പ്രകൃതിക്ക് ദോഷമായ പ്ലാസ്റ്റിക് മാലിന്യം ഫര്ണിച്ചറാക്കുന്ന മാന്ത്രികവിദ്യ! പരിസ്ഥിതിയോടിണങ്ങി ബിസിനസ്

Mail This Article
കൊച്ചിയിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് ഗുണനിലവാരമുള്ള, ആകര്‍ഷകമായ ഫര്‍ണിച്ചര്‍ ഉണ്ടാക്കാമെന്ന ആശയം തന്നെ രസകരമല്ലേ. അത്തരം ഒരു സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് ആല്‍വിന്‍ ജോര്‍ജ് (29). പരിസ്ഥിതി അവബോധമുള്ള സുഹൃത്ത് സിദ്ധാര്‍ത്ഥ് എ.കെയുമൊത്താണ് ഈ ചെറുപ്പക്കാരന്‍ കാര്‍ബണ്‍ ആന്‍ഡ് വെയില്‍ (Carbon & Whale) കമ്പനി സ്ഥാപിച്ചത്.
വിദ്യാഭ്യാസ-ഡിജിറ്റല്‍ മേഖലകളില്‍ താന്‍ വര്‍ഷങ്ങളായി ചെയ്തുവന്ന തൊഴില്‍ ഉപേക്ഷിച്ചാണ് ആല്‍വിന്‍. കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കല്‍ ലക്ഷ്യമിട്ട് കമ്പനി തുടങ്ങിയത്. ഒരേസമയം ആവാസവ്യവസ്ഥയ്ക്ക് ഗുണംചെയ്യുക എന്നതും ബിസിനസ് നടത്തുക എന്നതും ലക്ഷ്യമിടുക വഴി സര്‍ക്യുലര്‍ ഇക്കോണമി മോഡലുകളെ പിന്തുടരുകയാണ് ഈ ചെറുപ്പക്കാരന്‍.
നൂതന സംവിധാനങ്ങള്‍ ഉപയോഗിച്ച് പരിസ്ഥിതിക്ക് ഗുണംചെയ്യുന്ന പദ്ധതികള്‍ കൊണ്ടുവരാനുള്ള ഉദ്ദേശത്തോടെ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ആല്‍വിന്‍. ഏകദേശം രണ്ടു വര്‍ഷം മുമ്പ് യാദൃശ്ചികമായി സിദ്ധാര്‍ഥിനെ ഒരു ഔദ്യോഗിക ചടങ്ങില്‍ വച്ച് കണ്ടുമുട്ടിയതാണ് ഈ സംരംഭം തുടങ്ങാന്‍ ഇടവരുത്തിയത്. പ്ലാസ്റ്റിക് മാലിന്യം പെരുകുന്നതില്‍ ഒരു പോലെ ഉത്കണ്ഠാകുലരായിരുന്നു ഇരുവരും. വ്യത്യസ്തമാര്‍ന്ന വിദ്യാഭ്യാസയോഗ്യതകളുള്ളവര്‍. ആല്‍വിന്‍ എൻജിനിയറിങ് പഠിച്ചയാളാണെങ്കില്‍ സിദ്ധാര്‍ത്ഥ് ബിസിനസ് അഡ്മിനിസ്‌ട്രേഷനാണ് പൂര്‍ത്തിയാക്കിയത്.
.jpg)
പ്ലാസ്റ്റിക് റീസൈക്‌ളിങ് മേഖലയിലെ പരമ്പരാഗത രീതികളുടെ അപര്യാപ്തത മനസിലാക്കിയ ഇവരിരുവരും, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിറ്റ്യൂട് ഓഫ് പ്ലാസ്റ്റിക് എൻജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ (സിഐപിഇറ്റി) പ്രൊഫസര്‍ സൂരജ് വര്‍മ്മയുമായി ചേര്‍ന്നാണ് പുതിയ പ്ലാസ്റ്റിക് പുനരുത്പാദന രീതി തയാറാക്കിയത്. ഒറ്റ തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വേസ്റ്റ് പ്രശ്‌നം പരിഹരിക്കാനായിരുന്നു ഇവരുടെ നീക്കം. ഇത്തരം പ്ലാസ്റ്റിക് മണ്ണിനടിയില്‍ പെടുകയോ, കത്തിച്ചുകളയപ്പെടുകയോ ആണ് ചെയ്യപ്പെടുന്നത്.
