ഷെയ്ൻ വോണുമായി ഡേറ്റിങ്ങിലായിരുന്നു: രഹസ്യ ബന്ധം പരസ്യമാക്കി ലോകത്തിലെ ‘ഹോട്ടസ്റ്റ്’ അമ്മൂമ്മ
Mail This Article
മെൽബണ്‍∙ ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണുമായുള്ള രഹസ്യ ബന്ധം വെളിപ്പെടുത്തി സമൂഹമാധ്യമമായ ഓസ്ട്രേലിയ ഓണ്‍ലി ഫാൻസ് താരം ഗിന സ്റ്റെവാർട്ട്. ഷെയ്ൻ വോൺ മരിക്കുന്നതുവരെ അദ്ദേഹവുമായി സ്ഥിരമായി ബന്ധപ്പെട്ടിരുന്നതായി അവർ അവകാശപ്പെട്ടു. ‘വേൾഡ്സ് ഹോട്ടെസ്റ്റ് ഗ്രാൻഡ്മാ’ എന്നാണ് ഗിന സ്റ്റെവാർട്ട് സമൂഹമാധ്യമ ഹാൻഡിലുകളില്‍ സ്വയം വിശേഷിപ്പിക്കുന്നത്. താരത്തിന്റെ മരണത്തിനു ശേഷം മാസങ്ങളോളം താൻ തകർന്നു പോയ അവസ്ഥയിലായിരുന്നെന്നും വോൺ തന്റെ സുഹൃത്തും മനസ്സാക്ഷിസൂക്ഷിപ്പുകാരനും ആയിരുന്നെന്നുമൊക്കെയാണ് 51 വയസ്സുകാരി പറയുന്നത്.
‘‘ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാൻ ആകെ തകർന്ന അവസ്ഥയിലായിരുന്നു. ലോകത്തിന് ഒരു ഇതിഹാസത്തെയാണു നഷ്ടമായത്, എനിക്ക് ഒരു സുഹൃത്തിനെയും മനസ്സാക്ഷിസൂക്ഷിപ്പുകാരനെയുമാണു നഷ്ടമായത്. ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമാണു സംഭവിച്ചത്. ഞാനും ഷെയ്നും ഡേറ്റിങ്ങിലായിരുന്നു, പക്ഷേ അധികമാർക്കും അക്കാര്യം അറിയില്ല. അദ്ദേഹം അക്കാര്യം രഹസ്യമാക്കി വയ്ക്കാൻ ആഗ്രഹിച്ചു– സ്റ്റെവാര്‍ട്ട് ഒരു രാജ്യാന്തര മാധ്യമത്തോടു പറഞ്ഞു. 2018ലാണ് ഷെയ്ൻ വോണുമായി സംസാരിച്ചു തുടങ്ങിയതെന്നും പിന്നീടു ഗോൾഡ് കോസ്റ്റിൽവച്ച് കൂടിക്കാഴ്ച നടത്തിയതായും അവർ പറഞ്ഞു.
‘‘ ഒരു ക്രിക്കറ്റ് മത്സരത്തിനു ശേഷം അദ്ദേഹം ഗോള്‍ഡ് കോസ്റ്റിലെത്തി. ഞങ്ങൾ രാത്രി മുഴുവൻ സംസാരിച്ചും മനസ്സിലാക്കിയും ഇരുന്നു. അദ്ദേഹത്തിൽ എനിക്കു വളരെ താൽപര്യം തോന്നി. ജീവിതത്തെക്കുറിച്ചു പറയുന്നതു കേൾക്കാനും ഇഷ്ടമായിരുന്നു. ഞങ്ങൾ വളരെയേറെ അടുത്തു. ഇക്കാര്യം പുറത്തുപറയില്ലെന്നു ഞാൻ അദ്ദേഹത്തിനു വാക്കുനൽകിയിരുന്നു. മാധ്യമങ്ങള്‍ കാര്യങ്ങളൊന്നും അറിയാതിരിക്കാൻ വളരെയേറെ ശ്രദ്ധിച്ചിരുന്നു. ഞങ്ങൾ രണ്ടുപേരും എപ്പോഴും തൊപ്പിയും സൺ ഗ്ലാസും ധരിച്ചാണു നടന്നിരുന്നത്. മെൽബണിൽവച്ചും ഞാൻ അദ്ദേഹത്തെ കണ്ടിരുന്നു’’.
‘‘ഞാൻ ആദ്യമായാണ് ഇക്കാര്യം പുറത്തുപറയുന്നത്. എന്റെ ജീവിതം ഞാൻ സ്വകാര്യമാക്കിവച്ചു. അദ്ദേഹം വളരെ വലിയ മനുഷ്യസ്നേഹിയാണെന്ന് ആളുകൾ മനസ്സിലാക്കണമെന്ന് എനിക്കുണ്ട്. അദ്ദേഹം തായ്‍ലൻഡിലേക്കു പോകുന്നതിനു മുൻപും സംസാരിച്ചിരുന്നു. എല്ലാ കാര്യങ്ങളും നല്ലപോലെ കേള്‍ക്കുന്നതാണ് അദ്ദേഹത്തിന്റെ സ്വഭാവം’’– സ്റ്റെവാർട്ട് പ്രതികരിച്ചു. മാർച്ച് നാലിന് തായ്‍ലൻഡിൽവച്ച് ഹൃദയാഘാതത്തെ തുടർന്നാണ് ഷെയ്ൻ വോൺ മരിച്ചത്.
English Summary: 'World's hottest grandma' claims she was dating Shane Warne before his death