അഞ്ചു മാസം, ഏഴ് ടെസ്റ്റ്; ‘ദുരൂഹതകൾ’ ബാക്കിയാക്കി മാധവ് ആപ്തെ മടങ്ങി

Mail This Article
മുംബൈ∙ 1950കളുടെ ആരംഭത്തിൽ വെസ്റ്റിൻഡീസ് മണ്ണിൽ ഐതിഹാസിക പ്രകടനത്തിലൂടെ ശ്രദ്ധ കവർന്ന മുൻ ടെസ്റ്റ് ഓപ്പണർ മാധവ് ആപ്തെ അന്തരിച്ചു. 86 വയസ്സായിരുന്നു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. മുംബൈയിൽനിന്നുള്ള ഈ വലംകയ്യൻ ഓപ്പണർ ഇന്ത്യയ്ക്കായി ഏഴ് ടെസ്റ്റുകളേ കളിച്ചിട്ടുള്ളൂ. അക്കാലത്ത് ക്രിക്കറ്റിലെ അജയ്യ ശക്തികളായ വെസ്റ്റിൻഡീസിനെതിരായ അഞ്ചു ടെസ്റ്റുകൾ ഉൾപ്പെടെയാണിത്. വെറും അഞ്ചു മാസത്തിനുള്ളിൽ ഒതുങ്ങിപ്പോയ രാജ്യാന്തര കരിയറിലാണ് ഇന്ത്യയ്ക്കായി ഏഴ് ടെസ്റ്റ് മൽസരങ്ങൾ കളിച്ചത്. ഈ ഏഴ് മൽസരങ്ങളിൽനിന്ന് 49.27 റൺസ് ശരാശരിയിൽ 542 റൺസാണ് സമ്പാദ്യം. ഇതിൽ ഒരു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയും ഉൾപ്പെടുന്നു. പുറത്താകാതെ നേടിയ 163 റൺസാണ് ഉയർന്ന സ്കോർ.
തകർപ്പൻ പ്രകടനവുമായി ശ്രദ്ധ നേടിയിട്ടും പിന്നീട് ഇദ്ദേഹത്തിന് ഇന്ത്യൻ ജഴ്സിയിൽ അവസരം ലഭിക്കാതെ പോയത് ഇപ്പോഴും ചുരുളഴിയാത്ത രഹസ്യമാണ്. അതേസമയം, തന്റെ രാജ്യാന്തര കരിയറിന് അകാലത്തിൽ തിരശീല വീഴാൻ കാരണം ഇന്ത്യയുടെ ഇതിഹാസ താരം കൂടിയായ ലാലാ അമർനാഥാണെന്നാണ് ആപ്തെ വിശ്വസിച്ചിരുന്നത്. തന്റെ ആത്മകഥയിലും അദ്ദേഹം ഇക്കാര്യം എഴുതിയിട്ടുണ്ട്. അറിയപ്പെടുന്ന വ്യവസായിയായിരുന്ന പിതാവ് ലക്ഷ്മൺ ആപ്തെയുമായി അന്ന് സിലക്ഷൻ കമ്മിറ്റി ചെയർമാനായിരുന്ന ലാലാ അമർനാഥിന് ഉണ്ടായ ബിസിനസ് സംബന്ധമായ വൈരാഗ്യമാണ് തന്റെ കരിയറിനെയും ബാധിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം.
1952 നവംബറിൽ പാക്കിസ്ഥാനെതിരെ മുംബൈയിലായിരുന്നു മാധവ് ആപ്തെയുടെ ടെസ്റ്റ് അരങ്ങേറ്റം. തൊട്ടടുത്ത വർഷം മാർച്ചിൽ വെസ്റ്റിൻഡീസിനെതിരെ കിങ്സ്റ്റണിൽ അവസാന ടെസ്റ്റും കളിച്ചു. നേരത്തെ, 1951–52 കാലഘട്ടത്തിൽ മുംബൈയ്ക്കായി (അന്ന് ബോംബെ) സൗരാഷ്ട്രയ്ക്കെതിരെ രഞ്ജി ട്രോഫി അരങ്ങേറ്റത്തിൽ തന്നെ സെഞ്ചുറി നേടിയാണ് മാധവ് ആപ്തെ വരവറിയിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ മികവു കാട്ടിയതോടെ 1952–53 സീസണിൽ പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിൽ അവസരം ലഭിച്ചു. പാക്കിസ്ഥാനെതിരായ രണ്ട് ടെസ്റ്റുകളിൽ 30, 10*, 42 എന്നിങ്ങനെയായിരുന്നു സ്കോറുകൾ. ഇതോടെ തൊട്ടുപിന്നാലെ വെസ്റ്റിൻഡീസിൽ പര്യടനം നടത്തിയ ടീമിലും സ്ഥാനം നിലനിർത്താനായി.
ആ പരമ്പരയിലെ അഞ്ചു ടെസ്റ്റുകളിലും ഓപ്പണറായിറങ്ങിയ ആപ്തെ, പോളി ഉമ്രിഗറിനു തൊട്ടുപിന്നിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായി. 64, 52, 64, 9, 0, 163*, 30, 30, 15, 33 എന്നിങ്ങനെയായിരുന്നു സ്കോറുകൾ. അഞ്ചു ടെസ്റ്റുകളിൽനിന്ന് 51.11 റൺസ് ശരാശരിയിൽ അടിച്ചുകൂട്ടിയത് 460 റൺസ്. അതും വെസ്റ്റിൻഡീസ് ലോക ക്രിക്കറ്റിലെ രാജാക്കൻമാരായി വാഴുന്ന കാലത്ത് അവരുടെ നാട്ടിൽ. വിജയ് ഹസാരെ, വിനു മങ്കാദ്, വിജയ് മഞ്ജരേക്കർ തുടങ്ങിയവരെല്ലാം റൺവേട്ടയിൽ ആപ്തെയ്ക്കു പിന്നിലായി.
ഈ ഉജ്വല പ്രകടനത്തിന്റെ ചിറകിലേറി ആരാധകരുടെ കയ്യടികളിലേക്കാണ് ആപ്തെ തിരികെ വന്നതെങ്കിലും പിന്നീടൊരിക്കൽപ്പോലും ഇന്ത്യൻ ജഴ്സിയണിയാൻ ആപ്തെയ്ക്ക് അവസരം ലഭിച്ചില്ല. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയ്ക്കായി തിളക്കമാർന്ന പ്രകടനം തുടർന്ന ആപ്തെയ്ക്ക്, പിന്നീട് ഇന്ത്യൻ ജഴ്സിയിൽ അവസരം ലഭിക്കാതെ പോയതിന്റെ നിരാശ എന്നും കൂടെയുണ്ടായിരുന്നു.
English Summary: Former India Test cricketer Madhav Apte passes away