വഖഫ് ബോർഡുകൾ, ട്രൈബ്യൂണലുകൾ തുടങ്ങിയവയുടെ അധികാരങ്ങളിൽ നിർണായകമാറ്റങ്ങൾ വരുത്തുന്നതാണ് കേന്ദ്രസർക്കാർ 2025 ഏപ്രിൽ 2ന് അവതരിപ്പിച്ച വഖഫ് ഭേദഗതി ബിൽ. 2024 ഓഗസ്റ്റിൽ ബിൽ അവതരിപ്പിച്ച ശേഷം 31 അംഗ സംയുക്ത പാർലമെന്ററി സമിതിക്കു (ജെപിസി) വിട്ടിരുന്നു. സമിതി നിർദേശിച്ച മാറ്റങ്ങളോടെയാണ് പരിഷ്കരിച്ച ബിൽ അവതരിപ്പിച്ചത്. സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാനും മുസ്‍ലിം വിഭാഗത്തിന്റെ അവകാശങ്ങൾ കവരാനുമാണ് നീക്കമെന്നാണ് പ്രതിപക്ഷത്തിന്റെയും മുസ്‍ലിം സംഘടനകളുടെയും ആരോപണം. വഖഫ് സമ്പ്രദായം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കാനാണ് ബിൽ എന്നാണ് സർക്കാർ വാദം.