മഹാത്മാഗാന്ധിയുടെ പ്രപൗത്രി നിലംബെൻ പരീഖ് അന്തരിച്ചു

Mail This Article
വഡോദര ∙ മഹാത്മാഗാന്ധിയുടെ പ്രപൗത്രി നിലംബെൻ പരീഖ് (92) അന്തരിച്ചു. നവസാരിയിലെ വസതിയിലായിരുന്നു അന്ത്യം. മുത്തച്ഛൻ ഹരിലാലുമായുള്ള മഹാത്മാഗാന്ധിയുടെ ബന്ധത്തെക്കുറിച്ച് എഴുതിയ പുസ്തകത്തിലൂടെയാണ് നിലംബെൻ പരീഖ് പ്രശസ്തയാകുന്നത്. ഹരിലാൽ ഗാന്ധിയുടെയും ഭാര്യ ഗുലാബിന്റെയും അഞ്ച് മക്കളിൽ മൂത്തവളായ റാമി ബെന്നിന്റെ മകളായിരുന്നു നിലംബെൻ.
ആദിവാസി സ്ത്രീകളുടെ ഉന്നമനത്തിനായി മുന്നിട്ടിറങ്ങിയ നിലംബെൻ പരീഖ് പിന്നാക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും നൽകാൻ ജീവിതം മാറ്റിവച്ചു. മകൻ സമീർ പരീഖ് നവസാരിയിൽ നേത്രരോഗവിദഗ്ദ്ധനായി ജോലി ചെയ്യുകയാണ്. മകനാണ് മരണവാർത്ത അറിയിച്ചത്. പരേതനായ യോഗേന്ദ്രഭായിയാണ് ഭർത്താവ്.
‘‘എന്റെ അമ്മയ്ക്ക് യാതൊരു അസുഖവും ഉണ്ടായിരുന്നില്ല. പക്ഷേ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, പ്രായാധിക്യം കാരണം അവർ ഭക്ഷണം കഴിക്കുന്നത് ഏതാണ്ട് ഉപേക്ഷിച്ചിരുന്നു. ക്രമേണ ക്ഷീണിച്ചുകൊണ്ടിരുന്നു. ഇന്നലെ രാവിലെ മുതൽ ഞാൻ അമ്മയുടെ അരികിലിരുന്ന് അവരുടെ കൈപിടിച്ചു. ക്രമേണ അവരുടെ നാഡിമിടിപ്പ് കുറയുന്നതായി എനിക്ക് തോന്നി. യാതൊരു കഷ്ടപ്പാടോ വേദനയോ ഇല്ലാതെ ആയിരുന്നു മരണം. ജീവിതത്തിൽ എനിക്ക് പ്രചോദനം നൽകിയത് അമ്മയുടെ വ്യക്തിപരമായ മൂല്യങ്ങളാണ്’’ – മകൻ സമീർ പരീഖ് പറഞ്ഞു.