ADVERTISEMENT

പെൺനടൻ എന്നാണു സന്തോഷ് കീഴാറ്റൂരിന്റെ ഈ നാടകത്തിന്റെ പേര്. എന്നാൽ ആൺ നടിയെന്നതാണ് അതിനെക്കാൾ ഉചിതമെന്നു തോന്നിപ്പോകും. ആണൊരാൾ ഇവിടെ നടിയായി മാറുകയാണ്. ഒരു നടിയല്ല, പല നടിമാർ. വാസവദത്തയായും ലീലയായും മാതംഗിയായുമെല്ലാം അവൾ (അവൻ) പകർന്നാടുന്നു. ഈ വേഷപ്പകർച്ചയുടെ തിരതള്ളലിൽ അവൾ അവനായി മാറുന്നുണ്ട്. ഓച്ചിറ വേലുക്കുട്ടിയാശാനെന്ന നടൻ. നാടകചരിത്രത്തിൽ വേണ്ടവിധം അടയാളപ്പെടുത്താതെ വിട്ടുപോയൊരു നടൻ. പെൺവേഷം മാത്രം കെട്ടിയാടിയതിനാൽ, നിങ്ങൾക്കു പെണ്ണിന്റെ മണമാണ് മനുഷ്യാ എന്നു പറഞ്ഞ് ഭാര്യ പോലും തള്ളിക്കളഞ്ഞയാൾ.

ആണും പെണ്ണും കുമാരനാശാനും വാസവദത്തയുമെല്ലാം ഇടകലർന്നൊരു വല്ലാത്ത ദുരവസ്ഥയിലെത്തിയ വേലുക്കുട്ടിയെന്ന നടന്റെ ആത്മസംഘർഷം പെൺനടനായി വേദിയിലെത്തുന്നു. ആ കളിവിളക്കിൽ സന്തോഷ് കീഴാറ്റൂർ എന്ന നടൻ ഒറ്റയ്ക്കുനിന്ന് കത്തുകയാണ്. അരങ്ങിൽ ഏകനായി ഒന്നര മണിക്കൂർ ആണും പെണ്ണുമായി ഈ നടൻ നടത്തുന്ന അതിശയകരമായ പകർന്നാട്ടം വേലുക്കുട്ടിക്കു മാത്രമുള്ള പ്രണാമമല്ല, അരങ്ങിലും ജീവിതത്തിലും തോറ്റുപോയ എല്ലാ കലാകാരന്മാർക്കുമുള്ള അർപ്പണമാണ്. നടനവും സംഗീതവും ചമയവുമെല്ലാം ഒന്നിനോടൊന്ന് ആവേശത്തോടെ ഇണ ചേർന്നൊരുക്കുന്ന ശിൽപമായി പെൺനടൻ നമ്മോട് ഇഷ്ടം കൂടുന്നു.

നൂറാമരങ്ങിലേക്ക്

നീണ്ടുനീണ്ടു പോകുന്ന ദിവസം പോലെ....നാടകത്തിന്റെ ആരംഭത്തിലുള്ള വാസവദത്തയുടെ ഈ പറച്ചിൽപോലെ സന്തോഷിന്റെ ഈ ഒറ്റയാൾ നാടകം അവതരണത്തിൽ മുന്നേറുകയാണ്. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഈ നാടകം നൂറാമരങ്ങിലേക്ക് അടുക്കുന്നു. വിദേശത്തടക്കം ഒരുപാടു വേദികൾ പിന്നിട്ട നാടകത്തിന്റെ ആദ്യാവതരണം 2015ൽ ആയിരുന്നു. വീട്ടിലെ പട്ടിണി മാറ്റാൻ നന്നേ ചെറുപ്പത്തിലേ നാടകാഭിനയത്തിനിറങ്ങി വേലുക്കുട്ടിയാശാൻ (1905 – 1954). സ്ത്രീകൾ നാടകത്തിൽ അഭിനയിക്കുക പതിവില്ലാത്ത അക്കാലത്തു വേലുക്കുട്ടിക്കു കിട്ടിയതൊക്കെ സ്ത്രീവേഷങ്ങൾ.

