തെക്കേനടയിലെ ക്രിക്കറ്റ് ക്രൈം; 30 വർഷം പഴക്കമുള്ളൊരു ക്രിക്കറ്റ് ലഹളയുടെ കഥ

Mail This Article
രണ്ടര രൂപയുടെ റബർ പന്തുകൊണ്ടു രണ്ടു ബസുകളുടെ ചില്ലു തകർത്തവർ ആരൊക്കെയെന്ന പൊലീസ് ചോദ്യത്തിന് ‘എനിക്കറിയാം’ എന്നു കണ്ണന്റെ മറുപടി. പേരുകൾ പറയുന്നതിന് അവനൊരു വ്യവസ്ഥ വച്ചു: ഒരു സർബത്ത്. പൊലീസ് ഉത്തരവിട്ട സർബത്ത് കയ്യിൽ വാങ്ങുമ്പോൾ മറുകൈ അവൻ കടക്കാരനു നേരെ ചൂണ്ടി: ‘കൂട്ടത്തിൽ ഈ മാമന്റെ രണ്ടു മക്കളുണ്ട്!’ പിന്നെ എട്ടു പേരുകൾ കൂടി ചറപറാ ഉതിർന്നുവീണു.
1994 മേയ് ആറിനു ഹരിപ്പാട് തെക്കേനടയിൽ കുട്ടികളുടെ ക്രിക്കറ്റ് കളി കാര്യമായ സംഭവത്തിലെ നിർണായക വെളിപ്പെടുത്തലാണ് സർബത്തിന്റെ മധുരത്തിനു പകരമായി സംഭവിച്ചത്. ഒരു റബർ പന്ത് രണ്ടു കെഎസ്ആർടിസി ബസുകളുടെ ചില്ലു തകർത്ത അപൂർവ സംഭവം അന്നു പത്രങ്ങളിൽ വലിയ വാർത്തയായിരുന്നു.
ചില്ലു തകർത്ത കളിയിലെ കേമൻമാർ ഇവരാണ്: രാജേഷ് രാമകൃഷ്ണൻ, സഹോദരൻ രതീഷ് രാമകൃഷ്ണൻ, വേലായുധൻ തമ്പി, ഡോ. മനോജ് ശങ്കരനാരായണൻ, അനിൽ കുമാർ, ബിജു, സുമേഷ്, ശ്രീകുമാർ, അരുൺ ശങ്കർ, രാജേഷ്. 30 വർഷത്തിനു ശേഷം അന്നത്തെ ‘പ്രതികൾ’ ഇന്നും ആ സംഭവം മനസ്സിൽ ചില്ലിട്ടു വച്ചിരിക്കുന്നു. അവരിൽ അഞ്ചുപേർ ആ നെടുങ്കൻ ഷോട്ട് ചെന്നുപതിച്ച പുകിലുകളുടെ വാർഷികത്തിൽ പഴയ ഗ്രൗണ്ടിൽ ഒന്നിച്ചെത്തി. ഇന്ന് ഗ്രൗണ്ടിൽ വലിയൊരു വീടുയർന്നിരിക്കുന്നു. കുറച്ചുഭാഗം ദേശീയപാത വികസിപ്പിക്കാനെടുത്തു. പഴയ ബൗണ്ടറി ലൈനിലൂടെ പണ്ടത്തെക്കാൾ കൂടുതൽ ബസുകൾ ഓടുന്നു.
