ലുലു റീറ്റെയ്ൽ ഐപിഒ: ഇനി ഉറ്റുനോട്ടം അന്തിമ ഓഹരിവിലയിലേക്ക്; ലിസ്റ്റിങ്ങിലും ബംപർ മുന്നേറ്റ പ്രതീക്ഷ
Mail This Article
പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പിന് കീഴിലെ ലുലു റീറ്റെയ്‍ലിന് ലിസ്റ്റിങ്ങ് ദിനത്തിലും പ്രതീക്ഷിക്കുന്നത് ഓഹരിവിലയിൽ വൻ മുന്നേറ്റം. ഐപിഒയുടെ ഭാഗമായി ഓഹരികൾ വാങ്ങാനുള്ള സമയം നവംബർ 5 വരെയാണ്. നവംബർ ആറിന് അന്തിമ ഓഹരിവില പ്രഖ്യാപിക്കും. നവംബർ 14നാണ് അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ (എഡിഎക്സ്) ലിസ്റ്റിങ്. ഒക്ടോബർ 28ന് പ്രാരംഭ ഓഹരി വിൽപന (ഐപിഒ) ആരംഭിച്ച് ആദ്യ മണിക്കൂറിനകം തന്നെ ലുലു റീറ്റെയ്ൽ ഐപിഒയ്ക്ക് 100 ശതമാനത്തിലധികം സബ്സ്ക്രിപ്ഷൻ (ഓഹരികൾക്കുള്ള അപേക്ഷ) ലഭിച്ചിരുന്നു.
നിക്ഷേപകരിൽ നിന്ന് പ്രതീക്ഷിച്ചതിലും കവിഞ്ഞ സബ്സ്ക്രിപ്ഷൻ ലഭിച്ച പശ്ചാത്തലത്തിൽ ഓഹരി വിൽപന 25 ശതമാനത്തിൽ നിന്ന് ലുലു ഗ്രൂപ്പ് 30 ശതമാനത്തിലേക്ക് ഉയർത്തുകയും ചെയ്തിരുന്നു. 258.2 കോടി ഓഹരികളാണ് ആദ്യം വിൽപനയ്ക്കുവച്ചത്. അധികമായി 51.6 കോടി ഓഹരികൾ കൂടി വിറ്റഴിക്കാൻ തീരുമാനിച്ചതോടെ ഐപിഒയിലെ മൊത്തം ഓഹരികൾ 310 കോടിയായി.
അന്തിമവില വൈകാതെ അറിയാം
ഓഹരിക്ക് 1.94 മുതൽ 2.04 ദിർഹം വരെയാണ് ഐപിഒയിൽ ലുലു റീറ്റെയ്ൽ ഓഹരികളുടെ വില. ഇതിൽ ഉയർന്ന പ്രൈസ്ബാൻഡ് ആയ 2.04 ദിർഹം (ഏകദേശം 46.49 രൂപ) തന്നെയായിരിക്കും അന്തിമവിലയായി പ്രഖ്യാപിച്ചേക്കുക. ഈ വിലയ്ക്ക് സബ്സ്ക്രിപ്ഷൻ അപേക്ഷ സമർപ്പിച്ചവർക്കായിരിക്കും ഓഹരികൾ ലഭിക്കാനും (അലോട്ട്മെന്റ്) സാധ്യത. അലോട്ട്മെന്റ് സംബന്ധിച്ച അറിയിപ്പ് എസ്എംഎസ് വഴി നവംബർ 12ന് നിക്ഷേപകർക്ക് ലഭിക്കും. അലോട്ട്മെന്റോ പ്രതീക്ഷിച്ചത്ര ഓഹരികളോ ലഭിക്കാത്തവർക്കുള്ള റീഫണ്ട് നവംബർ 13നാണ്. നവംബർ 14ന് ലിസ്റ്റിങ്ങും.
ലിസ്റ്റിങ്ങിലും മുന്നേറ്റ പ്രതീക്ഷ
ഐപിഒയിൽ വിറ്റഴിക്കുന്ന ഓഹരികളുടെ എണ്ണം 5% ഉയർത്തി 30 ശതമാനമാക്കിയെങ്കിലും അധികമായി അനുവദിച്ച ഓഹരികൾ പൂർണമായും ലുലു ഗ്രൂപ്പ് നീക്കിവച്ചത് നിക്ഷേപ സ്ഥാപനങ്ങൾക്കായാണ്. അതായത്, റീറ്റെയ്ൽ നിക്ഷേപകരുടെ വിഹിതം 10 ശതമാനത്തിൽ തന്നെ നിലനിർത്തി. ലുലുവിന്റെ ഈ തീരുമാനമാണ് ലിസ്റ്റിങ്ങിലും വൻ മുന്നേറ്റത്തിന് വഴിയൊരുക്കിയേക്കുക എന്നാണ് വിലയിരുത്തലുകൾ.
ഐപിഒയിൽ റീറ്റെയ്ൽ നിക്ഷേപകർക്ക് മൊത്തം നിക്ഷേപകരുടെ എണ്ണവും സബ്സ്ക്രിപ്ഷനുകളും വിലയിരുത്തിയശേഷം മിനിമം 1,000 ഓഹരികൾ വീതം ഉറപ്പുനൽകുമെന്ന് ലുലു ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. അതേസമയം, നിക്ഷേപക സ്ഥാപനങ്ങൾക്കാകട്ടെ 180 ദിവസത്തെ ലോക്ക്-ഇൻ കാലാവധിയുമുണ്ട്. 180 ദിവസത്തിന് ശേഷമേ ഓഹരി വിൽക്കാനോ കൈമാറാനോ ഇവർക്ക് കഴിയൂ. എന്നാൽ, റീറ്റെയ്ൽ നിക്ഷേപകർക്കും യോഗ്യരായ ജീവനക്കാർക്കും നവംബർ 14 മുതൽ തന്നെ ഓഹരി വാങ്ങാം, വിൽക്കാം. ഐപിഒയിൽ അലോട്ട്മെന്റ് ലഭിക്കാത്തവർ നവംബർ 14ന് ലുലു റീറ്റെയ്ൽ ഓഹരികൾക്കായി എഡിഎക്സിലേക്ക് എത്തിയേക്കാം.
ലുലുവിന്റെ ഓഹരികൾ ഒട്ടുമിക്ക നിക്ഷേപകരും മികച്ച നേട്ടം (റിട്ടേൺ) ലക്ഷ്യമിട്ട് ദീർഘകാലത്തേക്ക് (ലോങ്-ടേം) കൈവശം വച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്. അതായത്, ലിസ്റ്റിങ് ദിനത്തിൽ തന്നെ വിറ്റുമാറാനുള്ള സാധ്യത വിരളം. ഇക്കാര്യത്തിൽ പുതിയ നിക്ഷേപകരുടെ (ലുലുവിന്റെ ഓഹരികൾ വാങ്ങിക്കൊണ്ട് ആദ്യമായി ഓഹരി നിക്ഷേപകരംഗത്തേക്ക് ചുവടുവച്ചവർ) തീരുമാനമാകും നിർണായകം. പരമ്പരാഗത ഓഹരി നിക്ഷേപകരിൽ കൂടുതൽ പേരും ലുലുവിന്റെ കൂടുതൽ ഓഹരികൾ പോർട്ട്ഫോളിയോയിൽ കൂട്ടിച്ചേർക്കാനാകും (അക്യുമുലേറ്റ്) ശ്രമിക്കുകയെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.