കുമാരനാശാന്റെ കരുണ നാടകമാക്കിയപ്പോൾ അതിലെ വാസവദത്തയായി വേലുക്കുട്ടി തകർത്താടി. കേരളത്തിലെമ്പാടും ആ നാടകം അരങ്ങേറി. അക്കാലത്തെ ഒട്ടുമിക്ക നാടകങ്ങളിലും പെൺവേഷം വേലുക്കുട്ടി ആശാനായിരുന്നു. കരുത്തുള്ളൊരു ആൺവേഷത്തിനു കൊതിച്ചെങ്കിലും അരങ്ങു കിട്ടിയില്ല. ഒടുവിൽ അപ്രതീക്ഷിതമായി നാടകസംഘത്തിൽനിന്നു പുറത്താക്കപ്പെടുന്നതോടെ വേലുക്കുട്ടി തകർന്നുപോകുന്നു. വീട്ടിലടക്കം തിരസ്കൃതനാകുന്നു. നാടകക്കാരടക്കമുള്ള കലാകാരന്മാർക്ക് പരിചിതമായ ഈ സംഘർഷത്തിന്റെ കരുത്തുള്ള ആവിഷ്കാരമാണ് പെൺനടൻ.

32 വർഷത്തെ അഭിനയം

സിനിമാ നടൻ കൂടിയായ സന്തോഷിന് 32 വർഷത്തെ നാടകാനുഭവമുണ്ട്. കണ്ണൂരിലെ കീഴാറ്റൂർ സ്വദേശിയായ ഈ നടൻ പതിനാറാം വയസ്സിൽ കണ്ണൂർ സംഘചേതനയിലൂടെയാണ് നാടകത്തിലെത്തുന്നത്. പിന്നീട് എത്രയോ പ്രഫഷനൽ, അമച്വർ വേദികൾ. പുലിമുരുകനിൽ മുരുകന്റെ അച്ഛന്റെ റോളിലടക്കം 55 ഓളം സിനിമകളിൽ അഭിനയിച്ചു.

ജയശങ്കറിൽനിന്ന് പെൺനടൻ

ദീപസംവിധാനത്തിൽ മികവുണ്ടായിരുന്ന സന്തോഷ് കുറെക്കാലം മല്ലികാ സാരാഭായിയുടെ സംഘമായ ദർപ്പണയുമായി സഹകരിച്ചിരുന്നു. ദർപ്പണയോടൊത്ത് ഒരു വർഷത്തോളം അഹമ്മദാബാദിലുണ്ടായിരുന്ന സമയത്താണ് ഓച്ചിറ വേലുക്കുട്ടിയുടെ സമകാലികനും മറാഠി നാടകത്തിൽ സ്ഥിരം പെൺവേഷം കെട്ടിയിരുന്ന നടനുമായ ജയശങ്കർ സുന്ദരിക്ക് അന്നാട്ടുകാർ നൽകുന്ന ആദരം ശ്രദ്ധയിൽപ്പെടുന്നത്.

എല്ലാവരാലും അവഗണിക്കപ്പെട്ട വേലുക്കുട്ടിക്കു തന്റെതായൊരു പ്രണാമമൊരുക്കണമെന്നുതോന്നി സന്തോഷിന്, അതാണു പെൺനടൻ. സന്തോഷ് തന്നെ സംവിധാനം നിർവഹിച്ചിരിക്കുന്ന നാടകത്തിന്റെ രചനയിൽ സുഹൃത്തായ സുരേഷ് ബാബു ശ്രീസ്ഥയും പങ്കാളിയായി. ഡോ.എൻ.കെ.മധുസൂദനനും ഡോ.കെ.എസ്.പ്രശാന്ത് കൃഷ്ണനുമാണ് സംഗീത സംവിധായകർ. ഭാര്യ സിനി സന്തോഷ് കോസ്റ്റ്യും ഡിസൈനറായും പ്ലസ് ടുവിൽ പഠിക്കുന്ന മകൻ യദു സാന്ത് ദീപസംവിധായകനായും നാടകത്തോടൊപ്പമുണ്ട്.

santhosh-keezhatoor-2
സന്തോഷ് കീഴാറ്റൂർ

മുൻപും വേലുക്കുട്ടിയായി

മുൻപ് രണ്ടുതവണ വേലുക്കുട്ടിയാശാനായി സന്തോഷ് അഭിനയിച്ചിട്ടുണ്ട്. ഒരിക്കൽ നാടകത്തിലും പിന്നൊരിക്കൽ സിനിമയിലും. 2008ൽ കൊല്ലം വിശ്വഭാവനയുടെ നാടകമായ അവതാരപുരുഷനിലും 2013ൽ കമൽ സംവിധാനം ചെയ്ത നടൻ എന്ന സിനിമയിലും.

English Summary:

Sunday Special about santhosh keezhattoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com