ADVERTISEMENT

ബഹിരാകാശ രംഗത്തെ സുസ്ഥിര ശക്തികളിലൊന്നായി ഇന്ത്യ കഴിഞ്ഞ പതിറ്റാണ്ടുകളിലെ മഹാശ്രമങ്ങളിലൂടെ മാറിക്കഴിഞ്ഞു. ഇപ്പോഴിതാ സ്വന്തം നിലയിൽ ബഹിരാകാശ സഞ്ചാരികളെ അയയ്ക്കാനുള്ള ഗഗൻയാൻ പദ്ധതിക്കും കാഹളമായിരിക്കുകയാണ്. ബഹിരാകാശ യാത്രകൾ മനുഷ്യവംശത്തിന്‌റെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ്. ഭൂമിയെന്ന അതിരിനപ്പുറം മനുഷ്യവംശത്തിന്‌റെ സ്വാധീനം വർധിപ്പിച്ച നിർണായക പ്രവർത്തനങ്ങളിലൊന്നായിരുന്നു ഇത്. ബഹിരാകാശത്തേക്ക് അനേകം യാത്രികർ പോയിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഒലിവർ ഡീമൻ. 

കുറച്ചു വർഷങ്ങൾ മുൻപ് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, ഭൂമിയിൽ നിന്നു 93 കിലോമീറ്ററോളം ഉയരത്തിൽ യാത്ര ചെയ്ത് കാർമൻ ലൈൻ എന്ന സാങ്കൽപിക രേഖ കടന്ന് ബഹിരാകാശത്തെത്തിയിരുന്നു.തന്റെ കമ്പനിയായ ബ്ലൂ ഒറിജിന്റെ പേടകമായ ന്യൂ ഷെപാർഡിലായിരുന്നു ബെസോസിന്‌റെ  യാത്ര . ബെസോസിനോടൊപ്പം സ്വന്തം സഹോദരനായ മാർക് ബെസോസ് ഉൾപ്പെടെ 3 പേർ കൂടി യാത്രയിൽ പങ്കു ചേർന്നു.അക്കൂട്ടത്തിലൊരാളായിരുന്നു ഡീമൻ.വെറും 18 വയസ്സാണ് ബഹിരാകാശത്തേക്കു യാത്ര ചെയ്തപ്പോൾ ഡീമന്റെ പ്രായം.

നെതർലൻഡ്സാണു ഡീമന്റെ സ്വദേശം. ബ്ലൂ ഒറിജിൻ യാത്രയിലെ ഒരു സീറ്റിനായി ലോകവ്യാപകമായി ഒരു വലിയ ലേലം നടത്തിയിരുന്നു. 28 മില്യൻ യുഎസ് ഡോളറായിരുന്നു(ഏകദേശം 210 കോടി രൂപ) ഈ സീറ്റിനു വിലയിട്ടിരുന്നത്. ഇത്രയും വലിയ വിലയായിട്ടും ആയിരക്കണക്കിനു പേർ ലേലത്തിൽ പങ്കെടുത്തു. ഒടുവിൽ ഒരു അജ്ഞാത വ്യക്തി ഇത്രയും പണം കൊടുത്ത് സീറ്റ് വാങ്ങി. എന്നാൽ യാത്ര സംഭവിക്കാറായതോടെ ആ പേരു വെളിപ്പെടുത്തപ്പെട്ടിട്ടില്ലാത്ത വ്യക്തി യാത്രയിൽ നിന്നൊഴിവായി. തിരക്കു മൂലം യാത്ര ചെയ്യാനൊക്കാത്തതായിരുന്നു കാരണം. ഇതോടെയാണു ഡീമനു നറുക്കുവീണത്. 

