മഞ്ഞിൽ പൊതിഞ്ഞ് മൂന്നാർ; സഞ്ചാരികളുടെ വരവ് കുറഞ്ഞു
Mail This Article
മഞ്ഞിൽ പൊതിഞ്ഞ് തണുത്തുവിറയ്ക്കുകയാണ് മൂന്നാർ. മഞ്ഞുവീണ ചിത്രങ്ങളും വിഡിയോയും കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമത്തിൽ വൈറലായിരുന്നു. മൂന്നാറിൽ താപനില മൈനസിലേക്കെത്തിയിരുന്നു. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് മൂന്നാർ കണ്ണൻദേവൻ കമ്പനിയുടെ ചെണ്ടുവര എസ്റ്റേറ്റില്‍ രേഖപ്പെടുത്തിയത്. മൂന്നാർ ടൗൺ, നല്ലതണ്ണി, മാട്ടുപ്പട്ടി എന്നിവിടങ്ങളിൽ മൂന്ന് ഡിഗ്രിയായിരുന്നു താപനില. രണ്ട് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഫെബ്രുവരിയിൽ ഇത്രയും തണുപ്പ് അനുഭവപ്പെടുന്നത്.
കോവിഡും ഒമിക്രോണും പടരുന്ന സാഹചര്യത്തിൽ വാരാന്ത്യ നിയന്ത്രണങ്ങൾ ഉള്ളതിനാൽ യാത്രക്കാരുടെ വരവും കുറഞ്ഞിട്ടുണ്ട്. അവധി ദിവസമായ ഞായറാഴ്ച കോവിഡ് ലോക്ഡൗൺ ഏർപ്പെടുത്തിയതിനാൽ ജില്ലയിലെ വിനോദ സഞ്ചാരമേഖല വൻ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. മൂന്നാർ, മറയൂർ, തേക്കടി പ്രദേശങ്ങളിലെ പീക് സമയമാണ് ഇത്. എന്നാൽ ഇവിടങ്ങളിലേക്ക് ഇപ്പോൾ എത്തുന്നത് വിരലിലെണ്ണാവുന്ന സഞ്ചാരികൾ മാത്രമാണ്.
സാധാരണ എത്തിച്ചേരുന്ന സഞ്ചാരികൾ ശനിയാഴ്ച വന്ന് ഞായർ ദിവസം മടങ്ങി പോകുകയാണ് പതിവ് എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഞായറാഴ്ച യാത്രാനിയന്ത്രണങ്ങൾ ഉള്ളതിനാൽ പലരും യാത്ര ഒഴിവാക്കുകയാണ്. അന്യ സംസ്ഥാനത്തുനിന്നും ജില്ലകളിൽ നിന്നുമെത്തുന്ന കുടുംബങ്ങളാണ് ‘വീക്ക് എൻഡ്’ ടൂറിസത്തിന്റെ പ്രധാന ഘടകം. എല്ലാം പഴയനിലയിൽ ആയാലേ പ്രതിസന്ധിയിൽ നിന്നും കരകയറാൻ സാധിക്കുകയുള്ളൂ.
English Summary: Snow in Munnar