മഞ്ഞിന്റെ സുന്ദരിയെ തേടിയൊരു യാത്ര

Mail This Article
തമിഴ്നാട് കേരളാവെ മൂന്നുവാട്ടി ഏമാത്തിയിറുക്ക്.. റസാക്കിന്റെ തമിഴ് ഡയലോഗ് കേട്ട് പഞ്ചമി എന്ന തമിഴ് കരിക്ക് കച്ചവടക്കാരി പൂത്തിരി കത്തും പോലെ ചിരിച്ചു. മൂന്ന് പ്രാവശ്യവും താൻ ഇഷ്ടപ്പെടുന്ന കാമ്പുള്ള കരിക്ക് കിട്ടാതെ വന്നതിൽ നിന്നുള്ള ഡയലോഗ് ആയിരുന്നു അത്...!!
രാവിലെ ആറുമണിക്ക് കൊടൈക്കനാൽ ലക്ഷ്യമാക്കി യാത്ര തിരിക്കവേ അതൊരു അഡ്വഞ്ചർ ജേർണിയാണെന്നാണ് റസാക്ക് എന്നോട് പറഞ്ഞത്. മക്കൾ കൂടെയില്ലാത്തപ്പോൾ ഞങ്ങളുടെ യാത്ര മിക്കവാറും ബുള്ളറ്റിലാണ്. മൂന്നാറിലേക്കാണ് ഞങ്ങളുടെ മിക്ക യാത്രകളും. അടിമാലിയാണ് റസാക്കിന്റെ സ്വദേശം. അടിമാലി വരെ വന്നിട്ട് മൂന്നാറിന് ചെന്നില്ലെങ്കിൽ മൂന്നാറിന് എന്തു തോന്നും എന്നതാണ് മൂന്നാറിലേക്ക് ഞങ്ങളെ അടുപ്പിക്കുന്നത്.
54 കാരനായ റസാക്കും 48 കാരിയായ ഞാനും 39 കാരനായ ബുള്ളറ്റിന്റെ പുറത്തു കയറി യാത്ര പുറപ്പെടുമ്പോൾ വയസ് എന്നത് കേവലം വെറും നമ്പർ മാത്രമായിരുന്നു.

ആദ്യം ബുള്ളറ്റിന്റെ വയറും പിന്നെ ഞങ്ങളുടെ വയറും നിറച്ച് യാത്രക്കൊരുങ്ങി. നേരിയ തണുപ്പും കാറ്റും യാത്രയെന്ന ഇഷ്ടത്തെ മനസ്സിൽ കുടിയിരുത്തി, ചൂടോടെ..
ചിറ്റൂർ, തത്തമംഗലം, മീനാക്ഷിപുരം വഴി പൊള്ളാച്ചിയിൽ എത്തും മുൻപേ എന്തൊക്കെയോ വാങ്ങി കഴിച്ചിരുന്നു. പാലക്കാടിന്റെ മണം അടിച്ചതോടെ ആളുകളുടെ ഭാവവും ദൈവത്തിന്റെ രൂപവും വരെ തമിഴ്നാടിനോട് കടപ്പെട്ടിരുന്നു. കാറ്റാടിയുടെ വിദൂര ദൃശ്യം മിഴിവേകുന്നതായിരുന്നു. എന്റെ ജന്മം ഇങ്ങനെ കറങ്ങി തീരും എന്ന മുഖഭാവമായിരുന്നു ചില കാറ്റാടികൾക്ക് ഞാൻ കാരണമാണ് ഭൂമി കറങ്ങുന്നതെന്ന അഹംഭാവമായിരുന്നു മറ്റുചിലതിന്. കാഴ്ചകൾ ആസ്വദിച്ച് കുറച്ച് നേരം അവിടെ വിശ്രമിച്ചു. മനോഹരമായ വയലേലകൾ സത്യൻ അന്തിക്കാടിന്റെ ചിത്രം പോലെ തോന്നിയിരുന്നു.
വിശ്രമം തീർത്ത് യാത്രതിരിക്കേ, പഴനിമല കാണാനായി. ശ്വസിക്കുന്ന വായുവിൽ പോലും ഭക്തി നിറഞ്ഞതായിരുന്നു അവിടുത്തെ യാത്ര. അമ്പലത്തിലെ പടവുകൾ അനായാസം കയറി. ആളുകൾ നിൽക്കുന്ന വരിയിൽ ഞങ്ങളും കയറി. എല്ലാവരും കൈ കഴുകുന്നത് കണ്ടപ്പോഴാണ് ഭക്ഷണത്തിനായുള്ള ക്യൂ ആണെന്ന് മനസ്സിലായത്. വിശപ്പില്ലാത്തതിനാൽ തിരിഞ്ഞുനടക്കാമെന്നു കരുതി, മുൻ പരിചയമില്ലാത്ത ആളുടെ ക്ഷണം. നിരസിക്കാൻ തോന്നിയില്ല. തൂശനിലയിൽ ചിരിച്ച രൂപത്തിൽ തുമ്പപ്പൂ ചോറും കറികളും പായസവുമൊക്കെയുണ്ടായിരുന്നു. മനസ്സും വയറും നിറച്ച് കഴിച്ചു. നല്ല സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു.

