ടോട്ടനത്തെ വീഴ്ത്തി ആർസനൽ വീണ്ടും രണ്ടാമത്; വോൾവ്സിനെ 3–0ന് തകർത്ത് ന്യൂകാസിൽ യുണൈറ്റഡ് നാലാം സ്ഥാനത്ത്
Mail This Article
ലണ്ടൻ ∙ കരബാവോ കപ്പ് സെമിയിൽ ന്യൂകാസിൽ യുണൈറ്റഡിനോടും എഫ്എ കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോടു പെനൽറ്റി ഷൂട്ടൗട്ടിൽ തോറ്റു പുറത്തായതിന്റെ ക്ഷീണം മറന്ന്, ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ ആർസനലിന് വിജയത്തുടർച്ച. ഇത്തവണ കരുത്തരായ ടോട്ടനം ഹോട്‍സ്പറിനെ പിന്നിൽനിന്നും തിരിച്ചടിച്ച് തോൽപ്പിച്ചത് 2–1ന്. ആദ്യപകുതിയിലായിരുന്നു മൂന്നു ഗോളുകളും. 25–ാം മിനിറ്റിൽ സൺ ഹ്യൂങ് മിന്നിന്റെ ഗോളിൽ മുന്നിലെത്തിയ ടോട്ടനത്തിനെതിരെ, ഡൊമിനിക് സോളങ്കെയുടെ സെൽഫ് ഗോളും (40–ാം മിനിറ്റ്), ലിയാൻദ്രോ ട്രൊസ്സാർഡിന്റെ (44–ാം മിനിറ്റ്) ഗോളുമാണ് ആർസനലിന് വിജയം സമ്മാനിച്ചത്.
മറ്റു മത്സരങ്ങളിൽ ആസ്റ്റൺ വില്ല എവർട്ടനെയും (1–0), ക്രിസ്റ്റൽ പാലസ് ലെസ്റ്റർ സിറ്റിയെയും (2–0), ന്യൂകാസിൽ യുണൈറ്റഡ് വോൾവ്സിെയും (3–0) തോൽപ്പിച്ചു. ഇതോടെ, പോയിന്റ് പട്ടികയിൽ ഒന്നാമൻമാരായ ലിവർപൂളുമായുള്ള വ്യത്യാസം ആർസനൽ അഞ്ചായി കുറച്ചു. 20 കളികളിൽനിന്ന് 47 പോയിന്റുള്ള ലിവർപൂളിനു പിന്നിൽ, 21 മത്സരങ്ങളിൽനിന്ന് 43 പോയിന്റാണ് ആർസനലിന്റെ സമ്പാദ്യം. നോട്ടിങ്ങം ഫോറസ്റ്റ് (21 കളിയിൽ 41 പോയിന്റ്), ന്യൂകാസിൽ യുണൈറ്റഡ് (21 കളിയിൽ 38 പോയിന്റ്) എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിൽ.
നേരത്തെ, പോയിന്റ് പട്ടികയിലെ ആദ്യ 2 സ്ഥാനക്കാരായ ലിവർപൂളും നോട്ടിങ്ങാം ഫോറസ്റ്റും 1–1 സമനിലയിൽ പിരിഞ്ഞതു ലിവർപൂളിനു തോൽവിയോളം വലിയ ആഘാതമായി. 8–ാം മിനിറ്റിൽ ക്രിസ് വുഡിന്റെ ഗോളിൽ നോട്ടിങ്ങാം ഫോറസ്റ്റ് ലീഡ് നേടിയെങ്കിലും 66–ാം മിനിറ്റിൽ ഡിയേഗോ ജോട്ടയുടെ ഗോളിൽ ലിവർപൂൾ ഗോൾ മടക്കി തടി രക്ഷപ്പെടുത്തി. നാലാം സ്ഥാനക്കാരായ ചെൽസി ബോൺമൗത്തുമായി 2–2 സമനിലയിൽ പിരിഞ്ഞതു തിരിച്ചടിയായി. കോൾ പാമർ (13–ാം മിനിറ്റ്), റീസെ ജയിംസ് (90+5) എന്നിവരാണു ഗോൾ നേടിയത്. നിലവിൽ 37 പോയിന്റുമായി ചെൽസി അഞ്ചാം സ്ഥാനത്താണ്.
ബ്രെന്റ്ഫഡ്– മാഞ്ചസ്റ്റർ സിറ്റി മത്സരവും സമനിലയായി (2–2). ഫിൽ ഫോഡനാണു സിറ്റിയുടെ 2 ഗോളുകളും നേടിയത്. ആറാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് 21 കളിയിൽ 35 പോയിന്റ്.
∙ ബാർസയ്‌ക്ക് വിജയത്തുടർച്ച
റയൽ മഡ്രിഡിനെ 5–2ന് തകർത്ത് സ്പാനിഷ് സൂപ്പർകപ്പിൽ മുത്തമിട്ട ബാർസിലോന, കോപ്പ ദെൽ റേയിലും വിജയക്കുതിപ്പ് തുടരുന്നു. റയൽ ബെറ്റിസിനെ 5–1ന് തകർത്ത് ബാർസ കോപ്പ ദെൽ റേയിൽ ക്വാർട്ടറിൽ കടന്നു. ഗാവി (3–ാം മിനിറ്റ്), ജൂൾസ് കൂണ്ടെ (27), റാഫീഞ്ഞ (58), ഫെറാൻ ടോറസ് (67), ലാമിൻ യമാൽ (75) എന്നിവരാണ് ബാർസയ്ക്കായി ഗോൾ നേടിയത്. റയൽ ബെറ്റിസിന്റെ ആശ്വാസ ഗോൾ 84–ാം മിനിറ്റിൽ വിട്ടർ റോക് നേടി. മറ്റു മത്സരങ്ങളിൽ അത്‍ലറ്റിക്കോ മഡ്രിഡ് എൽച്ചയെയും (4–0), ഗെറ്റഫെ പോണ്ടെവേദ്രയെയും (1–0), ലെഗാനസ് അൽമേരിയയെയും (3–2) തോൽപ്പിച്ചു.