വിഷം നിറച്ച ആപ്പിൾ അധ്യാപകനു നൽകിയ ഓപ്പൺഹൈമർ! ഇതു സത്യമോ മിഥ്യയോ?

Mail This Article
ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ ആരാധനാപാത്രമായ ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഓപ്പൺഹൈമർ എന്ന സിനിമയിൽ ആളുകളെ ഞെട്ടിച്ച ഒരു സീനുണ്ട്. ആറ്റം ബോംബിന്റെ പിതാവെന്നറിയപ്പെടുന്ന ശാസ്ത്രജ്ഞനായ റോബർട് ജെ ഓപ്പൺഹൈമർ പൊട്ടാസ്യം സയനൈഡുള്ള ആപ്പിൾ തന്റെ അധ്യാപകന് കൊടുത്തു കൊല്ലാൻ നോക്കുന്നതായിരുന്നു ആ സീൻ.
കേംബ്രിജിലെ പഠനകാലത്ത് തനിക്ക് ഇഷ്ടമില്ലാത്ത പാട്രിക് ബ്ലാക്കറ്റ് എന്ന അധ്യാപകനെ കൊല്ലാൻ നോക്കുന്നതായിരുന്നു ആ സീൻ. ഓപ്പൺഹൈമർ കേംബ്രിജിൽ യഥാർഥത്തിൽ പഠിച്ചിട്ടുണ്ട്. ഓപ്പൺഹൈമറെപ്പറ്റി പിൽക്കാലത്ത് എഴുതിയ ജീവചരിത്രമായ അമേരിക്കൻ പ്രോമിത്യൂസിൽ ഈ സംഭവം എഴുതിച്ചേർത്തിട്ടുണ്ട്.

ഈ സീൻ സിനിമയിൽ ഉപയോഗിക്കാൻ നോളന് പ്രചോദനമായത് ഈ ജീവചരിത്രമാണ്. ഓപ്പൺഹൈമറുടെ ഒരു സുഹൃത്ത് പറഞ്ഞെന്ന രീതിയിലാണ് ഈ പരാമർശം വന്നത്. സംഭവം വിവാദമായെന്നും ഓപ്പൺഹൈമറുടെ പ്രബലനായ പിതാവ് ഇത് ഒതുക്കിത്തീർത്തെന്നുമായിരുന്നു പരാമർശം.
എന്നാൽ ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് ഓപ്പൺഹൈമറുടെ പേരമകനായ ചാൾസ് പിന്നീട് പറഞ്ഞിരുന്നു.ശാസ്ത്രജ്ഞൻമാരിലെ ഒരു സെലിബ്രിറ്റിയായിരുന്ന ഓപ്പൺഹൈമറിന്റെ ജീവിതവും പ്രവർത്തനവും വലിയ ശ്രദ്ധ അക്കാലത്തും പിൽക്കാലത്തും നേടിയിരുന്നു.
യുഎസിലെ ന്യൂയോർക്ക് നഗരത്തിൽ ജൂത കുടിയേറ്റ ദമ്പതികളുടെ മകനായി 1904 ഏപ്രിൽ 22നാണ് ഓപ്പൺഹൈമർ ജനിച്ചത്. ഹാർവഡ് സർവകലാശാലയിൽ നിന്നു ബിരുദം നേടിയ ശേഷം അദ്ദേഹം പിന്നീട് ഇംഗ്ലണ്ടിലേക്ക് കപ്പൽ കയറുകയും വിഖ്യാതമായ കേംബ്രിജ് സർവകലാശാലയിലെ കാവൻഡിഷ് സർവകലാശാലയിൽ ഗവേഷണത്തിലേർപ്പെടുകയും ചെയ്തു. 1925 കാലമായിരുന്നു അത്. ആണവശാസ്ത്രഗവേഷണം വികസിച്ചുവരുന്ന കാലം.
1939ൽ നാത്സി ജർമനി തങ്ങളുടെ കുപ്രസിദ്ധമായ പോളണ്ട് അധിനിവേശം നടത്തി. ഇതേ കാലയളവിലാണ് ഓപ്പൺഹൈമർ ആറ്റംബോബ് നിർമിക്കാനുള്ള യുഎസ് പദ്ധതിയായ മൻഹാറ്റൻ പ്രോജക്ടിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത്. 1942ൽ മൻഹാറ്റൻ പ്രോജക്ടിന്റെ ശാസ്ത്ര വിഭാഗത്തെ അദ്ദേഹം നയിച്ചു.

ഓപ്പൺഹൈമറുടെ ശക്തമായ നേതൃശേഷിയും ശാസ്ത്രപരിജ്ഞാനവുമാണ് 200 കോടി യുഎസ് ഡോളറോളം ചെലവു വന്ന അണുബോംബിന്റെ യാഥാർഥ്യവൽക്കരണത്തിന് ഇടയാക്കിയത്.എന്നാൽ അണുബോംബിന്റെ മാരകമായ പ്രഹരശേഷിയും അതുണ്ടാക്കുന്ന നാശനഷ്ടങ്ങളും ഓപ്പൺഹൈമറെ ഉലച്ചുകളഞ്ഞു. ആണവ ആയുധ പദ്ധതികൾ ഇനിയും വികസിപ്പിക്കരുതെന്ന് അദ്ദേഹം ശക്തമായി വാദിച്ചു.