ടിബറ്റ് ഭൂകമ്പം: 400 പേരെ രക്ഷിച്ചു; ഇന്നലെ കിൻഗോയിൽ ഭൂകമ്പം, ആൾനാശമില്ല

Mail This Article
ബെയ്ജിങ് ∙ ടിബറ്റിൽ ചൊവ്വാഴ്ച രാവിലെയുണ്ടായ ഭൂകമ്പത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് സൈന്യം 400 പേരെ രക്ഷപ്പെടുത്തി. കൊടും തണുപ്പിൽ അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങി കിടക്കുന്നതായാണ് സംശയിക്കുന്നത്. മൈനസ് 18 ഡിഗ്രി സെൽഷ്യസാണ് പ്രദേശത്തെ താപനില. വീടുകളും മറ്റും തകർന്ന് എല്ലാം നഷ്ടപ്പെട്ട് തുറസ്സായ പ്രദേശങ്ങളിൽ ടെന്റുകളിൽ കഴിയുന്നവർക്കും ഈ തണുപ്പ് ഭീഷണിയാണ്.
126 പേർ മരിക്കുകയും 188 പേർക്ക് പരുക്കേൽക്കുകയും ചെയ്ത ഭൂകമ്പത്തിൽ 3600 വീടുകളാണ് തകർന്നത്. 14,000 രക്ഷാപ്രവർത്തകർ ഇപ്പോഴും തിരിച്ചിൽ തുടരുകയാണ്. പ്രഭവകേന്ദ്രമായ ടിങ്കരിയുടെ സമീപപ്രദേശങ്ങളിലുണ്ടായിരുന്ന 400 വിനോദസഞ്ചാരികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി.
ചൈനീസ് നഗരമായ ക്വിൻഗേയിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഇന്നലെ ഉണ്ടായെങ്കിലും മരണവും വലിയ നാശനഷ്ടങ്ങളും ഉണ്ടായിട്ടില്ല. മഞ്ഞനദിയുടെ ഉദ്ഭവസ്ഥാനത്തിനു സമീപമായിരുന്നു പ്രഭവകേന്ദ്രം. ഇന്ത്യയുടെ അരുണാചൽ അതിർത്തിയോടു ചേർന്ന് ബ്രഹ്മപുത്ര നദിയിൽ ചൈന പുതിയ അണക്കെട്ടു നിർമിക്കാൻ ഉദ്ദേശിക്കുന്ന പ്രദേശത്തുനിന്ന് ടിങ്കരിയിലേക്ക് 500 കിലോമീറ്ററേയുള്ളൂ.