ADVERTISEMENT

കാക്കനാട്∙ ഓൺലൈൻ ട്രേഡിങ്ങിന് എന്ന വ്യാജേന ഹൈക്കോടതി മുൻ ജഡ്ജിയിൽ നിന്ന് 90 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്നു പേരെ സിറ്റി സൈബർ ക്രൈം പൊലീസ് പിടികൂടി. കണ്ണൂർ പെരിങ്ങത്തൂർ വലിയപറമ്പത്ത് മുഹമ്മദ് ഷാ (33), കോഴിക്കോട് ഇടച്ചേരി സ്വദേശികളായ ചെറിയവട്ടക്കണ്ടിയിൽ എൻ. മിർഷാദ് (32), തെങ്ങുള്ളത്തിൽ മുഹമ്മദ് ഷെർജിൽ (22) എന്നിവരാണു പിടിയിലായത്. ആദിത്യ ബിർള ഇക്വിറ്റി ലേണിങ് എന്ന വാട്സാപ് ഗ്രൂപ്പിൽ അംഗമാക്കിയാണ് ജഡ്ജിയിൽ നിന്ന് 90 ലക്ഷം രൂപ തട്ടിയത്. ഇതിൽ 30 ലക്ഷം രൂപ പിടിയിലായ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തിയതായും പിന്നീടു പിൻവലിച്ചതായും പൊലീസ് കണ്ടെത്തി.

കേസിൽ 6 പേരെ കൂടി പിടികിട്ടാനുണ്ട്. തട്ടിപ്പിലൂടെ ബാങ്ക് അക്കൗണ്ടിലെത്തുന്ന പണം പിൻവലിച്ചു ക്രിപ്റ്റോ കറൻസിയിലൂടെയും ഡോളർ കൺവർഷനിലൂടെയും വിദേശ നിക്ഷേപമാക്കി മാറ്റുകയാണു ഇവർ ചെയ്തിരുന്നത്. നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ റജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ തെളിവുകൾ ലഭിച്ചത്. രാജ്യത്തെ 280 ബാങ്ക് അക്കൗണ്ടുകൾ വഴി 311 ഇടപാടുകൾ ഈ കേസിനോടനുബന്ധിച്ചു നടന്നതായി പൊലീസ് കണ്ടെത്തി. തട്ടിപ്പുകാർ ഉപയോഗിച്ച ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കംബോഡിയ കേന്ദ്രീകരിച്ചാണു തട്ടിപ്പ് ആസൂത്രണം ചെയ്തതെന്ന് വ്യക്തമായി.

വാട്സാപ് ഗ്രൂപ്പിന്റെ അഡ്മിൻമാർ വ്യാജ പേരുകളാണ് ഉപയോഗിച്ചത്. പണം ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതു വഴി വൻ‍ ലാഭം വാഗ്ദാനം ചെയ്തായിരുന്നു ജസ്റ്റിസ് എം. ശശിധരൻ നമ്പ്യാരെ തട്ടിപ്പിനിരയാക്കിയത്. ഡിസംബർ 4 മുതൽ 30 വരെ ജഡ്ജിയുടെ വിവിധ അക്കൗണ്ടുകളിൽ നിന്നാണു തട്ടിപ്പുകാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു പണം നൽകിയത്. കഴിഞ്ഞ ഡിസംബറിൽ ഹിൽപാലസ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണു സിറ്റി സൈബർ പൊലീസ് അന്വേഷണം നടത്തിയത്. സൈബർ ക്രൈം വിഭാഗം വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണു തട്ടിപ്പിലൂടെ ലഭിച്ച പണം തലശ്ശേരിയിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയതായി വ്യക്തമായത്.

ഇതിനുപയോഗിച്ച ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ച് അന്വേഷിച്ചപ്പോൾ ഇവ ഉപയോഗിക്കുന്നവർ കോഴിക്കാട് പാറക്കടവ് ഭാഗത്തുണ്ടെന്നു സൂചന ലഭിച്ചതോടെ സൈബർ ക്രൈം ഇൻസ്പെക്ടർ ഷമീർഖാന്റെ നേതൃത്വത്തിൽ പൊലീസ് അവിടെ എത്തിയാണു രണ്ടു പ്രതികളെ പിടികൂടിയത്. ഇവരിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മൂന്നാമനും കുടുങ്ങി. എഎസ്ഐ ശ്യാംകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ ബിന്ദോസ്, ആൽഫറ്റ് ആൻഡ്രൂസ്, ഷറഫുദ്ദീൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

English Summary:

Kerala Online Fraud: 90 lakh online trading fraud involving a former High Court judge in Kakkanad, Kerala. City Cyber Crime police arrested three, six more absconding; money laundered via cryptocurrency.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com