വീണ്ടും സ്വർണത്തേരോട്ടം; വില ഇന്നും മുന്നേറി റെക്കോർഡിന് തൊട്ടരികെ, രണ്ടാഴ്ചയ്ക്കിടെ പവന് കൂടിയത് 2,500 രൂപയിലേറെ

Mail This Article
ആഭരണപ്രിയരെയും വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്കായി സ്വർണാഭരണം വാങ്ങാൻ ശ്രമിക്കുന്നവരെയും കടുത്ത ആശങ്കയിലാഴ്ത്തി സ്വർണവില കുതിച്ചുമുന്നേറുന്നു. കേരളത്തിൽ പവന് ഇന്ന് ഒറ്റയടിക്ക് 520 രൂപ കൂടി 64,280 രൂപയും ഗ്രാമിന് 65 രൂപ ഉയർന്ന് 8,035 രൂപയുമായി.

എട്ടു ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് പവൻ വീണ്ടും 64,000 രൂപയും ഗ്രാം 8,000 രൂപയും ഭേദിച്ചത്. ഈമാസം 11ന് രേഖപ്പെടുത്തിയ പവന് 64,480 രൂപയും ഗ്രാമിന് 8,035 രൂപയുമാണ് കേരളത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന വില. അതു മറികടക്കാൻ പവന് മുന്നിലുള്ളത് 200 രൂപയുടെ അകലം മാത്രം, ഗ്രാമിന് മുന്നിൽ 25 രൂപയും.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം പവന് 2,640 രൂപയും ഗ്രാമിന് 330 രൂപയും കൂടിയിട്ടുണ്ട്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസും ചേരുമ്പോൾ സ്വർണാഭരണത്തിന്റെ വാങ്ങൽവില ഇതിലും കൂടുതലാണെന്നതാണ് ഉപഭോക്താക്കളെ വലയ്ക്കുക. വിവാഹാവശ്യങ്ങൾക്കും മറ്റും വലിയ അളവിൽ സ്വർണാഭരണങ്ങൾ വാങ്ങുന്നവർക്കാണ് കൂടുതൽ തിരിച്ചടി. സ്വർണാഭരണം വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്നത് സംബന്ധിച്ച് ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം (Read more). 18 കാരറ്റ് സ്വർണവിലയും ഇന്ന് ഗ്രാമിന് 55 രൂപ കുതിച്ച് 6,610 രൂപയായി. വെള്ളി വില ഗ്രാമിന് 107 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു.
പ്രധാന വില്ലൻ ട്രംപ്
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രണ്ടാമതും അധികാരത്തിലേറിയശേഷം ആരംഭിച്ച ‘താരിഫ്’ യുദ്ധമാണ് സ്വർണവില കുതിച്ചുയരാൻ മുഖ്യകാരണം. രാജ്യാന്തരവില ഔൺസിന് 30 ഡോളറോളം ഉയർന്ന് 2,939 ഡോളറിലെത്തി. ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത് 2,927 ഡോളറിൽ.

ലോക സമ്പദ്‍വ്യവസ്ഥയെ തന്നെ താറുമാറാക്കുംവിധവും രാജ്യങ്ങൾക്കിടയിലെ നയതന്ത്രബന്ധം വഷളാക്കുന്നവിധവും ട്രംപ് ഉയർത്തുന്ന കനത്ത ഇറക്കുമതി തീരുവ ഭാരം, സ്വർണത്തിന് ആഗോളതലത്തിൽ ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ സമ്മാനിക്കുകയാണ്. ട്രംപ് സൃഷ്ടിച്ച പ്രതിസന്ധികൾക്ക് അയവുവരുംവരെ നിക്ഷേപം താൽകാലികമായി ‘സൂക്ഷിക്കാൻ’ ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണനിക്ഷേപ പദ്ധതികളെ തിരഞ്ഞെടുക്കുകയാണ് നിക്ഷേപകർ.

പുറമേ, ഇന്ത്യയടക്കം പല രാജ്യങ്ങളും വിദേശനാണയ ശേഖരത്തിലേക്ക് ഡോളറിനു പകരം സ്വർണം വൻതോതിൽ വാങ്ങിക്കൂട്ടുന്നതും ഇന്ത്യയിൽ ഇറക്കുമതി വർധിച്ചതും സ്വർണവില വർധിക്കാനൊരു കാരണമാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ന്നതു മൂലം ഇറക്കുമതിച്ചെലവ് വർധിച്ചതും ആഭ്യന്തര വിലയിൽ പ്രതിഫലിക്കുന്നു.
പൊതുവേ യുദ്ധകാലവും സ്വർണവില കുതിക്കുന്ന കാലമാണ്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് തീരശീല താഴ്ത്താൻ അമേരിക്ക മുൻകൈ എടുക്കുന്നുണ്ടെങ്കിലും ഏകപക്ഷീയമായ ഈ നീക്കത്തെ യൂറോപ്യൻ രാഷ്ട്രങ്ങൾ പിന്തുണയ്ക്കാത്തത് യുദ്ധം നീളുമോ എന്ന ആശങ്ക സൃഷ്ടിക്കുന്നു. ഇതും ഫലത്തിൽ സ്വർണത്തിനാണ് അനുകൂലം.

യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ കഴിഞ്ഞ പണനയ നിർണയ യോഗത്തിന്റെ മിനുട്സ് ഉടൻ പുറത്തുവരും. പലിശഭാരം കുറയ്ക്കുന്നത് സംബന്ധിച്ച പ്രസ്താവനകളുണ്ടാകുമോ എന്നാണ് ഏവരുടെയും ഉറ്റുനോട്ടം. അടിസ്ഥാന പലിശനിരക്ക് ധൃതിപിടിച്ചു കൂട്ടില്ലെന്ന നിലപാടാണ് മിനുട്സിലും കാണുന്നതെങ്കിൽ സ്വർണവിലക്കുതിപ്പിന്റെ വേഗം കുറയും. മറിച്ചാണെങ്കിൽ, സ്വർണത്തെ കാത്തിരിക്കുന്നത് കൂടുതൽ മുന്നേറ്റമായിരിക്കും.
പണിക്കൂലി ഉൾപ്പെടെ ഇന്നത്തെ വില
3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, മിനിമം 5% പണിക്കൂലി എന്നിവ ചേർന്നാൽ ഇന്നു കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാൻ 69,574 രൂപ നൽകണം. ഒരു ഗ്രാം സ്വർണാഭരണത്തിന് 8,697 രൂപയും. ഇന്നലെ പവന്റെ വാങ്ങൽവില 69,011 രൂപയായിരുന്നു; ഗ്രാമിന്റേത് 8,626 രൂപയും.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business