ADVERTISEMENT

ഇവാൻ വുക്കൊമനോവിച്ച് എന്ന തന്ത്രങ്ങളുടെ ഇന്ദ്രജാലക്കാരൻ ഈ സീസണിലെ ആദ്യ മത്സരത്തിൽ വിജയാരംഭം കുറിച്ചു മടങ്ങുമ്പോൾ ഇവാൻ കല്യൂഷ്നി എന്ന യുക്രെയ്ൻ യുവതാരമാണു ആരാധകരുടെ എല്ലാമെല്ലാം. ഇവാൻ ആശാന്റെ അതേ പേരുമായി ഇവാൻ കല്യൂഷ്നിയുടെ അരങ്ങേറ്റ പ്രകടനം ആരാധകർക്കു സമ്മാനിച്ച പ്രതീക്ഷകൾ ചെറുതൊന്നുമാകില്ല. ആന്ദ്രേ ഷെവ്ചെങ്കോയുടെ നാട്ടുകാരനു സെൻട്രൽ മിഡ്ഫീൽഡിലാണു ദൗത്യമെങ്കിലും ആൾ പിന്നോട്ടിറങ്ങി മുന്നോട്ടുകുതിച്ചു കയറാനും കെൽപ്പുള്ള കറതീർന്ന യൂട്ടിലിറ്റി പ്ലെയറാണ്, പോരാളിയാണ്, പ്രതിഭാശാലിയാണ്.

യൂറോപ്യൻ ക്ലബ് ഫുട്ബോളിൽ യുക്രെയ്നിന്റെ വിലാസമായ ഡൈനാമോ കീവിലൂടെ ശ്രദ്ധ നേടിയ ഇവാൻ ഡിഫൻസീവ് മിഡ്ഫീൽഡറായും സെന്റർ ബാക്കായും പലതവണ കളത്തിലിറങ്ങിയിട്ടുണ്ട്. യുക്രെയ്ൻ ക്ലബ് എഫ്‌കെ ഒലക്‌സാണ്ട്രിയയിൽ നിന്നു വായ്‌പാടിസ്ഥാനത്തിലാണ് ഇരുപത്തിനാലുകാരനായ കല്യൂഷ്നിയെ വുക്കൊമനോവിച്ച് ബ്ലാസ്‌റ്റേഴ്‌സിന്റെ കൂടെക്കൂട്ടിയത്‌. ഡൈനാമോ കീവിനു വേണ്ടി യുവേഫ യൂത്ത്‌ ലീഗിൽ കളിച്ച താരം മെറ്റലിസ്‌റ്റ്‌ 1925 ഹർകീവിനൊപ്പമാണു സീനിയർ കരിയർ തുടങ്ങിയത്. കളത്തിൽ പോരാട്ടവീര്യത്തിന്റെ പര്യായമെന്നു വിശേഷിപ്പിക്കേണ്ട സാന്നിധ്യമാണു കല്യൂഷ്നിയുടേത്.

ബ്ലാസ്റ്റേഴ്സിന്റേതു പോലെ മഞ്ഞക്കുപ്പായമണിഞ്ഞു കളത്തിലിറങ്ങുന്ന യുക്രെയ്നിന്റെ ജൂനിയർ ടീമുകളിലെ സ്ഥിരക്കാരനായിരുന്ന മധ്യനിരതാരം ഈ സീസണിൽ കേരളത്തിന്റെ തുറുപ്പുചീട്ടായി മാറുമെന്നാണു വുക്കൊമനോവിച്ച് വിലയിരുത്തുന്നത്. കളത്തിലിറങ്ങും മുൻപേ കൊച്ചിയിലെ മാധ്യമപ്രവർത്തകരോടു സെർബിയൻ കോച്ച് പറഞ്ഞതു കല്യൂഷ്നിയിൽ ഒരു കണ്ണു വച്ചോളൂ എന്നാണ്. വെയ്റ്റ് ആൻഡ് വാച്ച് എന്നു സസ്പെൻസ് നിറച്ച ആവേശത്തോടെ കല്യൂഷ്നിയുടെ മാസ് വരവു കലൂരിൽ പതിനായിരങ്ങൾ കണ്ണിമ വെട്ടാതെ കണ്ടു കോരിത്തരിച്ചു.

കോച്ച് ഒരു കണ്ണുവച്ചോളാൻ പറഞ്ഞ യുക്രെയ്ൻ ബോംബറിൽ ഇനി മാധ്യമപ്രവർത്തകരും ആരാധകരും മാത്രമല്ല, ഐഎസ്എലിലെ 10 എതിരാളികളും കണ്ണുവയ്ക്കും. ഒന്നല്ല, രണ്ടു കണ്ണുകളും ആ കൗശലക്കാരനിൽ വയ്ക്കണമെന്നാകും ഹൈദരാബാദ് മുതൽ നോർത്ത് ഈസ്റ്റ് വരെയുള്ള ടീമുകളുടെ പരിശീലകർ ശിഷ്യഗണങ്ങളോടു പറയുക!.

English Summary: Ivan Kalyuzhnyi type of player we wanted, says KBFC coach Vukomanovic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com