അന്നവർ അണ്ടർ 17 പ്രായമാണ്. എസ്എസ്എൽസി, പ്രീഡിഗ്രി കാലം. കൊല്ലപ്പരീക്ഷ കഴിഞ്ഞാലുടൻ തുടങ്ങുന്ന കളിയുടെ മൂർധന്യമായിരുന്നു. ഫാസ്റ്റ് ബോളർ വേലായുധൻ തമ്പിയുടെ പന്ത് രാജേഷ് അടിച്ചു നാടുകടത്തി. പന്തു ചെന്നു വീണത് ഹൈവേയുടെ മധ്യത്തിൽ. അവിടെനിന്നു കുത്തിയുയർന്ന്, കിഴക്കുനിന്നെത്തിയ ആലുവ സൂപ്പർ ഫാസ്റ്റിന്റെ ബോണറ്റിൽ തട്ടിത്തെറിച്ചു പടിഞ്ഞാറുനിന്നെത്തിയ കരുനാഗപ്പള്ളി ഫാസ്റ്റ് പാസഞ്ചറിന്റെ ചില്ലു പൊട്ടിച്ചു. അരിശം തീരാത്തതു പോലെ പന്ത് തിരികെ ആലുവ ബസിനു നേരെ ചെന്നു, ആ ചില്ലും തകർത്തു.
എന്താണു നടന്നതെന്നറിയാതെ രണ്ടു ബസും നിർത്തി ഡ്രൈവർമാർ പരിശോധിച്ചു. നിങ്ങളുടെ ബസിൽ നിന്ന് എന്തോ സാധനം തെറിച്ചു വന്നതാണെന്ന് ഒരു ഡ്രൈവർ. അതേ ആരോപണം രണ്ടാമത്തെ ഡ്രൈവർ തിരിച്ചെറിഞ്ഞു. തർക്കം തുടരുമ്പോൾ ഒരു നാട്ടുകാരൻ പന്തു കണ്ടെടുത്തു വന്നു, ഗ്രൗണ്ടിനു നേരെ ചൂണ്ടി, അവിടെ കളിച്ച പിള്ളേരാണു പ്രതികളെന്ന വിവരം കൈമാറി.
ഇനി കെഎസ്ആർടിസിയുടെ മുറയാണ്. ബസുകളിൽനിന്നു യാത്രക്കാരെ ഇറക്കി മറ്റു ബസുകളിൽ കയറ്റിവിട്ടു. പൊലീസിനെ വിളിച്ചു. രണ്ടു പൊലീസ് ഉദ്യോഗസ്ഥർ ഹരിപ്പാട് സ്റ്റേഷനിൽനിന്നു നടന്നു വന്നു. കൃത്യത്തിന്റെ ഉറവിടം പരിശോധിച്ചപ്പോൾ അവിടം വിജനമാണ്. ഒരു ചുവപ്പു ബിഎസ്എ സൈക്കിൾ മാത്രമുണ്ട്.
കളിക്കാരെപ്പറ്റി പൊലീസ് പലരോടും തിരക്കി. ആരുമൊന്നും പറഞ്ഞില്ല. അപ്പോഴാണ് വിജയാനന്ദ് എന്ന കണ്ണൻ ‘എനിക്കറിയാം’ എന്നു പറഞ്ഞു മുന്നോട്ടു നീങ്ങിനിന്നത്. തുമ്പും തുരുമ്പുമില്ലാത്ത കേസിൽ വഴി തുറക്കാനുള്ള മഹാമനസ്കതയ്ക്കു പ്രത്യുപകാരമായി അവനൊരു സർബത്ത് ചോദിച്ചു. നിർണായക സാക്ഷിയെ പൊലീസുകാർ അടുത്തുള്ള രാമകൃഷ്ണന്റെ കടയിലേക്കു കൊണ്ടുപോയി. ധീരകൃത്യത്തിന്റെ പ്രതിഫലം കയ്യിൽ കിട്ടുന്നതു വരെ അവൻ സംയമനം പാലിച്ചു. അടുത്ത നിമിഷം ആദ്യത്തെ രണ്ടു പേരുകൾ പുറത്തുവിട്ടു: ഈ മാമന്റെ രണ്ടു മക്കൾ. രാജേഷും രതീഷും. കൃത്യത്തിനു ശേഷം പ്രതികൾ പലവഴി പാഞ്ഞിരുന്നു. മികച്ച അത്‌ലീറ്റായ ഒരാൾ കിലോമീറ്ററുകൾക്കകലെ എള്ളിൻ കണ്ടത്തിൽ ചെന്നാണു നിന്നത്. മറ്റൊരാൾ രാത്രി വരെ ഏതോ വീടിന്റെ ടെറസിൽ.
