അവൾ അന്തസ്സ് കാത്തു, ലോകസുന്ദരി മത്സരത്തിൽ ടൂ പീസ് ധരിക്കാൻ പ്രിയങ്ക വിസമ്മതിച്ചു: മധു ചോപ്ര

Mail This Article
2000ൽ മില്ലേനിയൽ മിസ് വേൾഡ് കിരീടം ചൂടിയാണ് പ്രിയങ്ക ചോപ്ര സൗന്ദര്യ ലോകത്ത് ചരിത്രം സൃഷ്ടിച്ചത്. പതിനെട്ടാം വയസ്സിലെ കിരീട നേട്ടത്തിന് പിന്നാലെ അഭിനയരംഗത്ത് സജീവമായ പ്രിയങ്ക ബോൾഡ് സമീപനങ്ങളിലൂടെ ആരാധക മനസ്സുകളിൽ ചിരപ്രതിഷ്ഠ നേടുകയും ചെയ്തു. സൗന്ദര്യ മത്സരങ്ങളിൽ മത്സരാർത്ഥികൾ വിവിധ റൗണ്ടുകളിലായി വ്യത്യസ്ത വേഷങ്ങൾ ധരിക്കേണ്ടതുണ്ട്. എന്നാൽ ലോകസുന്ദരി മത്സരത്തിൽ പങ്കെടുക്കുന്ന സമയത്ത് ടൂ പീസ് സ്വിം സ്യൂട്ട് ധരിക്കേണ്ട ഘട്ടമെത്തിയപ്പോൾ പ്രിയങ്ക അതിന് വിസമ്മതിച്ചു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അമ്മ മധു ചോപ്ര.
‘ലഹ്‌റൻ റെട്രോ’ എന്ന മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മധു ചോപ്രയുടെ വെളിപ്പെടുത്തൽ. 1999ൽ ഇന്ത്യയെ പ്രതിനിധീകരിച്ച് യുക്താ മുഖി ലോകസുന്ദരി പട്ടം കരസ്ഥമാക്കിയിരുന്നു. അതിനാൽ തൊട്ടടുത്ത വർഷം തന്നെ മറ്റൊരു ഇന്ത്യക്കാരി കിരീടം നേടാനുള്ള സാധ്യതയും കുറവായിരുന്നു എന്നും മധു ചോപ്ര പറയുന്നുണ്ട്. പക്ഷേ പ്രിയങ്ക തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. എങ്കിലും ആ സമയത്തും തനിക്ക് കംഫർട്ടബിൾ അല്ലാത്ത ഒരു കാര്യവും അഡ്ജസ്റ്റ് ചെയ്യാൻ ഒരിക്കലും പ്രിയങ്ക തയാറായിരുന്നില്ല എന്ന് ഓർമിച്ചെടുക്കുകയാണ് മധു ചോപ്ര.
പ്രിയങ്കയുടെ സ്വഭാവവും രീതികളും എല്ലായിടത്തും ശ്രദ്ധ നേടിയിരുന്നു. മത്സരത്തിന്റെ ഭാഗമായി നടന്ന സ്വിം വെയർ കോമ്പറ്റീഷനിൽ ടൂ പീസ് വസ്ത്രം ധരിക്കാനാണ് താരത്തോട് സംഘാടകർ ആവശ്യപ്പെട്ടത്. എന്നാൽ അതിനു താത്പര്യമില്ലാത്തതിനാൽ തനിക്ക് സാധിക്കില്ല എന്ന് പ്രിയങ്ക തുറന്നു പറഞ്ഞു. തികച്ചും പ്രൊഫഷണലായ രീതിയിൽ തന്നെ പ്രിയങ്ക തന്റെ അന്തസ്സ് കാത്തുസൂക്ഷിക്കുകയായിരുന്നു എന്നാണ് ഈ സംഭവത്തെക്കുറിച്ച് മധു ചോപ്ര വിവരിക്കുന്നത്.
ഒരുതരത്തിലും രോഷപ്രകടനമായോ ശാഠ്യമായോ ആയിരുന്നില്ല സംഘാടകരുടെ ആവശ്യത്തെ പ്രിയങ്ക നിരാകരിച്ചത്. മാന്യമായ രീതിയിൽ തന്നെ നിലപാട് പ്രിയങ്ക വ്യക്തമാക്കിയതുമൂലം ആ അഭിപ്രായത്തെ അംഗീകരിക്കാൻ സംഘാടകരും തയാറാവുകയായിരുന്നു. 2000ൽ നടന്ന മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തിൽ ലാറാ ദത്തയാണ് ഒന്നാം സ്ഥാനത്ത് എത്തിയിരുന്നത്. പ്രിയങ്കയായിരുന്നു റണ്ണർ അപ്പ്. എന്നാൽ പിന്നീട് ലാറാ ദത്തയെ തന്റെ ഉറ്റ സുഹൃത്താക്കി മാറ്റാനും പ്രിയങ്കയ്ക്ക് സാധിച്ചു എന്ന് മധു ചോപ്ര പറയുന്നു. മത്സരത്തിനു വേണ്ടി റാംപ് വോക്കും സ്വയം മേക്കപ്പ് ചെയ്യുന്നതും എല്ലാം പ്രിയങ്കയെ പഠിപ്പിച്ചത് ലാറയാണ്. ഇരുവരും ഉയർന്ന നിലവാരമുള്ള വ്യക്തിത്വം കാത്തുസൂക്ഷിക്കുന്നവരാണെന്നും മധു ചോപ്ര കൂട്ടിച്ചേർത്തു.