നയതന്ത്ര സംഘര്‍ഷത്തില്‍ ഇന്ത്യ, കാനഡ
Mail This Article
രാജ്യങ്ങള്‍ക്കിടയില്‍ പലപ്പോഴും കലഹം പൊട്ടിപ്പുറപ്പെടുന്നത് അവ അയല്‍വാസികളാണെന്ന കാരണത്താലാണ്. അതിര്‍ത്തിത്തര്‍ക്കം ഉടലെടുക്കുകയും അതു യുദ്ധത്തിനുപോലും ഇടയാക്കുകയും ചെയ്യുന്നു. പക്ഷേ, ഇന്ത്യയും കാനഡയും തമ്മില്‍ ഇപ്പോള്‍ നടന്നു വരുന്ന ഏറ്റുമുട്ടലിന് അത്തരമൊരു അടിസ്ഥാനമില്ല.
കാരണം കാനഡ കിടക്കുന്നത് ഇന്ത്യയില്‍നിന്നു 11,600 കിലോമീറ്റര്‍ അകലെയാണ്. വിമാനത്തില്‍ എത്താന്‍തന്നെ 17 മണിക്കൂര്‍ വേണം. എന്നിട്ടും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ കാനഡയില്‍ നിവസിക്കുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ ദീര്‍ഘകാലമായി വിപുലവും ശക്ത്വുമായ വ്യാപാര വാണിജ്യബന്ധങ്ങള്‍ നിലനില്‍ക്കുന്നുമുണ്ട്.
ഇന്ത്യയും കാനഡയും തമ്മില്‍ കഴിഞ്ഞ ഒരു വര്‍ഷമായി നടന്നുവരുന്ന സംഘര്‍ഷം ഈ പശ്ചാത്തലത്തില്‍ തികച്ചും അസാധാരണമാണ്. നയതന്ത്ര ബന്ധം അടിക്കടി ഉലഞ്ഞുകൊണ്ടിരിക്കുന്നു. മറ്റൊരു പാശ്ചാത്യ രാജ്യവുമായും ഇത്രയും കലുഷമായ ബന്ധം ഇന്ത്യയ്ക്കില്ല. ബന്ധം അടുത്തെങ്ങും മെച്ചപ്പെടുമെന്ന സൂചനകളൊന്നും കാണാനില്ലതാനും.
അതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച (ഒക്ടോബര്‍ 14) സംഭവിച്ചത്. കാനഡയിലെ സ്വന്തം ഹൈക്കമ്മീഷണറെ ഇന്ത്യ തിരിച്ചുവിളിച്ചു. അതിന്‍റെ തൊട്ടുപിന്നാലെ ഹൈക്കമ്മിഷണര്‍ ഉള്‍പ്പെടെ എട്ട് നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിട്ടുപോകാന്‍ കാനഡ ആവശ്യപ്പെടുകയും ചെയ്തു.
ഇന്ത്യയില്‍നിന്ന് ഉുടന്‍തന്നെ അതിനുളള പ്രതികരണമുണ്ടായി. കാനഡയുടെ ആക്ടിങ് കൈഹക്കമ്മിഷണര്‍ അടക്കം ആറ് നയതന്ത്ര ഉദ്യോഗസ്ഥര്‍ മടങ്ങിപ്പോകണമെന്ന് ഇന്ത്യയും ആവശ്യപ്പെട്ടു.
കാനഡയില്‍ പ്രവര്‍ത്തിച്ചിരുന്ന ഖലിസ്ഥാന്‍ തീവ്രവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ കാനഡയില്‍ കൊല്ലപ്പെട്ടതില്‍ ഇന്ത്യക്കു പങ്കുള്ളതായി സംശയമുണ്ടെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തെ തുടര്‍ന്നായിരുന്നു കഴിഞ്ഞ വര്‍ഷം ഇതിന്‍റെയെല്ലാം തുടക്കം. കനേഡിയന്‍ പാര്‍ലമെന്‍റില്‍ ചെയ്ത പ്രസ്താവനയിലായിരുന്നു ട്രൂഡോയുടെ ആരോപണം. തെളിവൊന്നും അദ്ദേഹം വ്യക്തമാക്കിയില്ല. അന്വേഷണം നടന്നുവരികയാണെന്നു മാത്രം പറഞ്ഞു.
അന്വേഷണം പൂര്‍ത്തിയാകുന്നതിനു മുന്‍പ്തന്നെ വെറും സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ ഉന്നയിക്കപ്പെട്ട ഈ ആരോപണം ഇന്ത്യ തള്ളുകയാണ് ചെയ്തത്. എന്നിട്ടും ആ ആരോപണത്തിന്‍റെ അടിസ്ഥാനത്തില്‍തന്നെ അവിടുത്തെ ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ സീനിയര്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ പവന്‍കുമാര്‍ റായിയെ പുറത്താക്കാന്‍ കാനഡ മടിച്ചില്ല.