പ്ലാസ്റ്റിക് വേസ്റ്റ് പ്രശ്‌നം എന്നന്നേക്കുമായി പരിഹരിക്കാന്‍ ഒരു ക്ലീന്‍-ടെക് സ്റ്റാര്‍ട്ട്-അപ് ആരംഭിക്കാനാണ് തങ്ങള്‍ തീരുമാനിച്ചതെന്ന് ആല്‍വിന്‍ പറഞ്ഞു. കൃത്യമായി പറഞ്ഞാല്‍ ഒറ്റത്തവണ ഉപയോഗിക്കാനായി ഉണ്ടാക്കുന്ന പ്ലാസ്റ്റിക് ശേഖരിച്ച് ഈടുറ്റതും, ക്രമീകരിക്കാവുന്നതുമായിട്ടുള്ള ഫര്‍ണിച്ചര്‍ നിര്‍മ്മിക്കാനാണ് ശ്രമം. ഇവ 15 - 20 വര്‍ഷത്തേക്ക് ഉപയോഗിക്കാന്‍ സാധിച്ചേക്കുമെന്നാണ് കരുതുന്നത്.
പ്ലാസ്റ്റിക് വിരുദ്ധ പോരാളി
ആല്‍വിന്റെ കാര്‍ബണ്‍ ആന്‍ഡ് വെയില്‍ ഇതുവരെ ടണ്‍ കണക്കിന് പ്ലാസ്റ്റിക് വേസ്റ്റ് ശേഖരിച്ചു. അതുപയോഗിച്ച് സ്റ്റൂള്‍, ബെഞ്ച് തുടങ്ങി ഉപകാരപ്രദമായ ഫര്‍ണിച്ചറും ഉണ്ടാക്കി. ഇതുവഴി, കടലിലേക്കും മണ്ണിനടിയിലേക്കും ചെല്ലുന്ന പ്ലാസ്റ്റിക്കിന് മറ്റൊരു ഉപയോഗം കണ്ടെത്തുകയായിരുന്നു ആല്‍വിനും കൂട്ടുകാരും. കാര്‍ബണ്‍ ആന്‍ഡ് വെയില്‍ കമ്പനി നടത്തുന്ന പരിശ്രമം തിരിച്ചറിഞ്ഞ പാരിസ്ഥിതിക അവബോധമുള്ള വ്യക്തികള്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഉത്സാഹം കാണിച്ചു തുടങ്ങിയതോടെ വില്‍പ്പനയും വര്‍ദ്ധിച്ചു വരികയാണ്.
പല കോര്‍പറേഷനുകളുമായി ചേര്‍ന്നും കമ്പനിയുടെ പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നു. ഈ പദ്ധതി വഴി പാര്‍ക്കുകളിലും മറ്റും ഇടാനുള്ള ബെഞ്ചുകളും മറ്റും ഉണ്ടാക്കി നല്‍കുന്നു.
മികച്ച പ്രകടനവുമായി കാര്‍ബണ്‍ ആന്‍ഡ് വെയില്‍
കമ്പനിക്ക് 2022-2023 സാമ്പത്തികവര്‍ഷത്തില്‍ ലഭിച്ചത് 69,447 രൂപ വരുമാനമായിരുന്നെങ്കില്‍, ഇത് 2024-2025 കാലയളവില്‍ 5 കോടി രൂപയായി വളര്‍ന്നേക്കുമെന്നാണ് കണക്കുകൂട്ടല്‍. പരിസ്ഥിതി സൗഹാര്‍ദ്ദമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മക്കുക എന്ന സാമൂഹിക പ്രതിബദ്ധതയ്‌ക്കൊപ്പം വിജയകരമായ ബിസിനസ് നടത്തുക എന്ന ലക്ഷ്യവും ഉള്‍പ്പെടുത്തി മുന്നോട്ടുപോകുകയാണ് ആല്‍വിന്റെ കാര്‍ബണ്‍ ആന്‍ഡ് വെയില്‍. കമ്പനിയുടെ അടുത്ത വലിയ ലക്ഷ്യം 1 ദശലക്ഷം കിലോ പ്ലാസ്റ്റിക് വേസ്റ്റ് ഫര്‍ണിച്ചറാക്കി എടുക്കുക എന്നതാണ്. ഇത് നേടാനായി പ്രാദേശിക സമൂഹങ്ങളും, വോളണ്ടിയര്‍മാരും ഒക്കെയായി സഹകരിക്കും.
