ഡെറ്റു ഫണ്ടോ ഫിക്‌സഡ് ഡിപ്പോസിറ്റോ: ഏതാണ് മികച്ചത്
Mail This Article
നിക്ഷേപകരില്‍ നിന്ന് സമാഹരിക്കുന്ന പണം ഓഹരിക്കു പകരം കമ്പനി ബോണ്ടുകള്‍, സർക്കാർ കടപ്പത്രങ്ങള്‍, മറ്റ് സ്ഥിര നിക്ഷേപ മാര്‍ഗങ്ങള്‍ തുടങ്ങിയവയില്‍ നിക്ഷേപിക്കുകയും ഇവയില്‍ നിന്ന് ലഭിക്കുന്ന പലിശപോലുള്ള ഉറപ്പായ ലാഭം നിക്ഷേപകര്‍ക്ക് നല്‍കുകയും ചെയ്യുന്ന ഫണ്ടുകളാണ് ഡെറ്റ് ഫണ്ടുകള്‍. ഇന്‍കം ഫണ്ടുകള്‍, ബോണ്ട് ഫണ്ട് തുടങ്ങിയ പേരിലും ഇവ അറിയപ്പെടുന്നു. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടിനേക്കാള്‍ നേട്ട സാധ്യത ഇതില്‍ കുറവായിരിക്കും.
ഡെറ്റ് ഫണ്ടുകളിൽ നിക്ഷേപിക്കണോ?
ലിസ്റ്റ്‌ചെയ്യപ്പെട്ടിട്ടുള്ള സ്ഥിര നിക്ഷേപ മാര്‍ഗങ്ങളിലാണ് ഡെറ്റ് ഫണ്ടുകള്‍ നിക്ഷേപം നടത്തുന്നത്. കമ്പനി ബോണ്ടുകള്‍, ഗവണ്‍മെന്റ് കടപ്പത്രങ്ങള്‍ തുടങ്ങിയവയാണ് അവ. ഇവ നിശ്ചിത വിലയ്ക്ക് വാങ്ങി ലാഭം എടുത്ത് വില്‍ക്കുന്നു. ഇങ്ങനെ വില്‍ക്കുമ്പോള്‍ കിട്ടുന്ന ലാഭം ഫണ്ടിന്റെ അറ്റ ആസ്തി മൂല്യത്തില്‍ വകയിരുത്തുന്നു. ഇതിനുപുറമെ വാങ്ങി കൈവശം വയ്ക്കുന്ന കാലയളവില്‍ പലിശ വരുമാനവും ലഭിക്കും. അതായത് ബാങ്ക് സ്ഥിര നിക്ഷേപത്തില്‍ നിന്നെന്നപോലെ പലിശ വരുമാനവും ലഭിക്കും. ഇത്തരത്തിലുള്ള വരുമാനവും ഡെറ്റ് ഫണ്ടുകളിലേക്ക് വന്നുചേരും. വര്‍ഷാവര്‍ഷം ലഭിക്കുന്ന പലിശ വരുമാനത്തെ 365 കൊണ്ട് ഹരിച്ച് പ്രതിദിന വരുമാനമായി മാറ്റി അറ്റ ആസ്തി മൂല്യത്തോട് ചേര്‍ക്കുന്നു.
സുരക്ഷിതമായ ഫിക്‌സഡ് ഡിപ്പോസിറ്റ് സ്‌കീമുകള്‍ ബാങ്കിലുള്ളപ്പോള്‍ ഏറെക്കുറെ തുല്യമായ നിരക്കില്‍ മാത്രം ലാഭം തരുന്ന ഡെറ്റ് ഫണ്ടുകളില്‍ നിക്ഷേപിക്കേണ്ടതുണ്ടോ എന്ന സംശയം നിങ്ങള്‍ക്കുണ്ടാകാം. ലാഭനിരക്ക്, മുതലിന്റെ സുരക്ഷിതത്വം, ആദായ നികുതി ബാധ്യത, പെട്ടെന്ന് പണമാക്കാനുള്ള സാധ്യത തുടങ്ങിയവയില്‍ ഇവ തമ്മില്‍ ചെറിയ വ്യത്യാസങ്ങളുണ്ട്.
സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ വളരെ മുന്‍പന്തിയിലാണ് ബാങ്ക് ഡിപ്പോസിറ്റ്. ബാങ്കുകള്‍ തകര്‍ന്നുപോയാല്‍ മാത്രമേ അതിലെ നിക്ഷേപത്തിന്റെ കാര്യത്തില്‍ ആശങ്ക ഉണ്ടാകേണ്ടതുള്ളൂ. അങ്ങനെ തകര്‍ന്നാലും അഞ്ചു ലക്ഷം രൂപയുടെ വരെ നിക്ഷേപത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. അതായത് അതില്‍ കൂടുതല്‍ ഉള്ള തുകയുടെ കാര്യത്തില്‍ മാത്രമേ ബാങ്ക് ഡിപ്പോസിറ്റിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടതുള്ളൂ.
