‘രാഷ്ട്രീയം മുഴുവൻ സമയ ജോലിയല്ല’: മോദിയുടെ ‘വിരമിക്കൽ’ അഭ്യൂഹങ്ങൾക്കു പിന്നാലെ രാഷ്ട്രീയഭാവിയെക്കുറിച്ച് യോഗി
.gif?w=1120&h=583)
Mail This Article
ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘വിരമിക്കൽ’ അഭ്യൂഹങ്ങൾക്കു പിന്നാലെ രാഷ്ട്രീയഭാവിയെക്കുറിച്ച് മനസ്സ് തുറന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഴുവൻ സമയ ജോലിയായി താൻ രാഷ്ട്രീയത്തെ കാണുന്നില്ലെന്ന് വാർത്താ ഏജൻസിയായ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ യോഗി ആദിത്യനാഥ് വ്യക്തമാക്കി. മോദിയുടെ പിൻഗാമിയായി യോഗിയുടെ പേര് ഉയർന്നു കേൾക്കുന്നതിനിടെയാണ് ആദിത്യനാഥ് തന്റെ ഭാഗം പറയുന്നത്.
‘‘നോക്കൂ, ഞാൻ ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രിയാണ്. യുപിയിലെ ജനങ്ങൾക്കുവേണ്ടി ബിജെപിയാണ് എന്നെ ഈ സ്ഥാനത്ത് നിയോഗിച്ചത്. രാഷ്ട്രീയം എന്റെ മുഴുവൻ സമയ ജോലിയല്ല. ഞാനിപ്പോൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്. എന്നാൽ യാഥാർഥ്യത്തിൽ ഞാനൊരു യോഗിയാണ്.’’– ആദിത്യനാഥ് പറഞ്ഞു.
75 വയസ്സ് തികയുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിരമിക്കുമെന്ന ശിവസേന എംപി സഞ്ജയ് റാവുത്തിന്റെ പരാമർശത്തിനു പിന്നാലെ വലിയ ചർച്ചകളാണുയരുന്നത്. 75 കഴിഞ്ഞവർ മന്ത്രി പദവിയിൽ തുടരേണ്ടെന്ന ബിജെപിയുടെ അലിഖിത നിയമത്തെ ചൂണ്ടിക്കാട്ടിയാണ് റാവുത്തിന്റെ പരാമർശം. സെപ്റ്റംബർ 17നാണ് മോദിക്ക് 75 വയസ്സാകുന്നത്. അതേസമയം, ഇത്തരം നിയമങ്ങളൊന്നും ഇല്ലെന്ന് ബിജെപി വ്യക്തമാക്കി. 80 വയസ്സായ ജിതൻ റാം മാഞ്ചി ഇപ്പോൾ കേന്ദ്രമന്ത്രിസഭയിലുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
എത്രകാലം രാഷ്ട്രീയത്തിൽ തുടരുമെന്ന ചോദ്യത്തിന് അതിനും വ്യക്തമായ കാലയളവുണ്ടെന്ന് യോഗി മറുപടി നൽകി. ‘‘നമ്മൾ മതത്തെ ഒരു ചെറിയ ഇടത്തു മാത്രവും രാഷ്ട്രീയത്തെ ഏതാനും വ്യക്തികളിൽ മാത്രവും ഒതുക്കി നിർത്തുകയാണ്. അവിടെനിന്നാണ് പ്രശ്നങ്ങളുണ്ടാകുന്നത്. സ്വന്തം ആവശ്യങ്ങൾക്കു വേണ്ടിയാണ് രാഷ്ട്രീയമെന്നാകുമ്പോൾ അത് പ്രശ്നങ്ങളുണ്ടാക്കുന്നു. എന്നാൽ വലിയ നന്മകൾക്കു വേണ്ടിയാണ് രാഷ്ട്രീയമെങ്കിൽ അവ പരിഹാരങ്ങൾ സൃഷ്ടിക്കുന്നു. പ്രശ്നമാണോ പരിഹാരമാണോ വേണ്ടതെന്ന് നമ്മൾ തിരഞ്ഞെടുക്കണം. അതാണ് മതം നമ്മളെ പഠിപ്പിക്കുന്നത് എന്നാണ് ഞാൻ കരുതുന്നത്.’’– യോഗി പറഞ്ഞു.