പ്ലാസ്റ്റിക് വേസ്റ്റ് നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്നത് മനുഷ്യരുടെ ഭാവിക്ക് എത്ര പ്രാധാന്യമര്‍ഹിക്കുന്നതാണ് എന്ന അവബോധം സമൂഹത്തില്‍ പരത്തി അതിനെതിരെ തങ്ങളാലാകുന്ന കാര്യങ്ങള്‍ ചെയ്ത് മുന്നോട്ടു പോകാനാണ് ആല്‍വിന്റെ ഉദ്ദേശം.
നേരെത്ത, ആല്‍വിന്‍ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ്/ബൈജൂസില്‍ ഏരിയ ബിസിനസ് മേധാവിയായി ജോലിയെടുക്കുകയായിരുന്നു. അദ്ദേഹം 60ലേറെ പേരുടെ ടീമിനെയാണ് നയിച്ചിരുന്നത്. എറണാകുളത്തെ ആദ്യ ബൈജൂസ് ട്യൂഷന്‍ സെന്റര്‍ സ്ഥാപിക്കാനായി മുന്‍കൈ എടുത്തതും, ആദ്യ 10 മാസത്തിനുള്ളില്‍ തന്നെ 300ലേറെ പേരെ അവിടെ ചേര്‍ക്കാന്‍ സാധിച്ചതും അദ്ദേഹത്തിന്റെ നേട്ടമാണ്.
അതിനു മുമ്പ് ആല്‍വില്‍ ഹിപ്പോക്യാംപസ് ലേണിങ് സെന്റേഴ്‌സില്‍ ഡയറക്ടര്‍ ഓഫ് ബിസിനസ് ഡിവലപ്‌മെന്റ് എന്ന തസ്തികയില്‍ ആയിരുന്നു ജോലിയെടുത്തിരുന്നത്. എക്‌സ്ട്രാമാര്‍ക്‌സ് എജ്യൂക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡിലും അദ്ദേഹം ജോലിയെടുത്തിരുന്നു.
ഐഐഎം അഹമ്മദാബാദില്‍ നിന്ന് ലീഡര്‍ഷിപ് സ്‌കില്‍സ്, ഐഐഎം ബെംഗളൂരുവില്‍ നിന്ന് മാര്‍ക്കറ്റിങ് മാനേജ്‌മെന്റ് എന്നിവയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കിയിട്ടുണ്ട് ആല്‍വിന്‍. കോഴ്‌സ് എന്‍വിയില്‍ നിന്ന് ഫെയ്‌സ്ബുക്ക് ആഡ്‌സ് ആന്‍ഡ് ഫെയ്‌സ്ബുക്ക് മാര്‍ക്കറ്റിങ് മാസ്റ്ററിയിലും സര്‍ട്ടിഫിക്കറ്റ് നേടി.
തന്റെ അനുഭവങ്ങളും സ്വപ്‌നങ്ങളും ടെക്‌സ്‌പെക്‌റ്റേഷനില്‍ പങ്കുവയ്ക്കാന്‍ ആല്‍വിനും എത്തും.
