അക്ഷയഫലം നൽകുന്ന അക്ഷയതൃതീയ, ഇങ്ങനെ അനുഷ്ഠിക്കാം
Mail This Article
വൈശാഖമാസത്തിലെ ശുക്ലപക്ഷ തൃതീയനാളിലാണ് അക്ഷയതൃതീയ ആചരിക്കുന്നത്. ഇതനുസരിച്ചു 2024 മേയ് 10 വെള്ളിയാഴ്ചയാണ് അക്ഷയ ത്രിതീയ. സത്യയുഗം അവസാനിക്കുകയും ത്രേതായുഗം തുടങ്ങുകയും ചെയ്തത് ഈ നാളിലാണ് എന്നാണ് വിശ്വാസം. ഈ ദിവസം എന്ത് നല്ല കാര്യം തുടങ്ങുന്നതിനും മുഹൂർത്തം നോക്കേണ്ട ആവശ്യമില്ല. മംഗളകാര്യങ്ങൾ ചെയ്യുന്നതിന്, കല്യാണം, വീട് പാർക്കൽ, പുതിയ ആഭരണം, വസ്ത്രം, വാഹനങ്ങൾ, വസ്തുക്കള്‍ വാങ്ങുക ഇവയെല്ലാം ചെയ്യുന്നതിന് പറ്റിയ ദിവസമാണ് അക്ഷയതൃതീയ എന്നാണ് വിശ്വാസം. ഈ സവിശേഷ ദിനത്തിൽ അന്നദാനം, കന്യാദാനം, ഗോദാനം, വസ്ത്രദാനം, വിദ്യാദാനം ഇവ ചെയ്യുന്നത് വളരെ നല്ലതാണ്. അക്ഷയ ത്രിതീയ ദിനത്തിലെ ദാനത്തിലൂടെ നൽകുന്നയാൾക്ക് മാത്രമല്ല അദ്ദേഹത്തിന്റെ വംശപരമ്പരയ്ക്കുകൂടി പുണ്യം ലഭിക്കുന്നു. പക്ഷേ അർഹരായവർക്ക് ചെയ്യേണ്ട ഒരു മഹത്കർമമാണ് ദാനം.
ശ്രീകൃഷ്ണൻ കുചേലനെ കുബേരനാക്കിയത് ഈ ദിവസമാണ്. അക്ഷയതൃതീയ ദിവസമാണ് ശ്രീകൃഷ്ണൻ പാഞ്ചാലിക്ക് അക്ഷയപാത്രം സമ്മാനിച്ചത്. അക്ഷയം എന്നാൽ ഒരിക്കലും നാശിക്കാത്തത്, എത്ര എടുത്താലും തീരാത്തത് എന്നെല്ലാമാണ് അർഥം. ശ്രീശങ്കരാചാര്യർ കനകധാരാസ്തോത്രം ചൊല്ലി ലക്ഷ്മി ദേവിയെ പ്രസാദിപ്പിച്ച് സ്വർണനെല്ലിക്ക വർഷിച്ച് ഒരു ഭക്തയുടെ ദാരിദ്ര്യദുഃഖം മാറ്റിയതും ഈ അക്ഷയതൃതീയ ദിനത്തിലാണ്.
വ്യാസമഹർഷി മഹാഭാരതം എഴുതി തുടങ്ങിയതും ഗണപതി ഇത് പകർത്തി എഴുതി തുടങ്ങിയതും ഈ ദിവസമാണ്. യോഗനിദ്രയിൽ നിന്നും വിഷ്ണു ഭഗവാൻ ഉണരുന്ന സുദിനമാണ് അക്ഷയതൃതീയ ദിനം. ഈ ദിവസം വിഷ്ണു ഭക്തർ ഒരു ദിവസത്തെ വ്രതമെടുത്ത് വിഷ്ണുവിനേയും ലക്ഷ്മീഭഗവതിയേയും പൂജിക്കുന്നു. ഈ പുണ്യദിനത്തിൽ ദാനധർമങ്ങള്‍ നടത്തുന്നതും പുണ്യഗ്രന്ഥങ്ങൾ വായിക്കുന്നതും പൂജ, ജപം മുതലായ സൽക്കർമങ്ങൾ ചെയ്യുന്നതും വളരെ നല്ലതാണ്.
അക്ഷയതൃതീയ ദിവസം ചെയ്യുന്ന കർമങ്ങളെല്ലാം അക്ഷയഫലത്തെ പ്രദാനം ചെയ്യുന്നു എന്ന് വിഷ്ണു പുരാണത്തിൽ പറയുന്നു. ഈ ദിവസം പുണ്യകര്‍മങ്ങൾ ചെയ്താൽ സർവപാപങ്ങളിൽ നിന്ന് മുക്തിയും അക്ഷയപുണ്യവും കീർത്തിയും ധനവർധനവുമാണ് ഫലം.