കുട്ടികളുടെ ഹോംവര്‍ക് രക്ഷിതാക്കള്‍ക്കൊരു ടാസ്കാണോ? അടിയും അലര്‍ച്ചയും ഇല്ലാതെ ഗൃഹപാഠം ചെയ്യിക്കാം
Mail This Article
സ്‌കൂളില്‍ നിന്ന് ഒരു ലോഡ് ഹോംവര്‍ക്കുമായാണ് മിക്ക കുട്ടികളും വീട്ടിലെത്തുന്നത്. കുട്ടികളെക്കാളുപരി ഈ ഹോംവര്‍ക്ക് ഒരു ടാസ്‌കാവുന്നത് രക്ഷിതാക്കള്‍ക്കാണ്. ഹോം വര്‍ക്ക് ചെയ്യാനുള്ള കുട്ടികളുടെ മടി തന്നെയാണ് പ്രധാന പ്രശ്‌നം. സ്‌കൂളില്‍ നിന്നു കൊടുത്തുവിട്ടിരിക്കുന്ന വര്‍ക്കുകള്‍ ചെയ്യാന്‍ മാതാപിതാക്കള്‍ കൂടെയിരിക്കുകയോ, ചെയ്തുകൊടുക്കുകയോ വേണ്ടി വരുമെന്നതാണ് അവസ്ഥ. തുടക്കത്തിലെ ക്ഷമ രക്ഷിതാക്കളില്‍ പലര്‍ക്കും അവസാനം വരെ ഉണ്ടാകാറില്ലാത്തതിനാല്‍ കുട്ടികളില്‍ ചിലരെങ്കിലും തല്ലുകൊളളുന്നതും സ്വാഭാവികം. ചില കാര്യങ്ങള്‍ പരിശോധിച്ചു നോക്കാം.
ഹോംവര്‍ക്കൊരു ബാലികേറാമലയാകുന്നത് എന്തുകൊണ്ട്?
പഠനത്തിനായി സ്‌കൂളില്‍ ഒരുപാട് മണിക്കൂറുകള്‍ ചെലവഴിക്കുന്നവരാണ് വിദ്യാര്‍ഥികള്‍. മിക്ക കുട്ടികള്‍ക്കും സ്‌കൂള്‍ വിട്ടതിനു ശേഷം ശേഷം സ്‌പെഷ്ല്‍ ട്യൂഷനും ഉണ്ട്. ഇതെല്ലാം
കഴിഞ്ഞു ശാരീരികമായും മാനസികമായും തളര്‍ന്നായിരിക്കും നല്ലൊരു ശതമാനം കുട്ടികളും വീട്ടിലെത്തുന്നത്. അവരോടാണ് വീണ്ടും ഹോംവര്‍ക്ക് ചെയ്യാനുള്ള കാര്യം രക്ഷിതാക്കള്‍ ഓര്‍മപ്പെടുത്തുന്നത്. അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍ (2020) നടത്തിയ ഗവേഷണത്തില്‍, നീണ്ട അക്കാദമിക പ്രവര്‍ത്തനങ്ങള്‍ കുട്ടികളുടെ ഏകാഗ്രതയ്ക്കുള്ള കഴിവ് കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഓഫീസ് വിട്ടു വീട്ടില്‍ വന്നതിന് ശേഷം വീണ്ടും ഓഫീസിലെ ജോലികള്‍ ചെയ്യേണ്ടി വരുമ്പോള്‍ രക്ഷിതാക്കള്‍ക്കുണ്ടാവുന്ന 'മടുപ്പ്' കുട്ടികള്‍ക്കും ബാധകമാണ്. 'നിനക്കിവിടെ എന്തിന്റെ കുറവാണ്, കുത്തിയിരുന്ന് പഠിച്ചു കൂടെ' തുടങ്ങിയ ചോദ്യങ്ങളുമായി കുട്ടികളെ സമീപിക്കുന്ന രക്ഷിതാക്കള്‍ ഇക്കാര്യങ്ങള്‍ കൂടെ മനസ്സില്‍ വെക്കണം. അപ്പോള്‍ അല്പം കൂടെ നന്നായി കുട്ടികളെ മനസ്സിലാക്കാനും അവരെ സഹായിക്കാനും രക്ഷിതാക്കള്‍ക്ക് സാധിക്കും.