നിജ്ജാര്‍ വധഗൂഢാലോചനയില്‍ അദ്ദേഹത്തിനു പങ്കുണ്ടെന്നായിരിന്നു ആരോപണം. തിരിച്ചടിയെന്ന നിലയില്‍ ന്യൂഡല്‍ഹിയിലെ കാനഡ ഹൈക്കമ്മിഷനിലെ സമാനപദവിയിലുള്ള ഉദ്യോഗസ്ഥനെ ഇന്ത്യയും പുറത്താക്കി. കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ സഞ്ജയ് വര്‍മയ്ക്കും നിജ്ജാര്‍ വധഗൂഢാലോചനയില്‍ പങ്കുണ്ടെന്നു സംശയിക്കുന്നതായി കാനഡ ആരോപണം ഉന്നയിച്ചതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ഇക്കഴിഞ്ഞ തിങ്കളാഴ്ച (ഒക്ടോബര്‍ 14) മുന്‍പൊരിക്കലും ഇല്ലാത്ത വിധത്തില്‍ മൂര്‍ഛിച്ചത്.
രാജ്യത്ത് അവശേഷിക്കുന്ന ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണെന്നു കാനഡ വിദേശമന്ത്രി മെലാനി ജോളി പിന്നീട് വ്യക്തമാക്കുകയുണ്ടായി.
ഇന്ത്യ വിരുദ്ധമായ പ്രവര്‍ത്തനങ്ങളും ക്രിമിനല്‍ ഇടപെടലുകളും നടത്തിയതിനാല്‍ മൊത്തം 26 പേരെ വിട്ടുകിട്ടണമെന്ന് കാനഡയോട് ഇന്ത്യ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവരില്‍ ഒരാള്‍ (സന്ദീപ് സിങ് സിദ്ധു) കാനഡയുടെ അതിര്‍ത്തി രക്ഷാ ചുമതലയുളള പൊലീസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനാണത്രേ.
വടക്കെ അമേരിക്കന്‍ ഭൂഖണ്ഡത്തിന്‍റെ വടക്കന്‍ മേഖലയില്‍ പരന്നു കിടക്കുന്ന കാനഡ ഒരു വലിയ രാജ്യവും ഭേദപ്പെട്ട സാമ്പത്തിക ശക്തിയുമാണെങ്കിലും രാജ്യാന്തര ശ്രദ്ധയില്‍ അധികമൊന്നും ഇടം പിടിക്കാറില്ല. അതേസമയം ഇന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നു. കാരണം, ധാരാളം ഇന്ത്യക്കാര്‍ അവിടെ നിവസിക്കുന്നു. ഇവരില്‍ കനേഡിയന്‍ പൗരത്വമുളളവരും പ്രവാസികളും വിദ്യാര്‍ഥികളമുണ്ട്.
വിദ്യാര്‍ഥികള്‍ ഒഴികെയുളളവരില്‍ അധികപേരും പഞ്ചാബികളാണ്. അവരില്‍തന്നെ അധികപേരും സിഖ് മതവിശ്വാസികളും. ഇന്ത്യക്കു പുറത്ത് ഏറ്റവുമധികം സിഖ് മതവിശ്വാസികളുള്ള രാജ്യമാണ് കാനഡ.
സിഖുകാര്‍ക്കിടയില്‍ ഖലിസ്ഥാന്‍ വാദികളുമുണ്ട്. പഞ്ചാബിനെ വേര്‍പെടുത്തി സ്വതന്ത്രരാജ്യമാക്കണമെന്ന് ആവശ്യപ്പെടുകയും അതിനുവേണ്ടി അക്രമാസക്തമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്ന ഖലിസ്ഥാന്‍വാദികള്‍ മൂന്നു നാലു ദശകങ്ങള്‍ക്കു മുന്‍പ് ഇന്ത്യയുടെ അഖണ്ഡതയ്ക്ക് വലിയ ഭീഷണിയായിരുന്നു.
ഭീകര പ്രവര്‍ത്തനങ്ങളിലൂടെ കുപ്രസിദ്ധി നേടിയ ഖലിസ്ഥാന്‍ വിഘടനവാദം ഇന്ത്യയില്‍ തുടച്ചുനീക്കപ്പെട്ടു. എങ്കിലും, ഇന്ത്യയില്‍നിന്നു രക്ഷപ്പെട്ട് കാനഡയിലും ബ്രിട്ടനിലും ഓസ്ട്രേലിയയിലും അമേരിക്കയിലും എത്തിയ ഖലിസ്ഥാന്‍വാദികള്‍ ആ രാജ്യങ്ങളില്‍ ഒത്തുചേര്‍ന്നു പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുന്നു. കാനഡ അതിന്‍റെയെല്ലാം പ്രഭവകേന്ദ്രമാവുകയും ചെയ്യുന്നു.
