിന്റെ ആദ്യ ചോദ്യം.

‘ഇത് അശ്വതിയല്ലേ’ എന്ന് പറഞ്ഞു തുടങ്ങിയെങ്കിലും അയാൾ അത് മുഴുവനാക്കിയില്ല. പക്ഷേ, ആ സമയത്ത് അയാളുടെ മുഖത്തു മിന്നിമറഞ്ഞ ഭാവത്തിൽനിന്ന് ആ കൊലപാതകവുമായി ഖാദറിനു ബന്ധമുണ്ടെന്ന് പൊലീസ് ഉറപ്പിച്ചു. അങ്ങനെ ഖാദറിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. ഒന്നര വർഷത്തോളമായി ഖാദർ തനിച്ചാണു താമസിക്കുന്നതെന്നാണു പറഞ്ഞത്. ഭാര്യ വിദേശത്താണ്. പക്ഷേ, ആ വീട്ടിൽ ഒരു സ്ത്രീ അടുത്ത ദിവസങ്ങളിൽ താമസിച്ചതിന്റെ ലക്ഷണങ്ങളെല്ലാം ഉണ്ടായിരുന്നു. ഉപയോഗിച്ചു പാതിയാക്കിയ നെയിൽപോളിഷ് ഉൾപ്പെടെ സ്ത്രീകൾ ഉപയോഗിക്കുന്ന വസ്തുക്കളെല്ലാം പൊലീസ് അവിടെനിന്നു കണ്ടെത്തി. കൂടാതെ വീട്ടിലെ മൂന്നു കട്ടിലുകളി‍ൽ ഒരെണ്ണത്തിൽ ബെഡ് ഷീറ്റ് ഇല്ലായിരുന്നു. പിന്നാലെ ഖാദറിനെ പൊലീസ് കസ്റ്റ‍ഡിയിലെടുത്തു.

ഖാദറിനെ രഹസ്യ കേന്ദ്രത്തിലേക്കു മാറ്റി അശ്വതി ആരാണെന്ന അന്വേഷണം പൊലീസ് തുടർന്നു. അങ്ങനെ അശ്വതിയെ പൊലീസ് തിരിച്ചറിഞ്ഞു. അതിരമ്പുഴയിൽ ഖാദർ യൂസഫിന്റെ എതിർവശത്തെ വീട്ടിലെ ഇരുപതുകാരി. ഒരു വർഷം മുൻപ് പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയിലെ ബന്ധുവീട്ടിൽനിന്നു കാണാതായ ഒരു പെൺകുട്ടി.

ചോദ്യം ചെയ്യലിന്റെ തുടക്കത്തിൽ ഒന്നുമറിയില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറിയെങ്കിലും വീട്ടിലെ ഒരു കട്ടിലിലെ ബെഡ് ഷീറ്റ് എവിടെയെന്ന ചോദ്യത്തിനു മുന്നിൽ ഖാദർ പതറി. മൃതദേഹം കണ്ടെത്തിയ പോളിത്തീൻ ചാക്ക് ഖാദറിന്റെ പേരിൽ പാഴ്സൽ പൊതിഞ്ഞു വന്നതാണെന്നു കൂടി പറഞ്ഞതോടെ മറ്റു വഴികളില്ലെന്ന് അയാൾക്കു മനസ്സിലായി. അങ്ങനെ അയാൾ കുറ്റം ഏറ്റുപറ​ഞ്ഞു.

അതിരമ്പുഴയിലെ വീടിന്റെ എതിർവശത്തു താമസിക്കുന്ന അശ്വതിയുടെ കുടുംബവുമായി ഖാദറിനു നല്ല അടുപ്പമായിരുന്നു. ചിലപ്പോഴൊക്കെ അവിടെ പോവുകയും അശ്വതിയുടെ അച്ഛനൊപ്പം മദ്യപിക്കുകയും ചെയ്തു. പതിയെ അശ്വതിയുമായി ഖാദർ അടുപ്പത്തിലായി. ഖാദർ തനിച്ചു താമസിക്കുന്ന വീട്ടിൽ അശ്വതി നിത്യസന്ദർശകയുമായി. കുറച്ചു ദിവസങ്ങൾക്കു ശേഷം കോഴഞ്ചേരിയിലുള്ള ബന്ധുവീട്ടിലേക്ക് അശ്വതി താമസം മാറി. അവിടെ ഒരു തയ്യൽക്കടയിൽ ജോലിക്കു പോയിത്തുടങ്ങി. അവിടെ നിന്നാണ് അശ്വതിയെ കാണാതായത്. പിന്നാലെ അശ്വതിയുടെ അച്ഛൻ വിശ്വനാഥനും ഒരു ബന്ധുവും കൂടി, യുവതിയെ കാണാനില്ലെന്ന് ആറന്മുള പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

ഏറ്റുമാനൂർ റൂട്ടിലെ ഒരു സ്വകാര്യ ബസിലെ ജീവനക്കാരനും അശ്വതിയും തമ്മിൽ പ്രണയത്തിലായിരുന്നെന്നു സംശയിച്ച അശ്വതിയുടെ ബന്ധുക്കൾ അയാളുടെ വീട്ടിലെത്തിയും അന്വേഷിച്ചിരുന്നു. എന്നാൽ അന്ന് അശ്വതി മുങ്ങിയത് ഖാദറിന്റെ വീട്ടിലേക്കായിരുന്നു. വലിയ മതിൽക്കെട്ടുള്ള ആ വീടിനുള്ളിൽ ഒരു വർഷത്തോളം അയാൾ അശ്വതിയെ ഒളിപ്പിച്ചു താമസിപ്പിച്ചു. കാണാതായ മകൾ വീടിനു തൊട്ടുമുൻപിൽ ഒളിച്ചു താമസിക്കുന്നത് അശ്വതിയുടെ കുടുംബം അറിഞ്ഞതുമില്ല.