എന്നാല്‍ മ്യൂച്വല്‍ ഫണ്ടുകളുടെയും ഡെറ്റ് ഫണ്ടുകളുടെയും കാര്യത്തില്‍ അതല്ല സ്ഥിതി. നല്‍കാവുന്ന ലാഭ നിരക്കിന്റെയോ മുതലിന്റെ സുരക്ഷിതത്വത്തിന്റെയോ കാര്യത്തില്‍ ബാങ്ക് നിക്ഷേപത്തിനുള്ളതുപോലെ യാതൊരു ഉറപ്പും ഒരു ഫണ്ട് ഹൗസിനും നല്‍കാനാവില്ല. സമ്പദ് വ്യവസ്ഥയിലെ പലിശ നിരക്കിന്റെ ഗതിവിഗതികള്‍ക്ക് അനുസരിച്ചാണ് ഡെറ്റ് ഫണ്ടിലെ ലാഭവും. മാത്രമല്ല നിക്ഷേപകരുടെ പണം കടപ്പത്രങ്ങള്‍, ബോണ്ടുകള്‍ തുടങ്ങിയവയില്‍ നിക്ഷേപിക്കുകയാണല്ലോ. ഇത്തരം നിക്ഷേപം സ്വീകരിക്കുന്ന കമ്പനി അത് യഥാസമയം തിരിച്ചുനല്‍കാതെ വന്നാല്‍ അതും ഫണ്ടുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. എന്നാല്‍ ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാകാതിരിക്കാന്‍ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ(സെബി) ശക്തമായ നിയന്ത്രണത്തിലാണ് ഓരോ മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് നിക്ഷേപകരുടെ മുതല്‍ നഷ്ടപ്പെടുന്ന പ്രതിസന്ധികളൊന്നും ഉണ്ടാകില്ലെന്ന് കരുതാം. ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിവാക്കിയാല്‍ ഇതേവരെ കാര്യമായ അത്തരം പ്രതിസന്ധികളൊന്നും ഉണ്ടായിട്ടില്ല.
ലിക്വിഡിറ്റി( പെട്ടെന്ന് പണമാക്കി മാറ്റാനുള്ള സൗകര്യം)
ലിക്വിഡ് ഫണ്ടുകള്‍ വിറ്റാല്‍ 2-3 പ്രവര്‍ത്തിദിവസങ്ങള്‍ എടുക്കും അക്കൗണ്ടില്‍ പണം വരാന്‍. ബാങ്ക് ഡിപ്പോസിറ്റുകള്‍ ക്ലോസ് ചെയ്താല്‍ അപ്പോള്‍ തന്നെ അക്കൗണ്ടിലേക്ക് പണം എത്തും. ഡെറ്റ് ഫണ്ടുകള്‍ വില്‍ക്കുമ്പോള്‍ എക്‌സിറ്റ് ലോഡും മറ്റു ചാര്‍ജുകളും വരും. ബാങ്ക് ഡിപ്പോസിറ്റ് കാലാവധിക്ക് ശേഷമാണ് ക്ലോസ് ചെയ്യുന്നതെങ്കില്‍ ചാര്‍ജുകളൊന്നും ഈടാക്കില്ല.
ലാഭം
ബാങ്ക് പലിശയേക്കാള്‍ ഭേദപ്പെട്ട നിരക്കില്‍ ലാഭം ലിക്വിഡ് ഫണ്ടുകളില്‍ നിന്ന് ലഭിക്കും. പക്ഷേ അതിന് ബാങ്ക് നിക്ഷേപത്തിനില്ലാത്ത ചില റിസ്‌കുകള്‍ സഹിക്കാന്‍ നിക്ഷേപകര്‍ തയ്യാറാകണം. നിക്ഷേപകര്‍ ഫണ്ട് ഹൗസിനെ ഏല്‍പ്പിക്കുന്ന പണം വെല്ലുവിളിയുള്ള ബോണ്ടുകളിലും മറ്റും നിക്ഷേപിക്കുന്നതിലുള്ള റിസ്‌കും പലിശ നിരക്കിലെ വ്യതിയാനം മൂലം ഉണ്ടാകുന്ന റിസ്‌കുമാണ് ഇതില്‍ പ്രധാനം.