‘ഷെയ്ൻ വോൺ രാജസ്ഥാനായി ഐപിഎൽ നേടുമ്പോൾ കേരളത്തിൽ എവിടെയോ ക്രിക്കറ്റ് കളിക്കുകയാണു ഞാൻ’
Mail This Article
അഹമ്മദാബാദ്∙ 2008ൽ ഓസീസ് ഇതിഹാസ സ്പിന്നർ ഷെയ്ൻ വോണിന്റെ നായകത്വത്തിൽ രാജസ്ഥാൻ റോയൽസ് പ്രഥമ ഐപിഎൽ കിരീടം സ്വന്തമാക്കുമ്പോൾ ഫ്രാഞ്ചൈസിയുടെ ഇപ്പോഴത്തെ നായകനായ സഞ്ജു സാംസണു 13 വയസ്സേ ഉണ്ടായിരുന്നുള്ളു. വെള്ളിയാഴ്ച രാത്രി, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ ജയത്തോടെ രാജസ്ഥാന്‍ ഫൈനലിലേക്കു മുന്നേറിയതിനു ശേഷം സ്റ്റാർ സ്പോർട്സ് ചാനലിനോടുള്ള ഔദ്യോഗിക പ്രതികരണത്തിൽ, സഞ്ജു 2008ലെ കാര്യങ്ങൾ ഓർത്തെടുക്കാന്‍ ശ്രമിച്ചു.
‘അന്നു കേരളത്തിൽ എവിടെയോ ഞാൻ അണ്ടർ 16 ഫൈനൽ കളിക്കുകയാണ്. ഷെയ്ൻ വോൺ, സുഹൈൽ തൻവീർ എന്നിവരുടെ നേതൃത്വത്തിൽ രാജസ്ഥാൻ റോയൽസ് കിരീടം നേടുന്നതു കണ്ടു’– സഞ്ജു പറഞ്ഞു. 2008നു ശേഷം ആദ്യമായാണു രാജസ്ഥാന്‍ റോയൽസ് ഐപിഎൽ ഫൈനലിൽ പ്രവേശിക്കുന്നത്.
ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ തോൽവി വഴങ്ങിയ രാജസ്ഥാൻ, 2–ാം ക്വാളിഫയറിൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനെതിരെ നേടിയ 7 വിക്കറ്റിന്റെ ആധികാരിക വിജയത്തോടെയാണു ഫൈനലിലേക്കു മുന്നേറിയത്.
‘ ഐപിഎല്ലിൽ തോൽവിക്കു ശേഷം തിരിച്ചുവന്നിട്ടുള്ള ചരിത്രമാണു രാജസ്ഥാനുള്ളത്. ദൈർഘ്യമേറിയ ടൂർണമെന്റാണിത്. പ്രകടനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. അഹമ്മദാബാദിൽ ആദ്യം ബോൾ ചെയ്യാനായത് ഉപകാരമായി. പേസ് ബോളർമാർക്കു വിക്കറ്റിന്റെ സഹായം ലഭിച്ചു. വിക്കറ്റിലെ മികച്ച ബൗൺസ് സ്പിൻ ബോളർമാരുടെ ജോലി കൂടുതൽ എളുപ്പമാക്കി, പക്ഷേ ഞങ്ങളുടെ പേസർമാരാണ് ഉജ്വലമായ രീതിയിൽ ബോൾ ചെയ്തത്’– സഞ്ജു പറഞ്ഞു.
4 ഓവറിൽ 22 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണ, 23 റൺസ് വഴങ്ങി 3 വിക്കറ്റെടുത്ത ഒബിദ് മക്കോയ്, 60 പന്തിൽ 10 ഫോറും 6 സിക്സും അടക്കം പുറത്താകാതെ 106 റൺസ് എടുത്ത ജോസ് ബട്‌ലർ എന്നിവരുടെ പ്രകടനമാണു രാജസ്ഥാൻ ജയത്തിൽ നിർണായകമായത്. 21 പന്തിൽ ഒരു ഫോറും 2 സിക്സും അടക്കം 23 റൺസാണു മത്സരത്തിൽ സഞ്ജു നേടിയത്.
English Summary: I was playing U-16 final when Warne and Tanvir won IPL final in 2008: Sanju Samson