ഇതിനിടെയാണ് അശ്വതി ഗർഭിണിയായത്. ഗർഭം അലസിപ്പിക്കണമെന്ന് ഖാദർ ആവശ്യപ്പെട്ടെങ്കിലും അശ്വതി സമ്മതിച്ചില്ല. അതേസമയത്താണ് വിദേശത്തു ജോലി ചെയ്യുന്ന ഭാര്യ നാട്ടിലേക്കു വരുന്നെന്ന് ഖാദറിനെ അറിയിച്ചത്. പിന്നാലെ, എങ്ങനെയെങ്കിലും അശ്വതിയെ ഒഴിവാക്കണമെന്ന് ഖാദർ ചിന്തിച്ചു. പക്ഷേ, താൻ ഗർഭിണിയാണെന്നും ഈ വീട്ടിൽ തന്നെ താമസിക്കുമെന്നുമായിരുന്നു അശ്വതിയുടെ നിലപാട്. അത് ഖാദറിനെ വല്ലാതെ കുഴക്കി.

2016 ജൂലൈ 30. ഗർഭം അലസിപ്പിക്കുന്നതിനെ പറ്റി രാത്രിയിൽ അശ്വതിയും ഖാദറും തമ്മിൽ സംസാരമുണ്ടായി. ഒന്നും രണ്ടും പറഞ്ഞ് വലിയ തർക്കമായി. അപ്പോഴാണ് ഖാദർ അശ്വതിയെ ആക്രമിക്കുന്നത്. ഹാളിലെ കസേരയിൽ ഇരിക്കുകയായിരുന്ന അശ്വതിയെ ഖാദർ ആദ്യം പുറകിലേക്കു പിടിച്ചുതള്ളി. ചുമരിൽ തലയിടിച്ചു നിലത്തുവീണ അശ്വതിയുടെ കഴുത്തു ഞെരിച്ചു. മൂക്കും വായും പൊത്തിപ്പിടിച്ചു മരണം ഉറപ്പാക്കി.

പിന്നാലെ ബെഡ്‌ഷീറ്റെടുത്തു മൃതദേഹം പൊതിഞ്ഞു. പോളിത്തീൻ ചാക്കിലാക്കി ഒരു ദിവസം എസി മുറിയിൽ സൂക്ഷിച്ചു. പിറ്റേന്ന് രാത്രി പത്തരയോടെയാണ് മൃതദേഹവുമായി ഖാദർ പുറത്തിറങ്ങിയത്. കാലിലും കഴുത്തിന്റെ ഭാഗത്തും കയർ കെട്ടി തൂക്കിയെടുത്താണ് മൃതദേഹം  കാറിന്റെ ഡിക്കിയിൽ ഇട്ടത്. മൃതദേഹം ഉപേക്ഷിക്കാൻ പറ്റിയ സ്ഥലം തിരഞ്ഞ് പല വഴികളിലൂടെയും കാറോടിച്ചു. ഒടുവിലാണ് അമ്മഞ്ചേരിയിലെ റബർതോട്ടത്തിലെത്തിയത്. റോഡിൽ മറ്റാരും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം മൃതദേഹം അവിടെ ഉപേക്ഷിച്ചു. കൊലപാതകം നടത്തി അഞ്ചാമത്തെ ദിവസമാണ് ഖാദർ യൂസഫ് പിടിയിലാകുന്നത്. കുറ്റസമ്മതം നടത്തിയതോടെ അയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

പൊലീസ് തന്നിലേക്കെത്തില്ലെന്ന് ഉറപ്പിച്ച ഖാദറിനു പക്ഷെ, വിനയായത് ആ പോളിത്തീൻ കവറായിരുന്നു. ഇരയെ തിരിച്ചറിഞ്ഞ ശേഷം പ്രതിയെ കണ്ടെത്തുന്നതിനു പകരം പ്രതിയിൽനിന്ന് ഇരയിലേക്കു സഞ്ചരിച്ചുവെന്നതാണ് ഈ കേസിന്റെ കൗതുകം. പോളിത്തീൻ ചാക്കിലെ ആ ബാർ കോഡ് ഇല്ലായിരുന്നെങ്കിൽ ഒരിക്കലും അന്വേഷണം ഖാദർ യൂസഫിലേക്ക് എത്തുമായിരുന്നില്ല. അയാളെ കണ്ടെത്തിയില്ലെങ്കിൽ ആ മൃതദേഹം ആരുടേതാണെന്നും തിരിച്ചറിയാനും കഴിയുമായിരുന്നില്ല.

English Summary:

Kerala Police Crack Cold Case: Barcode Leads to Murder Confession. The Kerala Police solved a baffling murder mystery using a barcode on a polythene sack.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com