ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന വൈറസാണ് എച്ച്എംപിവി. ന്യൂമോവിരിഡേ കുടുംബത്തിലെ മെറ്റാന്യൂമോ വർഗത്തിൽപെട്ട വൈറസാണ് രോഗകാരി. ശ്വാസകോശ അണുബാധയുള്ള കുട്ടികളുടെ സാംപിളുകളിൽ ഗവേഷണം നടത്തുന്നതിനിടെ 2001 ൽ ഡച്ച് ഗവേഷകരാണ് വൈറസ് ആദ്യം കണ്ടെത്തുന്നത്. രോഗലക്ഷണങ്ങൾ പ്രത്യക്ഷമാകില്ല എന്നതിനാൽ രോഗനിർണയം വൈകും. ചുമ, ജലദോഷം, പനി, തുമ്മൽ എന്നിങ്ങനെ തുടങ്ങുന്ന ലക്ഷണങ്ങൾ പിന്നീട് ബ്രോങ്കൈറ്റിസ്, ന്യുമോണിയ എന്നിവയിലേക്കു കടക്കും. രോഗം വർധിക്കുന്നതിൽ കോവിഡിന് ശേഷമുള്ള ശാരീരിക അവസ്ഥയും തണുപ്പും പ്രധാന ഘടകമാണ്. വാക്സീനില്ലെന്നതും ആന്റി വൈറൽ മരുന്നില്ലെന്നതും വെല്ലുവിളിയാണ്.