സ്വർണം, വെള്ളി, എമറാൾഡ്...കപ്പൽനിധികളിൽ ഏറ്റവും വിലയേറിയത്; ഇന്നും കടൽ രഹസ്യം!
Mail This Article
ലോകത്തിന്റെ പല ഭാഗങ്ങളിലും കടലിൽ മുങ്ങിപ്പോയ കപ്പലുകളും അവയിലെ അമൂല്യമായ നിധികളും പുരാവസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മുങ്ങിപ്പോയവയിൽ ഏറ്റവും ‘വിലയേറിയ’ കപ്പൽ ഏതാണ്? ഒരൊറ്റ ഉത്തരമേയുള്ളൂ. സ്പാനിഷ് കപ്പലായ സാൻ ഹോസെ. 1708 ജൂൺ എട്ടിന് പാനമയിൽനിന്ന് കൊളംബിയയിലേക്കുള്ള യാത്രയ്ക്കിടെ ബ്രിട്ടിഷ് പടക്കപ്പലുകളുമായുള്ള ഏറ്റുമുട്ടലിൽ സാൻ ഹോസെ ഉൾപ്പെടെയുള്ള കപ്പൽ വ്യൂഹം കടലിൽ മുങ്ങിത്താഴുകയായിരുന്നു. മൂന്നു നൂറ്റാണ്ടു കാലം ആരുമറിയാതെ ഈ കപ്പൽ കടലിന്റെ ആഴങ്ങളിൽ മറഞ്ഞു കിടന്നു. എന്നാൽ 2015ൽ ഒരു കൂട്ടം ഗവേഷകർ അതിന്റെ സ്ഥാനം കണ്ടെത്തി. ഇന്നും കൊളംബിയയുടെ രാജ്യ രഹസ്യങ്ങളിലൊന്നാണ് ഈ കപ്പലിന്റെ സ്ഥാനം എവിടെയാണെന്നത്.
ഒരാളോടു പോലും പറയാതെ ഒളിക്കാൻ തക്കവിധം എന്താണ് സാൻ ഹോസെയിൽ ഉണ്ടായിരുന്നത്? ആരെയും ഞെട്ടിക്കുന്ന വിധത്തിലുള്ള നിധിയായിരുന്നു കപ്പലിൽ ഉണ്ടായിരുന്നതെന്നതാണു സത്യം. സ്വർണം, വെള്ളി നാണയങ്ങളും എണ്ണിയാലൊടുങ്ങാത്തത്ര എമറാൾഡും പലതരം കരകൗശല വസ്തുക്കളുമായിരുന്നു കപ്പലിൽ. ബൊളീവിയയിലെ പൊട്ടോസിയിൽനിന്നായിരുന്നു ഇവയെല്ലാം ശേഖരിച്ചത്. ഇവയുടെ ഇന്നത്തെ മൂല്യം 170 കോടി ഡോളർ വരും. അതായത് രൂപയിൽ കണക്കാക്കിയാൽ ഏകദേശം 12,000 കോടി! സ്വർണനാണയങ്ങൾ മാത്രം 1.1 കോടി എണ്ണമുണ്ടായിരുന്നു. ഓരോന്നിലും 92 ശതമാനവും സ്വർണവുമായിരുന്നു.
കൊളംബിയയിലെ കാർട്ടിജീന തീരത്തു നിന്നു മാറിയായിരുന്നു കപ്പൽ മുങ്ങിയത്. ഇതിന്റെ കൃത്യമായ സ്ഥാനം തേടി നിധിവേട്ടക്കാർ ഏറെ അലഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഈ നിധിയടങ്ങിയ കപ്പൽ മുങ്ങിയതിനെത്തുടർന്ന് യൂറോപ്പിലെ ഉൾപ്പെടെ പല വ്യവസായങ്ങളും തകർന്നടിഞ്ഞിരുന്നു. അത്രയേറെ വ്യവസായികളായിരുന്നു കപ്പലിൽ നിക്ഷേപം നടത്തിയിരുന്നത്. എന്നാൽ ബ്രിട്ടിഷുകാരുമായി സ്പാനിഷ് പട നിരന്തരം ഏറ്റുമുട്ടിയിരുന്ന നാളുകളായിരുന്നു അത്. മൂന്നു വമ്പൻ കപ്പലുകളുടെ വ്യൂഹമായിരുന്നു സാൻ ഹോസെ. ഏകദേശം 600 പേരുമായിട്ടായിരുന്നു കപ്പൽ മുങ്ങിത്താഴ്ന്നത്. അതിനു മുൻപ് കപ്പലിൽനിന്നുള്ള വിലയേറിയ വസ്തുക്കൾ ശേഖരിക്കാൻ ബ്രിട്ടിഷുകാർ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
വുഡ്സ് ഹോൾ ഓഷ്യാനോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂഷൻ (ഡബ്ല്യുഎച്ച്ഒഐ) എന്ന കൂട്ടായ്മയാണ് ഒടുവിൽ നിധിക്കപ്പലിന്റെ സ്ഥാനം കണ്ടെത്തിയത്. ആർഇഎംയുഎസ് 6000 എന്ന അണ്ടർവാട്ടർ വെഹിക്കിൾ ഉപയോഗിച്ചായിരുന്നു കണ്ടെത്തൽ. 2011സ്‍ എയർ ഫ്രാൻസിന്റെ അവശിഷ്ടം കണ്ടെത്താനും 2010ൽ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളുടെ ചിത്രങ്ങളെടുക്കാനും സഹായിച്ചത് ഇതേ വെഹിക്കിളായിരുന്നു. ഡോൾഫിനുകളുടെ ചിത്രം കൊത്തിയ വെങ്കല പീരങ്കികളായിരുന്നു സാൻ ഹോസെ കപ്പൽ വ്യൂഹത്തിന്റെ അടയാളം. കപ്പലിൽ അവ തിരിച്ചറിഞ്ഞാണ് കണ്ടെത്തിയത് സാൻ ഹോസെ തന്നെയാണെന്ന് ഡബ്ല്യുഎച്ച്ഒഐ ഉറപ്പിച്ചത്.
ഇപ്പോഴും കടലിന്റെ അടിത്തട്ടിയിൽ തന്നെയാണ് ഈ നിധിക്കപ്പൽ. നിധി പുറത്തെടുത്താൽ ആർക്കാണ് ഉടസ്ഥാവകാശം എന്ന കാര്യത്തിൽ തർക്കം തുടരുന്നതാണു പ്രശ്നം. സ്പെയിൻ, കൊളംബിയ തുടങ്ങിയ വിവിധ രാജ്യങ്ങളും ഒട്ടേറെ സ്വകാര്യ കമ്പനികളും കപ്പലിന്മേൽ അവകാശവാദം ഉന്നയിക്കുന്നുണ്ട്. കേസ് കോടതിയിലുമാണ്. കണ്ടെത്തുന്ന വസ്തുക്കൾക്കായി ഒരു പ്രത്യേക മ്യൂസിയംതന്നെ പണിയാനാണ് കൊളംബിയ സർക്കാരിന്റെ തീരുമാനം. പക്ഷേ എവിടെയാണ് കപ്പലെന്നോ എന്നാണ് അതിലെ വസ്തുക്കൾ പുറത്തെടുക്കുകയെന്നോ ഇതുവരെ സർക്കാർ വ്യക്തമാക്കിയിട്ടില്ല. അതോ കപ്പലിലെ വസ്തുക്കളെല്ലാം സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയോ? അതിനും ഇതുവരെ ഉത്തരമായിട്ടില്ലെന്നതാണു സത്യം.
English Summary : San Jose shipwreck treasure