അച്ഛന്റെ കടം തീർക്കാൻ ‘മരിച്ച്’ അഭിനയിച്ച് മകൻ; 2 കോടിയുടെ ഇൻഷുറൻസ് തട്ടാൻ വ്യാജ അപകടം

Mail This Article
നജഫ്ഗഡ് ∙ വാഹനാപകടത്തിൽ മകൻ മരിച്ചെന്ന് പറഞ്ഞ് 2 കോടി രൂപയുടെ ഇൻഷുറൻസ് തട്ടിയെടുക്കാൻ ശ്രമിച്ച പിതാവ് പിടിയിൽ. കഴിഞ്ഞ 5നാണ് മകൻ ഗഗൻ ബൈക്ക് അപകടത്തിൽപെട്ടെന്ന് സതീഷ് കുമാർ നജഫ്ഗഡ് പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്. തലയ്ക്കു പരുക്കേറ്റ ഗഗനെ തൊട്ടടുത്ത സർക്കാർ ആശുപത്രിയിലേക്കു കൊണ്ടുപോയെന്നും പ്രാഥമിക ചികിത്സ നൽകിയെന്നുമാണ് സതീഷ് പൊലീസിനോടു പറഞ്ഞത്. എന്നാൽ, രേഖാമൂലം പരാതി നൽകാൻ കൂട്ടാക്കിയില്ലെന്നും കേസെടുക്കുന്നതിനു മുൻപുതന്നെ സ്റ്റേഷനിൽനിന്നു പോയെന്നും ഡിസിപി അങ്കിത് സിങ് അറിയിച്ചു.
ഒരാഴ്ചയ്ക്കു ശേഷം പൊലീസ് ബന്ധപ്പെട്ടപ്പോൾ മകൻ മരിച്ചെന്നും ഉത്തർപ്രദേശിലെ ഹാപൂരിൽ അന്ത്യകർമങ്ങൾ ചെയ്തെന്നും സതീഷ് പറഞ്ഞു. തൊട്ടടുത്ത ദിവസം അപകടമരണത്തിനു കേസെടുത്തില്ലെന്ന് ആരോപിച്ച് അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതിയും നൽകി. എന്നാൽ, സതീഷിന്റെ മൊഴികളിൽ വൈരുധ്യം തോന്നിയ പൊലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു.
ഗഗന്റെ ബൈക്ക് അപകടത്തിൽപെട്ട സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ പരിശോധിച്ച പൊലീസ് ഗഗനും മറ്റൊരാളും ചേർന്നു വ്യാജ അപകടം സൃഷ്ടിച്ചതാണെന്നു കണ്ടെത്തി. പിന്നീട്, ഒരു ഡോക്ടറുടെ സഹായത്തോടെ ഗഗന്റെ തലയിൽ ചെറിയൊരു മുറിവുണ്ടാക്കുകയായിരുന്നെന്നും തെളിഞ്ഞു. തുടർന്ന്, സതീഷിനെ ചോദ്യം ചെയ്തപ്പോഴാണു ഇൻഷുറൻസ് തുക തട്ടിയെടുക്കാനുള്ള ശ്രമമായിരുന്നെന്നു വ്യക്തമായത്. കേസിൽ സതീഷിനെയും സഹായികളായ അഭിഭാഷകനെയും ഡോക്ടറെയും അറസ്റ്റ് ചെയ്തു. സാമ്പത്തിക പ്രതിസന്ധികളുണ്ടായിരുന്ന സതീഷിന് അഭിഭാഷകനായ മൻമോഹനാണ് ഉപായം നിർദേശിച്ചത്. ഒളിവിൽപോയ ഗഗനുവേണ്ടി തിരച്ചിൽ നടത്തുന്നുണ്ടെന്നു പൊലീസ് പറഞ്ഞു.