മക്കളുമായി ആർക്കും തകർക്കാൻ കഴിയാത്ത വിധത്തിലുള്ള ബന്ധം വേണോ? എങ്കിൽ ഈ ടിപ്സ് ഫോളോ ചെയ്തോളൂ
Mail This Article
മക്കളുമായി ഒരു നല്ല സൗഹൃദം ആഗ്രഹിക്കാത്ത മാതാപിതാക്കളുണ്ടോ? സ്കൂൾ വിട്ട് വന്നാൽ അന്നു നടന്ന സംഭവങ്ങളെല്ലാം വള്ളിപുള്ളി വിടാതെ തുറന്നു പറയുന്ന, ഇഷ്ടമില്ലാത്ത എന്തെങ്കിലും കാര്യം സംഭവിച്ചാൽ പേടി കൂടാതെ വീട്ടിൽ അറിയിക്കുന്ന, മാതാപിതാക്കളോട് യാതൊരു വിധത്തിലുള്ള മറച്ചുപിടിക്കലുകളും ഇല്ലാത്ത കുട്ടികൾ. നമ്മുടെ കുട്ടികളും അതുപോലെ തന്നെയാകും. ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. മക്കളുമായി നമ്മൾ സ്ഥാപിക്കുന്ന ബന്ധം പോലെയായിരിക്കും കുട്ടികൾക്ക് തിരിച്ച് ഇങ്ങോട്ടും ഉണ്ടാകുക. ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനം എന്നു പറയുന്നത് ആശയവിനിമയം ആയിരിക്കും. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തിലും ആശയവിനിമയം ഒരു പ്രധാനഘടകമാണ്. വളരുന്നതിന് അനുസരിച്ച് കുട്ടികൾക്ക് മാതാപിതാക്കൾ എല്ലാ വിധത്തിലുമുള്ള പിന്തുണയും നൽകണം. കൂടാതെ, കുട്ടികൾ മനസ്സിലാക്കാനും അവരുമായി 'കണക്ഷൻ' ഉണ്ടാക്കിയെടുക്കാനും മാതാപിതാക്കൾക്ക് കഴിയണം.
മക്കളോട് കാര്യങ്ങൾ തുറന്നു സംസാരിക്കുന്നതും സത്യസന്ധത പുലർത്തുന്നതും അവർക്ക് മാതാപിതാക്കളോട് കൂടുതൽ വിശ്വസ്തത തോന്നിപ്പിക്കും. അത് അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും കുടുംബത്തെയും മാതാപിതാക്കളെയും മനസ്സിലാക്കാൻ അവർ ശ്രമിക്കുകയും ചെയ്യും. കുട്ടികൾ പറയാതെ തന്നെ അവർക്ക് എന്തെങ്കിലും വിഷമമോ ബുദ്ധിമുട്ടോ ഉണ്ടെങ്കിൽ അത് മനസ്സിലാക്കാനും അതിനെക്കുറിച്ച് ചോദിക്കാനും മാതാപിതാക്കൾ തയ്യാറാകണം. മനസ്സിൽ എന്താണോ തോന്നുന്നത് അത് മാതാപിതാക്കളോട് പങ്കുവെയ്ക്കാൻ തരത്തിലുള്ള സ്വാതന്ത്ര്യം തങ്ങൾക്ക് ഉണ്ടെന്ന് കുട്ടികൾക്ക് തോന്നണം. അവരുടെ വിശേഷങ്ങൾ എത്ര ചെറുതായാലും വലുതായാലും അത് ശ്രദ്ധയോടെ കേൾക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം.
അവരെ ശ്രദ്ധയോടെ കേൾക്കുക
ഇന്നത്തെ കാലത്ത് എല്ലാവരും തിരക്കാണ്. ഒരു അഞ്ചു മിനിറ്റ് നേരം കുട്ടികളുടെ കാര്യം ശ്രദ്ധിക്കാനോ അവർ പറയുന്നത് കേൾക്കാനോ പലർക്കും സമയമില്ല. നല്ലൊരു ആശയവിനിമയത്തിന് നിർബന്ധമായും വേണ്ട കാര്യങ്ങളിൽ ഒന്ന് പറയുന്നത് ശ്രദ്ധയോടെ കേൾക്കുക എന്നതാണ്. കുട്ടികൾ എന്തെങ്കിലും കാര്യം പറയുമ്പോൾ പൂർണശ്രദ്ധയോടെ അത് കേൾക്കുക. വെറുതെ കേൾക്കുകയല്ല അവർ പറയുന്നത് എന്താണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുക. കുട്ടികൾ എന്തെങ്കിലും കാര്യം പറയുമ്പോൾ അവരുടെ മുഖത്ത് നോക്കി ശ്രദ്ധിച്ചിരിക്കുക. ചില ചോദ്യങ്ങൾ ഒക്കെ ചോദിക്കുക. കുട്ടികൾ പറയുന്ന കാര്യങ്ങൾ കേൾക്കാൻ നമുക്ക് താൽപര്യമുണ്ടെന്ന് അവർക്ക് തോന്നണം. കുട്ടിയുമായി സംസാരിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ, ടിവി പോലെയുള്ളവ ഒഴിവാക്കുക. ഇത് കുട്ടികളിൽ മറ്റെന്തിനേക്കാളും താനാണ് മാതാപിതാക്കൾക്ക് പ്രധാനപ്പെട്ടയാൾ എന്ന തോന്നൽ ഉണ്ടാക്കും. ഇത് മാതാപിതാക്കളോട് കൂടുതൽ അടുപ്പം സൂക്ഷിക്കാനും കാരണമാകും.