സർബത്ത് കുടിച്ച കുട്ടിയിൽ നിന്നു ലഭിച്ച വിലപ്പെട്ട വിവരങ്ങൾ പിന്തുടർന്ന് പൊലീസ് നടത്തിയ വിദഗ്ധ നീക്കങ്ങളിലൂടെ ആറുപേർ അന്നുതന്നെ സംഭവസ്ഥലത്തിനു സമീപത്തെ വീട്ടിൽനിന്നു പിടിയിലായി. ഓട്ടത്തിൽ മുന്നിലായ നാലുപേർ തൽക്കാലം പിടികിട്ടാപ്പുള്ളികൾ. എല്ലാവരെയും പൊലീസ് സ്റ്റേഷനിലെത്തിച്ചത് ചില്ലു പൊട്ടിയ ആലുവ ബസിലാണ്. പ്രധാന ആയുധങ്ങളായ ബോളും ബാറ്റും സംഭവ സ്ഥലത്തു നിന്നു കിട്ടിയ പുത്തൻ സൈക്കിളും തൊണ്ടിയായി ഒപ്പം കയറ്റി. ആറുപേരുടെയും ആദ്യ പൊലീസ് സ്റ്റേഷൻ യാത്ര.
സ്റ്റേഷനിൽ ഇൻസ്പെക്ടർ വലിയ ചുരൽവടിയെടുത്തു പുള്ളികളെ ചോദ്യം ചെയ്യാൻ തുടങ്ങി. ഉത്തരങ്ങൾ ഒട്ടും വൈകിയില്ല. ലോക്കപ്പ് കാട്ടിയും മൂന്നാംമുറ ഓർമിപ്പിച്ചായിരുന്നു ‘ഭേദ്യം.’ പ്രതികൾ കുറ്റം സമ്മതിച്ച സ്ഥിതിക്ക് ഒത്തുതീർപ്പോ ശിക്ഷയോ എന്ന ഘട്ടമായി. കെഎസ്ആർടിസി ഉദ്യോഗസ്ഥരും പ്രതികളുടെ രക്ഷാകർത്താക്കളും ചർച്ച നടത്തി. രണ്ടു ചില്ലിനും കൂടി 6,000 രൂപ നഷ്ടപരിഹാരമെന്നു ധാരണയായി. ഓരോ ആളുടെയും വീട്ടുകാർക്ക് 600 രൂപ വീതം വിഹിതം നിശ്ചയിച്ചു. രണ്ടു മക്കൾക്കും കൂടി 1200 നൽകിയ രാമകൃഷ്ണൻ ഏറ്റവും വലിയ ഓഹരിയുടമയായി. കിഴക്കേനടയിലെ ചന്ദ്രൻപിള്ളച്ചേട്ടന്റെ കടയിൽനിന്നു രണ്ടര രൂപയ്ക്കു വാങ്ങിയ പന്തിന്റെ മൂല്യം ആറായിരമെത്തി. പത്തുപേർക്കും ചേർത്തു നാട്ടിൽ പേരുവീണു: അറുനൂറാൻമാർ.
വിജയാനന്ദ് (കണ്ണൻ) കൂട്ടുകാരുടെ പേരുകൾ വെളിപ്പെടുത്തിയതിനു കാരണമുണ്ട്. ‘ഞാൻ അൽപം കുരുത്തക്കേടായിരുന്നു. അതുകൊണ്ട് അവരെന്നെ കളിക്കാൻ കൂട്ടില്ലായിരുന്നു. എനിക്ക് അധികം കൂട്ടുകാരില്ലാത്തതിന്റെ ഒറ്റപ്പെടലും വാശിയുമുണ്ടായിരുന്നു. എന്നാലും അന്ന് എന്നെ കയ്യിൽ കിട്ടിയെങ്കിൽ അവൻമാർ ഇടിച്ചേനെ.’ ഗ്യാലറിയിലിരിക്കേണ്ടിവരുന്ന കളിക്കാരന്റെ നിരാശ അധികമാർക്കും മനസ്സിലാകില്ല.