ടെക്‌സ്‌പെക്‌റ്റേഷന്‍ ഡിജിറ്റല്‍ സംഗമം
ഡിജിറ്റല്‍ ലോകത്തെ പുതുപുത്തന്‍ സാധ്യതകളുള്‍പ്പെടെ ചര്‍ച്ച ചെയ്ത് ആശയങ്ങളുടെ അലകടല്‍ തീര്‍ക്കുന്ന മനോരമ ഓണ്‍ലൈന്‍ ടെക്‌സ്‌പെക്‌റ്റേഷന്‍ ഡിജിറ്റല്‍ സംഗമം ഫെബ്രുവരി 7ന് കൊച്ചിയില്‍ നടക്കും. 'ട്രാന്‍സ്‌ഫോമിങ് ഫ്യൂച്ചര്‍; എഐ ഫോര്‍ എവരിഡേ ലൈഫ്' എന്ന തീമിലാണ് കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ സംഗമം ടെക്‌സ്‌പെക്‌റ്റേഷസിന്റെ ആറാം പതിപ്പ് അരങ്ങേറുക. ജെയ്ന്‍ യൂണിവേഴ്‌സിറ്റി കൊച്ചിയും ഗൂഗിള്‍ ഇന്ത്യയുമാണ് മനോരമ ഓണ്‍ലൈന്‍ അവതരിപ്പിക്കുന്ന ടെക്‌സ്‌പെക്റ്റേഷന്‍സിന്റെ പ്രായോജകര്‍. റജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും സീറ്റ് റിസര്‍വ് ചെയ്യാനും: https://www.techspectations.com/
അനുദിനം മാറുന്ന ഡിജിറ്റല്‍ ലോകത്തെ പുതുപുത്തന്‍ സാധ്യതകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വമ്പന്‍ മാറ്റങ്ങള്‍, വാര്‍ത്തകളുടെ ലോകത്തെ എഐ പ്രതീക്ഷകള്‍, ഡാറ്റ അനലറ്റിക്‌സിന്റെ വിസ്മയലോകം സ്റ്റാര്‍ട്ടപ്പുകള്‍ക്കും വന്‍കിട ബ്രാന്‍ഡുകള്‍ക്കും വേദിയൊരുക്കുന്ന ഇന്ത്യയിലെയും കേരളത്തിലെയും സംരംഭക വിപ്ലവങ്ങള്‍ തുടങ്ങിവയെല്ലാം ഇത്തവണ ചര്‍ച്ചയാകും. കേരളത്തിന്റെ ടെക് സാധ്യതകളും മുന്നേറ്റങ്ങളും ചര്‍ച്ച ചെയ്യുന്ന പ്രത്യേക സംവാദവുമുണ്ടാകും.
ഒരു പുതിയ ഡിജിറ്റല്‍ ലോകത്തെ ഉള്‍ക്കൊണ്ട്, അതിന്റെ കുതിപ്പിനൊപ്പം മുന്നേറാന്‍ വഴികാട്ടുന്ന ചര്‍ച്ചകള്‍ക്കു വേദിയൊരുക്കുകയാണ് മനോരമ ഓണ്‍ലൈന്‍ ഡിജിറ്റല്‍ ഉച്ചകോടി ടെക്‌സ്‌പെക്ടേഷന്‍സിന്റെ ലക്ഷ്യം. 2016ല്‍ ആരംഭിച്ച ഈ ഡിജിറ്റല്‍ സംഗമം വൈവിധ്യമാര്‍ന്ന തീമുകളോടെ 2018, 2020, 2021, 2023 വര്‍ഷങ്ങളില്‍ ഗംഭീരമായി അരങ്ങേറിയിരുന്നു.
പ്രമുഖ കമ്പനികളുടെ സിഇഒമാര്‍, സിടിഒമാര്‍, സിഎക്‌സ്ഒമാര്‍, വിപിമാര്‍, സീനിയര്‍ മാനേജര്‍മാര്‍, ഡയറക്ടര്‍മാര്‍, ബോര്‍ഡ് അംഗങ്ങള്‍, മാനേജര്‍മാര്‍, തലവന്മാര്‍, ഐടി എന്‍ജിനീയര്‍മാര്‍, ഡവലപ്പര്‍മാര്‍, സംരംഭകര്‍, ബിസിനസ് പങ്കാളികള്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് പ്രഫഷനലുകള്‍, പ്രഫസര്‍മാര്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ബിസിനസ് കണ്‍സല്‍റ്റന്റുമാര്‍, എക്‌സിക്യൂട്ടീവുകള്‍ തുടങ്ങിയവര്‍ ടെക്‌സ്‌പെക്ടേഷന്‍സിന്റെ ഭാഗമാകും.
അവസരങ്ങളുടെ കൈപിടിച്ചു മുന്നേറാന്‍ സഹായിക്കുന്ന ചര്‍ച്ചകള്‍ക്കു വേദിയൊരുക്കിയണ് മനോരമ ഓണ്‍ലൈന്‍ 'ടെക്‌സ്‌പെക്റ്റേഷന്‍സ്' ഡിജിറ്റല്‍ ഉച്ചകോടിയുടെ അഞ്ചാം പതിപ്പ് 2023ല്‍ കൊച്ചിയില്‍ കൊടിയിറങ്ങിയത്. 'മനോരമ ഓണ്‍ലൈനിന്റെ 25 വര്‍ഷങ്ങള്‍: നവ ഡിജിറ്റല്‍ ക്രമത്തിന്റെ ഉള്‍ക്കൊള്ളല്‍, പരിണാമം, കുതിപ്പ്' എന്നതായിരുന്നു വിഷയം.