കഷ്ടപ്പെട്ടല്ല, ഇഷ്ടപ്പെട്ടു ചെയ്യണം ഹോംവര്‍ക്ക്
പല വിദ്യാര്‍ഥികള്‍ക്കും ഹോംവര്‍ക്ക് ചെയ്യുന്നത് ബുദ്ധിമുട്ടുള്ള, താല്പര്യമില്ലാത്ത കാര്യമാണ്. അതിനു മേല്‍പ്പറഞ്ഞ പല കാരണങ്ങളുമുണ്ട്. അതിനാല്‍ കുട്ടികളുടെ മടുപ്പു മാറ്റി അവരില്‍ താല്പര്യമുണ്ടാക്കാന്‍ രക്ഷിതാക്കള്‍ക്ക് ചില ടിപ്‌സുകള്‍ പരീക്ഷിച്ചു നോക്കാം. ഹോംവര്‍ക്ക് ചെയ്തതിനു ശേഷം ചെറിയ സമ്മാനങ്ങള്‍ കൊടുക്കുന്നതോ, കുട്ടികളുടെ നല്ല ഭാവിക്ക് അതെങ്ങനെ ഉപയോഗപ്പെടും എന്നവരെ ബോധ്യപ്പെടുത്തുന്നതോ, പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നതിന് അതെങ്ങനെ സഹായിക്കുമെന്ന് ഓര്‍മപ്പെടുത്തുന്നതോ തുടങ്ങി ഓരോരുത്തരുടേയും യുക്തിക്കനുസരിച്ച് പലവിധ മാര്‍ഗങ്ങളുപയോഗിച്ചു കുട്ടികളെ ഇഷ്ടത്തോടെ ഹോംവര്‍ക്ക് ചെയ്യിക്കാന്‍ പഠിപ്പിക്കാം.
സമയം ക്രമീകരിക്കാം, ഹോംവര്‍ക്ക് ഒരു ശീലമാക്കാം
ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ ചെയ്യുന്നതിന് ഒരു സമയക്രമം പാലിക്കുന്നത് അക്കാര്യം എളുപ്പത്തില്‍ ചെയ്യുന്നതിന് സഹായിക്കുമെന്ന് പ്രശസ്ത ന്യൂറോ സയന്റിസ്റ്റ് ചാള്‍സ്, ദി പവര്‍ ഓഫ് ഹാബിറ്റില്‍ വിശദീകരിക്കുന്നുണ്ട്. ഈ രീതി പരീക്ഷിക്കാവുന്നതാണ്. കുട്ടികളുടെ സ്‌കൂള്‍ സമയത്തിനു യോജിച്ച ഒരു സമയം ഹോംവര്‍ക്ക് ചെയ്യാനായി തിരഞ്ഞെടുക്കണം. എല്ലാ ദിവസവും ആ സമയം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ഈ സമയക്രമത്തിന് മാറ്റം വരുത്തരുത്. ആദ്യം അല്പം ബുദ്ധിമുട്ടാണെങ്കിലും സാവധാനം കുട്ടികള്‍ ആ സമയക്രമത്തിന് തങ്ങളെത്തന്നെ ക്രമപ്പെടുത്തും. പിന്നീടൊരിക്കലും ഹോംവര്‍ക്ക് ചെയ്യാന്‍ അവരെ നിര്‍ബന്ധിക്കേണ്ടി വരില്ല. കാരണം അതവരുടെ ശീലമായി കഴിഞ്ഞു.