കുട്ടികളുടെ ലോകം മനസ്സിലാക്കുക
മുൻവിധികളൊന്നുമില്ലാതെ വേണം കുട്ടികൾ പറയുന്നത് കേൾക്കാൻ. അവരുടെ വികാരങ്ങൾ മനസ്സിലാക്കാൻ സാധിക്കണം. അനുകമ്പയോടെ, ക്ഷമയോടെ കുട്ടികൾ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയണം. കുട്ടികൾ കൂടുതൽ തുറന്ന് സംസാരിക്കണമെങ്കിൽ മുൻവിധികളില്ലാതെ നമ്മൾ അതിനെ സമീപിക്കുന്നവർ ആയിരിക്കണം. കുട്ടികളെ പറയുന്നത് കേട്ട് അവരെ കാരണമില്ലാതെ കുറ്റപ്പെടുത്താൻ തുടങ്ങിയാൽ കുട്ടികൾ കാര്യങ്ങൾ തുറന്നു പറയുന്നത് പതിയെ കുറയ്ക്കും. 'ഞാൻ ഇത് പറഞ്ഞാൽ അച്ഛനും അമ്മയും എന്ത് വിചാരിക്കും' എന്ന തോന്നൽ കുട്ടികളിൽ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. കുട്ടികൾ അവരുടെ സന്തോഷം, സങ്കടം, ദേഷ്യം, സംശയം എന്നിവ പങ്കുവെയ്ക്കുമ്പോൾ അത് ക്ഷമയോടെ കേട്ടിരിക്കണം. 'എന്തുകൊണ്ടാണ് നീ അങ്ങനെ ചെയ്തതെന്ന് എനിക്ക് മനസ്സിലായി' എന്ന് കുട്ടിയോട് പറയുമ്പോൾ തന്റെ വാക്കുകൾക്ക് മാതാപിതാക്കൾ വില കൽപിക്കുന്നുണ്ടെന്നൊരു തോന്നൽ കുട്ടിയിൽ ഉണ്ടാകും.
കുട്ടികൾക്ക് ഒപ്പം സമയം ചെലവഴിക്കുക
കുട്ടികൾക്ക് ഒപ്പം സമയം ചെലവഴിക്കാൻ ശ്രദ്ധിക്കണം. മാതാപിതാക്കളുടെ തിരക്കേറിയ ജീവിതം പലപ്പോഴും കുട്ടികൾക്ക് ഒപ്പം സമയം പങ്കുവെയ്ക്കുന്നതിന് തടസമാകും. എന്നാൽ, ജോലി തിരക്കിനിടയിലും കുട്ടികൾക്ക് വേണ്ടി സമയം മാറ്റി വെയ്ക്കുമ്പോൾ മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം ദൃഢമാകുകയാണ് ചെയ്യുന്നത്. ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കുക, ഒരുമിച്ച് നടക്കാൻ പോകുക, ഉറങ്ങാൻ പോകുന്നതിനു മുമ്പ് കുറച്ച് സമയം വർത്തമാനം പറയുക എന്നിവയെല്ലാം അതിൽ ഉൾപ്പെടുത്താവുന്നതാണ്. ഒന്നിൽ കൂടുതൽ കുട്ടികൾ ഉണ്ടെങ്കിൽ ഓരോ കുട്ടിയുടെ ഒപ്പവും പ്രത്യേകം പ്രത്യേകം സമയം ചെലവഴിക്കണം. ചിലപ്പോൾ സഹോദരങ്ങളുടെ മുമ്പിൽ വെച്ച് മുഴുവൻ കാര്യങ്ങളും തുറന്ന് പറയാൻ കുട്ടികൾക്ക് കഴിയണമെന്നില്ല. അതുകൊണ്ടു തന്നെ കുട്ടികളുടെ സ്വകാര്യതയെ ചെറിയ പ്രായത്തിൽ തന്നെ നമ്മൾ മാനിക്കണം. ഒരുമിച്ച് കളികളിൽ ഏർപ്പെടുമ്പോഴും ഭക്ഷണം പാചകം ചെയ്യുമ്പോഴും കുറച്ച് കൂടി റിലാക്സ്ഡ് ആയി സംസാരിക്കാൻ കഴിയും.