മലയാളി താരോദയം: കിരൺ ജോർജിന് ഒഡീഷ ഓപ്പൺ ബാഡ്മിന്റനിൽ കിരീടം
Mail This Article
കട്ടക്ക് ∙ ഒഡീഷ ഓപ്പൺ സൂപ്പർ 100 ബാഡ്മിന്റനിൽ കൊച്ചി സ്വദേശി കിരൺ ജോർജ് ജേതാവ്. 58 മിനിറ്റ് നീണ്ട പുരുഷ സിംഗിൾസ് ഫൈനലിൽ പ്രിയാംശു രജാവത്തിനെയാണു സീഡില്ലാ താരമായ കിരൺ തോൽപിച്ചത് (21–15, 14–21, 21–18). ബെംഗളൂരുവിലെ പ്രകാശ് പദുക്കോൺ അക്കാദമിയിലാണ് ഇരുപത്തൊന്നുകാരനായ കിരൺ പരിശീലനം നടത്തുന്നത്.
വനിതാ ഡബിൾസിൽ മലയാളിതാരം ട്രീസ ജോളിയും മുൻ രാജ്യാന്തര താരവും പരിശീലകനുമായ പി.ഗോപിചന്ദിന്റെ മകൾ ഗായത്രി ഗോപിചന്ദും ചേർന്നുള്ള സഖ്യം ജേതാക്കളായി. ഫൈനലിൽ സംയോഗിത ഘോർപഡെ – ശ്രുതി മിശ്ര സഖ്യത്തെ തോൽപിച്ചു (21–12, 21–10). കണ്ണൂർ ചെറുപുഴ സ്വദേശിനിയാണു പതിനെട്ടുകാരിയായ ട്രീസ. ഹൈദരാബാദിലെ ഗോപിചന്ദ് അക്കാദമിയിലാണു പരിശീലനം.
മിക്സ്ഡ് ഡബിൾസ് ഫൈനലിൽ ട്രീസ ജോളി – എം.ആർ.അർജുൻ സഖ്യം ശ്രീലങ്കയുടെ തിൽനി – സച്ചിൻ സഖ്യത്തോടു തോറ്റു (16–21, 20–22).
വനിതാ സിംഗിൾസിൽ സ്മിത് തോഷ്നിവാലയെ തോൽപിച്ച് പതിനാലുകാരി ഉന്നതി ഹൂഡ ജേതാവായി. സ്കോർ: 21–18, 21–11.
സൂപ്പർ 100 ടൂർണമെന്റിൽ ജേതാവാകുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമാണ് ഉന്നതി.
English Summary: Unnati Hooda and Kiran George Emerge Champions at Odisha Open 2022