അതിജീവനത്തിന് സുസ്ഥിര വികസനം ആവശ്യമെന്ന് ലോക്‌നാഥ് ബെഹ്‌റ; കാലാവസ്ഥ വ്യതിയാനം പാഠ്യവിഷയമാക്കണമെന്ന് ലിസിപ്രിയ കങ്കുജം

Mail This Article
കൊച്ചി: അതിജീവനത്തിന് സുസ്ഥിര വികസനം ആവശ്യമാണെന്ന് ലോക്‌നാഥ് ബെഹ്‌റ. ജെയിന്‍ യൂണിവേഴ്സിറ്റിയിൽ നടക്കുന്ന ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025’ല്‍ ‘ക്ലൈമറ്റ് റിസിലിയന്റ് സിറ്റീസ്’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം വാട്ടര്‍ മെട്രോ കേരളത്തില്‍ വിജയിച്ചതോടെ ഗുജറാത്ത് അടക്കമുള്ള 18 സംസ്ഥാനങ്ങളില്‍ ഈ മോഡല്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
'കേരളത്തിലെ മെട്രോ-വാട്ടര്‍ മെട്രോ ഗതാഗത സംവിധാനം സുസ്ഥിര ഗതാഗത സംവിധാനത്തിന് ഉദാഹരണമാണ്. കൊച്ചിയിലേക്ക് കൂടുതല്‍ സുസ്ഥിര സൗകര്യങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വാട്ടര്‍ മെട്രോയുമായി ബന്ധപ്പെട്ട എല്ലാ വികസനവും സുസ്ഥിരമാണ്. ക്ഷേമവും സുരക്ഷയും ആടിസ്ഥാനമാക്കിയുള്ള സുസ്ഥിര വികസനമാണ് നാം ലക്ഷ്യം വെയ്‌ക്കേണ്ടത്.' ബെഹ്‌റ പറഞ്ഞു.
പരിസ്ഥിതി നാശം നടക്കുന്നത് ആഗോളതലത്തിലാണെങ്കിലും പ്രാദേശികമായി പ്രത്യാഘാതം ഉണ്ടാകുമെന്ന് ഭൗമ ശാസ്ത്ര മന്ത്രാലയത്തിലെ ശാസ്ത്രജ്ഞയായ ഡോ. ശിഖ എലിസബത്ത് പറഞ്ഞു. ഉഷ്ണ തരംഗം, വരള്‍ച്ച, വെള്ളപ്പൊക്കം തുടങ്ങി നിരവധി പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ് ഇന്ന് ലോകം അനുഭവിക്കുന്നത്. ഓരോ മഴക്കാലത്തും നാം പേടിയോടെയാണ് കഴിയുന്നത്. എന്നാല്‍ പത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പ് അങ്ങനെയായിരുന്നില്ലെന്നും ജെയിന്‍ യൂണിവേഴ്സിറ്റിയിൽ നടക്കുന്ന ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025’ല്‍ യുണിഫൈഡ് പാത്വേ ഫോർ ഗ്രീനർ ഫ്യൂച്ചർ എന്ന സെഷനിൽ പങ്കെടുത്ത് അവര്‍ പറഞ്ഞു.
കാലാവസ്ഥ പ്രവചനങ്ങൾക്കായി, സാറ്റലൈറ്റ് നീരീക്ഷണത്തിനുൾപ്പെടെ വലിയ നിക്ഷേപമാണ് നടത്തുന്നതെന്നും ഡോ. ശിഖ എലിസബത്ത് പറഞ്ഞു. 2024ൽ ആണ് ഏറ്റവും വലിയ ചൂടുള്ള കാലാവസ്ഥ അഭിമുഖീകരിച്ചതെന്നും ഇത്തരം വിഷയങ്ങളെ ഇനിയെങ്കിലും അഭിമുഖീകരിച്ചില്ലെങ്കിൽ അടുത്ത തലമുറയ്ക്കായി ഒരു ഭാവി ഉണ്ടാകുകയില്ലെന്നും ഡോ. ശിഖ പറഞ്ഞു.
കാലാവസ്ഥ വ്യതിയാനമെന്ന വിഷയം സ്കൂൾ സിലബസ് മുതൽ ഉള്‍പ്പെടുത്തണമെന്നും കാലാവസ്ഥയുമായി ബന്ധപ്പെട്ട നിയമങ്ങളുണ്ടാകണമെന്നും സ്കൂള്‍കുട്ടികൾ മരം നട്ടുപിടിപ്പിക്കണമെന്നത് നിർബന്ധിതമാക്കണമെന്നും ഏറ്റവും പ്രായം കുറഞ്ഞ കാലാവസ്ഥാ പ്രവർത്തകരിൽ ഒരാളായ ലിസിപ്രിയ കങ്കുജം .