അന്നു കണ്ണൻ പറഞ്ഞ പ്രതിപ്പട്ടികയിൽ ജ്യേഷ്ഠൻ ജയദേവനും ഉണ്ടായിരുന്നു. ജയദേവൻ അന്നു കളിച്ചില്ലെന്നും മാമന്റെ വീട്ടിൽ പോയെന്നും കണ്ണൻ അറിഞ്ഞില്ല. അല്ലെങ്കിൽ പട്ടിക പെർഫെക്റ്റ് പ്ലേയിങ് ഇലവൻ ആയേനെ. പൊലീസിനോടുള്ള അന്നത്തെ ‘സുപ്രധാന വെളിപ്പെടുത്തൽ’ വിജയാനന്ദിന്റെ അച്ഛൻ കേട്ടുകൊണ്ടു വരുന്നുണ്ടായിരുന്നു. സർബത്തിന്റെ മധുരത്തിനു പിന്നാലെ അച്ഛന്റെ അടിയുടെ കയ്പു കൂടി കണ്ണനു കിട്ടി. കൂട്ടുകാർക്ക് ഇപ്പോഴും അറിയാത്ത മറ്റൊന്നു കൂടി കണ്ണൻ ഇപ്പോൾ വെളിപ്പെടുത്തുന്നു: സർബത്ത് കുടിച്ചു പേരുകൾ പറഞ്ഞപ്പോൾ പൊലീസുകാർ മിഠായിയും വാങ്ങിത്തന്നു!
മെഡിക്കൽ പ്രവേശന പരീക്ഷയുടെ തലേന്ന് കൂട്ടുകാരുടെ ക്രിക്കറ്റ് കളിയിലേക്ക് എത്തിനോക്കിയാണ് ഡോ. മനോജ് പ്രതിയായത്. ആഴ്ചകളായി വീട്ടിലിരുന്നു പഠിക്കുകയായിരുന്നു. സൈക്കിളിൽ അമ്പലത്തിൽ പോയി തൊഴുതു മടങ്ങുമ്പോൾ കൂട്ടുകാർ കളിച്ചു തിമിർക്കുന്നു. അൽപനേരം അതു കണ്ടു നിൽക്കാൻ ചെന്നതാണ്. ആ സമയത്തു തന്നെ എല്ലാം സംഭവിച്ചു. സൈക്കിൾ ഉപേക്ഷിച്ചു മനോജും ഓടി.
ഡോ. മനോജ് ഇപ്പോൾ ചേപ്പാട് ഗവ. ആയുർവേദ ആശുപത്രിയിൽ ജോലി ചെയ്യുന്നു. വേലായുധൻ തമ്പി ആലപ്പുഴയിലെ മാധ്യമ സ്ഥാപനത്തിൽ, അനിൽ കുമാർ നിർമാണ കമ്പനി മാനേജർ, രാജേഷ് രാമകൃഷ്ണൻ വോഡഫോൺ ഐഡിയയിൽ, ബിജു അധ്യാപക സൊസൈറ്റിയിൽ, രാജേഷും രതീഷ് രാമകൃഷ്ണനും സുമേഷും ഗൾഫിൽ, അരുൺ ശങ്കർ ബെംഗളുരുവിൽ, ശ്രീകുമാർ കേരളത്തിനു പുറത്ത്. വിജയാനന്ദ് വള്ളിക്കാവിലെ അമൃത കോളജ് ജീവനക്കാരൻ. ചില്ലു തകർത്തു പേരെടുത്ത ദിവസം ഓർക്കാൻ സംഘത്തിനു മറ്റൊരു കാരണവുമുണ്ട് – രതീഷിന്റെയും സുമേഷിന്റെയും വിവാഹ വാർഷികം മേയ് ആറിനാണ്. പിന്നീടു കണ്ടക്ടറായ വേലായുധൻ 3 വർഷത്തോളം ആ വഴിക്കും കെഎസ്ആർടിസിയോടു പ്രായശ്ചിത്തം ചെയ്തു.