ADVERTISEMENT

കൊളംബോ ∙ രാജ്യത്തെ പുതിയ പ്രഭാതത്തിലേക്ക് നയിക്കുമെന്ന വാഗ്ദാനത്തോടെ ഇടതു നേതാവ് അനുര ദിസനായകെ‌ ശ്രീലങ്കയുടെ ഒൻപതാമത്തെ പ്രസിഡന്റ് ആയി അധികാരമേറ്റു. ജനത വിമുക്തി പെരമുന (ജെവിപി) നേതാവായ അനുര ദിസനായകെയ്ക്ക് (55) ചീഫ് ജസ്റ്റിസ് ജയന്ത ജയസൂര്യ സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ്യത്ത് ഈ പദവിയിലെത്തുന്ന ആദ്യ മാർക്സിസ്റ്റ് നേതാവാണ് അനുര. എകെഡി (അനുര കുമാര ദിസനായകെ) എന്നെഴുതിയ ശ്രീലങ്കൻ പതാകകളുമായെത്തിയ ആയിരക്കണക്കിന് അനുയായികളുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ചുമതലയേറ്റത്. ചടങ്ങിനു ശേഷം ബുദ്ധ പുരോഹിതരുടെ ആശീർവാദം ഏറ്റുവാങ്ങി. ജനാധിപത്യം സംരക്ഷിക്കുമെന്നും അഴിമതി തുടച്ചുനീക്കുമെന്നും പ്രതിജ്ഞ ചെയ്യുന്നതായി അനുര പറഞ്ഞു. 

‘പുതിയൊരു രാഷ്ട്രീയ സംസ്കാരം കൊണ്ടുവരാനാണ് ജനങ്ങൾ ഞങ്ങളെ ജയിപ്പിച്ചത്. ആ മാറ്റം കൊണ്ടുവരാൻ ഞാൻ തയാറാണ്. 7 പതിറ്റാണ്ടിനിടയിലുണ്ടായ ഏറ്റവും വലിയ കടക്കെണിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കും. ഞാനൊരു മായാജാലക്കാരനല്ല. പക്ഷേ, കൂട്ടായ പ്രയത്നത്തിലൂടെ രാജ്യത്തെ തകർച്ചയിൽ നിന്ന് രക്ഷിക്കും’– അദ്ദേഹം പറഞ്ഞു. ശ്രീലങ്കയ്ക്ക് ഒറ്റയ്ക്ക് നിൽക്കാനാവില്ലെന്നും അയൽ രാജ്യങ്ങളുടെ പിന്തുണ വേണമെന്നും അനുര പറഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുമോദനത്തിന് സമൂഹമാധ്യമത്തിലൂടെ അദ്ദേഹം നന്ദി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സുദൃഢമാക്കണമെന്ന മോദിയുടെ പ്രസ്താവനയെ അംഗീകരിക്കുന്നതായി അദ്ദേഹം പറഞ്ഞു. 

നാഷനൽ പീപ്പിൾസ് പവർ (എൻപിപി) മുന്നണിയുടെ ഭാഗമായാണ് ജെവിപി മത്സരിച്ചത്. തൊട്ടടുത്ത എതിരാളിയും പ്രതിപക്ഷ നേതാവുമായ സജിത് പ്രേമദാസയേക്കാൾ 12 ലക്ഷം വോട്ടാണ് ദിസനായകെയ്ക്ക് കൂടുതൽ ലഭിച്ചത്. ദിസനായകെ 57.4 ലക്ഷം വോട്ടും പ്രേമദാസ 45.3 ലക്ഷം വോട്ടും നേടി. ഇതിനിടെ, പ്രധാനമന്ത്രി ദിനേശ് ഗുണവർധനെ (75) രാജിവച്ചു. പുതിയ പ്രസിഡന്റിന് മന്ത്രിസഭയെ തിരഞ്ഞെടുക്കുന്നതിന് വഴിയൊരുക്കാനാണ് രാജി. പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടാൽ പാർലമെന്റ് പിരിച്ചുവിടുമെന്ന് അനുര ദിസനായകെ പ്രഖ്യാപിച്ചിരുന്നു. 

English Summary:

Anura Kumara Dissanayake becomes Sri Lanka's first Marxist president

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com