ഐപിഎല്ലിൽ തഴഞ്ഞു; ഇപ്പോൾ ട്വന്റി20 ലോകകപ്പിന്റെ താരം: വിമർശനം ബൗണ്ടറി കടന്നു!
Mail This Article
ട്വന്റി20 ലോകകപ്പ് ഫൈനലിൽ കിവീസിനും വിജയത്തിനുമിടയിൽ ഓസ്ട്രേലിയ വൻമതിൽ കെട്ടിയതു ഡേവിഡ് വാർണറുടെ ഇടംകൈ കൊണ്ട്. ഓസീസ് ഇന്നിങ്സിലെ ടോപ് സ്കോറർ മിച്ചൽ മാർഷായിരുന്നെങ്കിലും കിവീസ് സ്പിന്നർമാരുടെ ആക്രമണത്തിന്റെ പഴുതടച്ചതു വാർണറെന്ന ഇടംകൈ ബാറ്ററുടെ സാന്നിധ്യമാണ്.
മിച്ചൽ സാന്റ്നർ, ഇഷ് സോധി എന്നീ സ്പിന്നർമാരാണു ടൂർണമെന്റിൽ ഇതുവരെ എതിർ ബാറ്റിങ് നിരയെ വെള്ളം കുടിപ്പിച്ചു കിവീസിനു വിജയമൊരുക്കിയിരുന്നത്. എന്നാൽ, ഇടംകൈ സ്പിന്നർമാർക്കെതിരെ മികച്ച റെക്കോർഡുള്ള വാർണർ ഇന്നലെ കിവീസ് സ്പിൻ ആക്രമണത്തിന്റെ മുനയൊടിച്ചു. ഇടംകൈ പേസർ ട്രെന്റ് ബോൾട്ടിനെതിരെയും വാർണർ കളിയുടെ തുടക്കത്തിൽ ആധിപത്യം നേടി.
2020 മുതൽ ട്വന്റി20 ക്രിക്കറ്റിൽ 93 റൺസ് ശരാശരിയിലാണു വാർണർ ഇടംകൈ സ്പിന്നർമാർക്കെതിരെ റൺസ് നേടിയത്. പുറത്തായത് ഒരേയൊരു തവണയും. ലെഗ് സ്പിന്നർമാർക്കെതിരെ വാർണറുടെ സ്ട്രൈക്ക് റേറ്റ് 145 ആണ്. ഇടംകൈ സ്പിന്നർ സാന്റ്നറെ മുൻപു പവർപ്ലേയിൽ ഉപയോഗിച്ചിരുന്ന കെയ്ൻ വില്യംസൻ ഇന്നലെ സാന്റ്നർക്കു പന്തു നൽകാൻ വൈകിയതു വാർണറുടെ ഈ റെക്കോർഡ് ഭയന്നാകാം. 7–ാം ഓവറിൽ പന്തെറിയാനെത്തിയ സോധിയും 8–ാം ഓവറിലെത്തിയ സാന്റ്നറും തുടക്കം മുതൽ വാർണറുടെയും മാർഷിന്റെയും പ്രഹരത്തിന് ഇരയായി.
കഴിഞ്ഞ ഐപിഎൽ സീസണിൽ മോശം പ്രകടനത്തിന്റെ പേരിൽ ഹൈദരാബാദ് സൺറൈസേഴ്സ് ടീമിൽനിന്നു തന്നെ തഴയപ്പെട്ട വാർണർ പക്ഷേ, ലോകകപ്പിൽ തന്റെ മൂല്യം തെളിയിച്ചു. ടൂർണമെന്റിലെ ആദ്യ 3 മത്സരങ്ങളിൽ 80 റൺസ് മാത്രം നേടിയ താരം മികവിലേക്കുയർന്നതു പിന്നീടുള്ള 4 മത്സരങ്ങളിലാണ്. 4 കളികളിൽ നിന്ന് 209 റൺസ് നേടിയ വാർണറുടെ ബാറ്റിങ് ശരാശരി നൂറിനു മുകളിലാണ്.
English Summary: David Warner stunns critics, by winning player of the tournment award