ഖലിസ്ഥാന്‍ വാദികള്‍ കാനഡയില്‍ സ്വതന്ത്രരായി വിഹരിച്ചുകൊണ്ട് ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നകാര്യം ഇന്ത്യ പല തവണ കനേഡിയന്‍ ഗവണ്‍മെന്‍റിന്‍റ ശ്രദ്ധയില്‍പ്പെടുത്തുകയുണ്ടായി. ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥരും ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളും ആക്രമിക്കപ്പെടുകയും ചെയ്തു. പക്ഷേ, കാനഡയുടെ പ്രതികരണം ഇന്ത്യയെ നിരാശപ്പെടുത്തുകയായിരുന്നു.
അതിനിടയിലാണ് ഹര്‍ദീപ് സിങ് നിജ്ജാര്‍ (45) എന്ന ഖലിസ്ഥാന്‍ തീവ്രവാദി നേതാവ് കഴിഞ്ഞ വര്‍ഷം ജൂണില്‍ കാനഡയില്‍ കൊല്ലപ്പെട്ടത്. ഇന്ത്യയില്‍ നിരോധിക്കപ്പെട്ട തീവ്രവാദി സംഘടനകളില്‍ ഒന്നായ ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിന്‍റെ കാനഡ ഘടകത്തിന്‍റെ തലവനായിരുന്നു നിജ്ജാര്‍. 1997ല്‍ കാനഡയിലെത്തുകയും പല ശ്രമങ്ങള്‍ക്കും ശേഷം പൗരത്വം നേടുകയും ചെയ്തു. ഭാര്യയും രണ്ടു മക്കളുമുണ്ട്.
അമേരിക്കയുമായുളള കാനഡയുടെ അതിര്‍ത്തിക്കു സമീപമുളള സറേയിലെ സിഖ് ആരാധനായത്തിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് ട്രക്കിലിരിക്കേയാണ് അയാള്‍ വെടിയേറ്റു മരിച്ചത്. മുഖംമൂടി അണിഞ്ഞിരുന്ന ഘാതകര്‍ രക്ഷപ്പെട്ടു. അവരെ തിരിച്ചറിയാനായില്ല.
എങ്കിലും അവര്‍ ഇന്ത്യയുടെ വാടകക്കൊലയാളികളാണെന്ന ആരോപണം കാനഡ ആവര്‍ത്തിക്കുന്നു. കാനഡയിലെ ഒരു പൗരനെ അവിടെ വച്ചുതന്നെ വിദേശികള്‍ ആക്രമിച്ചു കൊലപ്പെടുത്തുക വഴി കാനഡയുടെ പരമാധികാരം ലംഘിക്കപ്പെട്ടുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കാനഡ അരിശം കൊളളുകയും ചെയ്യുന്നു.
ഇന്ത്യ-കാനഡ ബന്ധത്തിലെ സംഘര്‍ഷാവസ്ഥ ഇന്ത്യയില്‍ ഇതുവരെ അര്‍ഹിക്കുന്നത്ര ഗൗരവത്തില്‍ ചെയ്യപ്പെടാന്‍ തുടങ്ങിയിട്ടില്ല. അതേസമയം ഇരു രാജ്യങ്ങളും തമ്മിലുളള വ്യാപാരത്തെയും ഇന്ത്യയില്‍നിന്നു കാനഡയിലേക്കുളള കുടിയേറ്റത്തെയും ഇതു ബാധിക്കുമോയെന്ന ഉല്‍ക്കണഠ വര്‍ദ്ധിച്ചുവരുന്നുമുണ്ട്.
കാനഡയുടെ പത്താമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഒരു വര്‍ഷത്തിനകം വ്യാപാരം 57 ശതമാനം വര്‍ദ്ധിച്ചുവെന്നായിരുന്നു 2022ലെ കണക്ക്. അത് ഇനിയും വര്‍ധിപ്പിക്കാനുളള ശ്രമങ്ങള്‍ തുടങ്ങാനിരിക്കേയായിരുന്നു നയതന്ത്ര ബന്ധത്തിലെ തിരയിളക്കത്തിന്‍റെ ആരംഭം. കഴിഞ്ഞ വര്‍ഷം ഒട്ടേറെ ഉദ്യോഗസ്ഥരെ ഇരു രാജ്യങ്ങളും തിരിച്ചുവിളിച്ചപ്പോള്‍ തന്നെ വീസ നടപടികള്‍ മന്ദീഭവിക്കുകയും കുടിയേറ്റം പരിമിതപ്പെടുകയും ചെയ്തിരുന്നു.
കാനഡയിലുള്ള എട്ടു ലക്ഷത്തോളം വിദേശ വിദ്യാര്‍ഥികളില്‍ 40 ശതമാനംവരെ (ഏതാണ്ട് 320,000 പേര്‍) ഇന്ത്യയില്‍ നിന്നുള്ളവരാണ്. ഇത്രയേറെ വിദ്യാര്‍ഥികള്‍ വേറെ എവിടെനിന്നുമില്ല. ഫീസും മറ്റുമായി ഇവരില്‍നിന്നു കിട്ടുന്ന പണം കാനഡയെ സംബന്ധിച്ചിടത്തോളം നല്ലൊരു വരുമാനവുമാണ്.