ഐഫോൺ 14 വാങ്ങാൻ തിരക്കോടു തിരക്ക്, ഇന്ത്യയിലെ ആപ്പിൾ സ്റ്റോർ നിശ്ചലമായി
Mail This Article
ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാർട് ഫോൺ ഐഫോൺ 14 സീരീസ് മോഡലുകൾക്കു വിപണിയിൽ മികച്ച പ്രതികരണം. മിക്ക രാജ്യങ്ങളിലും ബുക്കിങ് തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ സ്റ്റോക്ക് തീർന്നു. ഇതോടെ ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രശ്‌നങ്ങൾ നേരിടാനും തുടങ്ങി. പ്രശ്നം ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെ വെബ്‌സൈറ്റുകളെയും ബാധിച്ചിട്ടുണ്ട്.
മിക്കവർക്കും വെബ്സൈറ്റ് ലോഡ് ചെയ്യുന്നില്ല. ചിലർക്ക് ചിത്രങ്ങൾ ലോഡ് ചെയ്യുന്നതിൽ പ്രശ്നം നേരിടുന്നുണ്ട്. അതേസമയം, ചില ഉപയോക്താക്കൾക്ക് '403 ' പ്രശ്നങ്ങളും കാണിക്കുന്നു. പുതിയ ഐഫോണുകൾ വിതരണം ചെയ്യുന്ന സമയങ്ങളിലെല്ലാം ആപ്പിള്‍ വെബ്സൈറ്റുകൾ ഡൗണാകാറുണ്ട്.
നിലവിൽ ഐഫോൺ 14 ന് പുറമെ ആപ്പിൾ വാച്ച് സീരീസ് 8, എയർപോഡ്സ് പ്രോ 2 എന്നിവയും പുറത്തിറക്കിയതിനാൽ ഓൺലൈൻ സ്റ്റോറുകളില്‍ ഉപഭോക്താക്കളുടെ തിരക്കാണ്. എന്നാൽ, ആപ്പിൾ സൈറ്റിലെ പ്രശ്നം എന്താണെന്ന് വ്യക്തമാക്കാൻ കമ്പനി ഇതുവരെ തയാറായിട്ടില്ല. ഐഫോൺ 14 പ്രീ-ഓർഡറുകൾ ആരംഭിച്ചതിന് തൊട്ടുപിന്നാലെ ചില സ്ഥലങ്ങളിൽ ആപ്പിൾ സ്റ്റോർ സെർവറുകൾ പ്രവർത്തനരഹിതമായിരുന്നു. ഈ സംഭവത്തിന് ശേഷം ഏകദേശം ഒരാഴ്ചയ്ക്ക് ശേഷമാണ് ഇപ്പോഴത്തെ പ്രശ്നം നേരിട്ടിരിക്കുന്നത്.
നിലവിലെ പ്രശ്നങ്ങൾ പുതിയ ഐഫോൺ 14 വേരിയന്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന ചില ഉപഭോക്താക്കളെ ബുദ്ധിമുട്ടിച്ചേക്കാം. ഐഫോൺ 14, 14 പ്രോ, 14 പ്രോ മാക്സ് എന്നിവ സെപ്റ്റംബർ 16 ന് വിൽപനയ്‌ക്കെത്തും. ഐഫോൺ മിനി മോഡലുകൾക്ക് പകരക്കാരനായ ഐഫോൺ 14 പ്ലസ് അടുത്ത മാസവും വിൽപനയ്‌ക്കെത്തും.
English Summary: Apple website down for some users, others unable to view images