Image Credit: luckyluke007/Shutterstock
Image Credit: luckyluke007/Shutterstock

അജ്ഞാത വ്യക്തി പിൻമാറി

ശതകോടീശ്വരനായ ജോസ് ഡീമന്റെ മകനാണ് ഒലിവർ. ജോസ് ഡീമൻ സീറ്റിന്റെ ലേലത്തിൽ പങ്കെടുത്തിരുന്നു. അജ്ഞാത വ്യക്തി പിൻമാറിയതിനെത്തുടർന്ന് സീറ്റ് ഒഴിഞ്ഞപ്പോൾ അദ്ദേഹത്തിനാണ് ബഹിരാകാശത്തു പോകാൻ അവസരം കിട്ടിയതും. എന്നാൽ ബഹിരാകാശത്തെയും നക്ഷത്രങ്ങളെയുമൊക്കെ ഏറെ സ്നേഹിക്കുന്ന തന്റെ പ്രിയപ്പെട്ട മകനുവേണ്ടി സ്നേഹസമ്പന്നനായ ആ പിതാവ് സീറ്റ് കൈമാറ്റം നടത്തുകയായിരുന്നു.സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞ ശേഷം ഒരുവർഷമായി പൈലറ്റ് ലൈസൻസ് ലഭിക്കാനുള്ള പ്രക്രിയകളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ഒലിവർ ഡീമൻ. 

ബഹിരാകാശ യാത്രയിൽ ഉപദേശങ്ങൾ തേടി പ്രശസ്ത ഡച്ച് യാത്രികനായ ആന്ദ്രേ കുയ്പേഴ്സിനെ ഡീമൻ സമീപിച്ചിരുന്നു. ചിത്രങ്ങളൊന്നും എടുക്കാൻ നോക്കാതെ ബഹിരാകാശത്തു നിന്നുമുള്ള ഭൂമിയുടെ കമനീയ ദൃശ്യം ആവോളം ആസ്വദിക്കാനാണ് കുയ്പേഴ്സ് അവനു നൽകിയ ഉപദേശം.ഒട്ടേറെ പരിശീലനങ്ങളും മറ്റും നേടിയായിരുന്നു ഇതിനു മുൻപുള്ളവർ ബഹിരാകാശത്തു പൊയ്ക്കൊണ്ടിരുന്നത്. അതിനാൽ തന്നെ യാത്രികരുടെ ശരാശരി പ്രായം 34 വയസ്സായിരുന്നു. അതു വരെ ബഹിരാകാശത്തു പോയിട്ടുള്ളവരിൽ ഏറ്റവും പ്രായം കുറഞ്ഞത് സോവിയറ്റ് കോസ്മോനോട്ടായ ജെർമോൺ ടിറ്റോവിനായിരുന്നു.

blue-orgin-3 - 1
Oliver Daemen./ Blue Origin

അമേരിക്കയുടെ ആദ്യകാല വൈമാനിക

യൂറി ഗഗാറിനു ശേഷം ബഹിരാകാശം സന്ദർശിച്ച രണ്ടാമത്തെ വ്യക്തിയായ ടിറ്റോവിന് യാത്രയിൽ വെറും 25 വയസ്സ് മാത്രമായിരുന്നു പ്രായം.ലോകത്തെ ഏറ്റവും ചെറുപ്പക്കാരൻ ബഹിരാകാശയാത്രികന്റേത് മാത്രമല്ല, ഏറ്റവും പ്രായം കൂടിയ ബഹിരാകാശയാത്രികന്റെയും റെക്കോർഡ് യാത്ര പൂർത്തീകരിച്ചച്ചതോടെ ബെസോസ് സംഘത്തിനു ലഭിച്ചു. മറ്റൊരു യാത്രികയായ വാലി ഫങ്കിന് 82 വയസ്സാണ്.

അമേരിക്കയുടെ ആദ്യകാല വൈമാനികയായ ഫങ്ക് പണ്ട് നാസയുടെ പരിശീലനത്തിൽ പങ്കെടുക്കുകയും ബഹിരാകാശത്തു പോകാൻ തയാറെടുക്കുകയും ചെയ്ത വ്യക്തിയാണ്. എന്നാൽ അന്നത്തെ കാലത്ത് സ്ത്രീകൾക്ക് അധികം പ്രോത്സാഹനം ലഭിക്കാത്തതിനാൽ യാത്ര, ഫങ്കിന് ഒരു സ്വപ്നമായി തുടർന്നു. ഈ സ്വപ്നത്തിന് ബ്ലൂ ഒറിജിനിലൂടെ ഒടുവിൽ സാക്ഷാത്കാരം ലഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com