ചില കമ്പനികള്‍ കാര്‍ബണ്‍ ന്യൂട്രാലിറ്റി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും ആപ്പിള്‍ 2025ല്‍ കാര്‍ബണ്‍ ന്യൂട്രല്‍ ആകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജെയിന്‍ സര്‍വകലാശാലയുടെ ഉപദേശക സമിതി അംഗം ഡോ കൃഷ്ണന്‍ എന്‍വിഎച്ച് പറഞ്ഞു. അറിവിന്റെ ജനാധിപത്യവത്കരണം നടക്കേണ്ടതുണ്ട്. എഐ അടക്കമുള്ള സാങ്കേതികവിദ്യകള്‍ കാലാവസ്ഥാ പഠനത്തിന് ഉപയോഗിക്കണമെന്ന് ജെയിന്‍ സര്‍വ്വകലാശാലയുടെ ഉപദേശക സമിതി അംഗം ശ്രീധരന്‍ മൂര്‍ത്തി പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ , കേന്ദ്ര- സംസ്ഥാന മന്ത്രിമാർ, ശാസ്ത്ര- സാങ്കേതിക വിദഗ്ദ്ധർ തുടങ്ങി നിരവധി പ്രമുഖർ ഫെബ്രുവരി 1വരെ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുത്ത് ആഗോള പ്രദേശിക വെല്ലുവിളികളെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്നു.ചർച്ചകൾക്ക് പുറമെ പുറമേ, ഭാവി സാങ്കേതികവിദ്യ, ഹരിത നവീകരണം, സംരംഭകത്വം തുടങ്ങിയ അത്യാധുനിക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മാസ്റ്റർ ക്ലാസുകളും വർക്ക് ഷോപ്പുകളും ഉച്ചകോടിയുടെ പ്രത്യേകതയാണ്. എല്ലാ ദിവസവും ആറ് മണി മുതൽ നടക്കുന്ന സാംസ്കാരിക പരിപാടി മേളയ്ക്ക് ഉത്സവാന്തരീക്ഷം നൽകും.
അർമാൻ മാലിക്, വെൻ ചായ് മെറ്റ് ടോസ്റ്റ്, മസാല കോഫീ തുടങ്ങി വിവിധ ബാൻഡുകൾ സംഗീത സന്ധ്യയുടെ ഭാഗമാകും. വിവിധ രുചികൾ അറിയുന്നതിന് ഫുഡ് സ്ട്രീറ്റും കരകൗശല വസ്തുക്കൾ അടക്കമുള്ളവയുടെ പ്രദശനവും വിൽപനയും നടക്കുന്ന ഫ്ലീ മാർക്കറ്റും മേളയുടെ പ്രത്യേകതയാണ്.

പൊതുജനങ്ങൾ ഉൾപ്പെടെയുള്ള എല്ലാവർക്കും ഉച്ചകോടിയിൽ പ്രവേശനമുണ്ട്. അമ്പത് രൂപ മുതലാണ് പ്രവേശന ഫീ ആരംഭിക്കുന്നത്. സ്കൂൾ വിദ്യാർത്ഥികൾക്ക് സംഗീത നിശയ്ക്ക് ഒഴികെ എല്ലാ പരിപാടികളിലേക്കും പ്രവേശനം സൗജന്യമാണ്.
സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ ഭാഗമായി സ്‌കൂള്‍- കോളജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങള്‍ക്ക് വന്‍ പ്രതികരണം. അവസാന ദിനവും അപേക്ഷകരുടെ എണ്ണം വര്‍ദ്ധിച്ചതോടെ അവസാന തീയതി 30 വരെ നീട്ടിയതായി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സംഘടക സമിതി അറിയിച്ചു.
ഭാവി ലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാന്‍ പ്ലസ്ടു-കോളജ് വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കിയ സ്പീക്ക് ഫോര്‍ ഫ്യൂച്ചര്‍, മികച്ച സ്റ്റാര്‍ട്ടപ്പ് ആശയത്തെ കണ്ടെത്തുന്നതിനുള്ള പിച്ചത്തോണ്‍, റീ-ഇമാജിന്‍ വേസ്റ്റ്: ട്രാന്‍സ്ഫോമിങ് ട്രാഷ് ഇന്‍ടു ട്രഷര്‍ എന്നീ മത്സരങ്ങളാണ് നടത്തുന്നത്. വിജയികള്‍ക്ക് ഒരുലക്ഷം രൂപയാണ് സമ്മാനം. കൂടാതെ, സ്പീക്ക് ഫോര്‍ ഫ്യൂച്ചറില്‍ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്നവര്‍ക്ക് സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ വേദിയില്‍ സംസാരിക്കാന്‍ അവസരവും ലഭിക്കും.
സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത. കോളജ് വിദ്യാര്‍ഥികള്‍ക്ക് മാത്രമുള്ളതാണ് പിച്ചത്തോണ്‍. വിദ്യാര്‍ഥികള്‍ക്ക് വിഷന്‍, ക്രിയേറ്റിവിറ്റി, സംരംഭ സാധ്യതകള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള ബിസിനസ് ആശയം 30 വരെ സമര്‍പ്പിക്കാം. തെരഞ്ഞെടുക്കുന്ന ആശയം പ്രമുഖ നിക്ഷേപകര്‍, വ്യവസായ വിദഗ്ദ്ധര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന പാനലിന് മുന്നില്‍ അവതരിപ്പിക്കും. ഇതിലൂടെ ഒരു ലക്ഷം രൂപയുടെ ഫണ്ടിങാണ് ലഭിക്കുക. 'റീ-ഇമാജിന്‍ വേസ്റ്റ്: ട്രാന്‍സ്ഫോമിങ് ട്രാഷ് ഇന്‍ടു ട്രഷര്‍ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ സുസ്ഥിരത, നവീനത, പാരിസ്ഥിക അവബോധം എന്നിവയെ അടിസ്ഥാനമാക്കിയുള്ള സൃഷ്ടികളാണ് സമര്‍പ്പിക്കേണ്ടത്.കൂടുതല്‍ വിവരങ്ങള്‍ക്ക്-7034044141/ 7034044242.