അമ്പലത്തിലേക്ക് തൊഴാനുള്ളവരുടെ നീണ്ട ക്യൂ. ദർശനത്തിനായി ആയിരകണക്കിന് ഭക്തജനങ്ങൾ. കാഴ്ചകൾ എല്ലാം ആസ്വദിച്ച് ഞങ്ങളുടെ താമസസ്ഥലത്തേക്ക് തിരിച്ചു.
പിറ്റേന്ന് രാവിലെ കൊടൈക്കനാൽ ലക്ഷ്യമാക്കി യാത്ര തുടർന്നു. ഇരുവശവും വളർന്ന തണൽമരങ്ങൾ, അവർ തമ്മിലുള്ള പ്രണയം മൂലം സൂര്യ ഭഗവാന് റോഡിലേക്ക് ഒന്ന് എത്തിനോക്കാൻ കൂടെ കഴിഞ്ഞിരുന്നില്ല. വഴി വിജനമായി തുടങ്ങി, ഉള്ളിൽ നേരിയ ഭയം തോന്നിയെങ്കിലും വിജനമായ വഴിയിലൊന്നും വണ്ടി നിർത്തിയില്ല. വഴിയരികിൽ കണ്ട ചെറിയൊരു ചായക്കയ്ക്കരികിൽ വാഹനം ഒതുക്കി. ചൂട് ചായ കുടിച്ച് യാത്രയുടെ ക്ഷീണം അകറ്റി.
വീണ്ടും ബുള്ളറ്റും ഞങ്ങളും ഓടി തുടങ്ങി. സമയം ഉച്ചയ്ക്ക് 12:00 മണി കഴിഞ്ഞു, കോടമഞ്ഞുമൂടി. ആളുകളെ അടുത്തെത്തിയാലേ കാണാനാവൂ എന്ന സ്ഥിതിയായി. പതിയെ സൂക്ഷിച്ചു മുന്നോട്ട് പോയി. കൊടൈക്കനാൽ അസീസ്ക്കായുടെ ബിരിയാണി കടയ്ക്ക് മുന്നിൽ വണ്ടി നിന്നു. ചൂട് ബിരിയാണി ആസ്വദിച്ച് തന്നെ കഴിച്ചു. കോടമഞ്ഞ് പുതച്ച് സുന്ദരിയായ കൊടൈക്കനാലിനെ ശരിക്കും കണ്ടാസ്വദിച്ചു. അന്നും പിറ്റേന്നും അവളോടൊത്ത്.
പെർമിറ്റില്ലാത്തതിനാൽ അടച്ചു പൂട്ടിയ രണ്ടായിരത്തോളം വരുന്ന റിസോർട്ടുകളുടെ കാര്യം പറഞ്ഞ്, അതു മൂലം കച്ചവടമില്ലാതെ, സഞ്ചാരികളില്ലാതെ, അടുത്ത പണി അന്വേഷിക്കേണ്ട ആകുലത പങ്കിട്ട ചായ കടക്കാരൻ. പിറ്റേന്ന് തിരിച്ചു മടങ്ങവേ, അവൾ തന്ന തണുപ്പ് നെഞ്ചിൽ നിന്നും പറിഞ്ഞു പോകവേ വിഷമം. പിന്നെ വീണ്ടും വരാമെന്ന് ഉറപ്പിൽ തിരിഞ്ഞു മഞ്ഞിന്റെ സുന്ദരിയോട് യാത്ര പറഞ്ഞ് മടങ്ങി.